- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്മാരുടെ ലൈംഗിക അടിമകള്‍; 17 മണിക്കൂര്‍ ജോലിക്ക് ആയിരം രൂപ ശമ്പളം; ഡബ്ല്യൂസിസിക്കുപോലും വേണ്ടാത്തവര്‍; ജൂനിയര്‍ ആര്ട്ടിസ്റ്റുകളുടെത് ആടുജീവിതം!
കൊച്ചി: മലയാള സിനിമയില്‍ യഥാര്‍ത്ഥത്തിലുള്ള 'ആടുജീവിതം' നയിക്കുന്നവരാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. പട്ടിപ്പണി, പിച്ചക്കാശ് എന്ന നിലയിലാണ് ഇവരുടെ ജീവിതം. മിക്കപ്പോഴും ഗതികേടുകൊണ്ട് നടന്മാരുടെ ലൈംഗിക അടിമകള്‍ ആവേണ്ട ബാധ്യതയും ഇവര്‍ക്ക് വന്നുചേരുകയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ദുരിത ജീവിതത്തെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും, പ്രമുഖരുടെ പീഡന പരാതികള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോവുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാന്‍ ആരാണുള്ളതെന്നും, സിനിമ മേഖലയില്‍ വിപ്ലവം ഉണ്ടാക്കിയെന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകള്‍ എന്തുകൊണ്ടാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാത്തതെന്നും […]
കൊച്ചി: മലയാള സിനിമയില്‍ യഥാര്‍ത്ഥത്തിലുള്ള 'ആടുജീവിതം' നയിക്കുന്നവരാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. പട്ടിപ്പണി, പിച്ചക്കാശ് എന്ന നിലയിലാണ് ഇവരുടെ ജീവിതം. മിക്കപ്പോഴും ഗതികേടുകൊണ്ട് നടന്മാരുടെ ലൈംഗിക അടിമകള്‍ ആവേണ്ട ബാധ്യതയും ഇവര്‍ക്ക് വന്നുചേരുകയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ദുരിത ജീവിതത്തെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും, പ്രമുഖരുടെ പീഡന പരാതികള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോവുകയാണ്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാന്‍ ആരാണുള്ളതെന്നും, സിനിമ മേഖലയില്‍ വിപ്ലവം ഉണ്ടാക്കിയെന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകള്‍ എന്തുകൊണ്ടാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാത്തതെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇന്ന് തുറന്നടിച്ചിട്ടുണ്ട്. -"സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഡബ്ല്യൂസിസി അല്ല. അവര്‍ക്ക് അവരുടേതായ ഒരുപാട് കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് എന്തുകൊണ്ടാണ് ഡബ്ല്യൂസിസി പ്രതികരിക്കാത്തത്. സമൂഹമാദ്ധ്യമത്തില്‍ ഒരു വരി എഴുതിയത് കൊണ്ട് ഇവിടെ ഒന്നും ഉണ്ടാകില്ല.ഡബ്ല്യൂസിസി ഒരു കൂട്ടായ്മ മാത്രമാണ്. സംഘടനയായിട്ട് പോലും അവര്‍ അത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനൊരു പ്രസിഡന്റില്ല, സെക്രട്ടറിയില്ല. ഒന്നിനും ഒരു വ്യക്തതയില്ലാത്ത കൂട്ടായ്മയാണിത്. അവരാണ് ആദ്യത്തേയും അവസാനത്തേയും പരിഷ്‌കര്‍ത്താക്കള്‍ എന്ന് പറയുന്നതിനോട് എനിക്ക് ഒരു യോജിപ്പുമില്ല'- ഭാഗ്യലക്ഷ്മി ഒരു ചാനലിനോട് പ്രതികരിച്ചു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുവേണ്ടി, ആക്റ്റ ഫെഡറേഷന്‍ എന്ന ഒരു സംഘടനയുണ്ടെങ്കിലും അവര്‍ക്ക് കാര്യമായ വിലപേശല്‍ ശേഷിയില്ല. തങ്ങള്‍ക്ക് പലപ്പോഴും യാത്രാസൗകര്യംപോലും നല്‍കുന്നില്ല എന്നാണ് ആക്റ്റയുടെ പ്രസിഡന്റ് ശിഹാബ് മട്ടോഞ്ചരി പറയുന്നത്. രാത്രി വൈകി ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ മണിക്കൂറുകള്‍ നടന്നുപോവേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കിട്ടുക പകുതി തുക മാത്രം
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കോഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ വലിയ തോതില്‍ തട്ടിപ്പ് നടത്തുന്നുണ്ട്. പ്രതിദിനം 2000 രൂപയോളം എഴുതിവാങ്ങിയിട്ട് പകുതി തുകമാത്രമാണ് ഇവര്‍ക്ക് കൊടുക്കുക. ചില സംവിധായകര്‍ ഇത് കൈയോടെ പിടിച്ച്, അവര്‍ നേരിട്ട് പറഞ്ഞ തുക മുഴുവന്‍ കൊടുത്ത സംഭവം ഉണ്ടായിട്ടുണ്ട്.
സെറ്റുകളില്‍ അടിമകളെക്കാള്‍ ദുരിതമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്നത് എന്ന് ഹേമാ കമീഷന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഭയംകാരണം കമ്മിഷനുമുന്നിലെത്തി പ്രശ്നങ്ങള്‍ തുറന്നുപറയാന്‍പോലും ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടനിലക്കാര്‍ മുഖേന സിനിമാ സെറ്റുകളിലെത്തുന്ന ആര്‍ട്ടിസ്റ്റുകളില്‍ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളാണ്. ഇടനിലക്കാര്‍ നല്‍കിയ ഫോണ്‍നമ്പറുകളിലൂടെ ഇവരില്‍ പലരെയും കമ്മിഷന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും വാട്‌സാപ്പോ ഇ-മെയിലോ ഇല്ലെന്നും കമ്മിഷന്‍ കണ്ടെത്തി.
സെറ്റില്‍ രാവിലെ 7 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 2 വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമുള്ള സൗകര്യം ലഭിക്കാറില്ല. ശുചിമുറി ഉണ്ടെങ്കില്‍ തന്നെ അതുപയോഗിക്കാന്‍ കോ ഓര്‍ഡിനേറ്ററുടെ അനുവാദം വാങ്ങണം. അമ്മ, ഫെഫ്ക അടക്കമുള്ള ചലച്ചിത്ര സംഘടനകള്‍ ഇവരെ കലാകാരന്‍മാരായോ സാങ്കേതിക പ്രവര്‍ത്തകരായോ അംഗീകരിച്ചിട്ടില്ല. നായികമാര്‍ക്ക് കാരവന്‍ ഉണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പ്രാഥമിക ആവശ്യങ്ങള്‍ക്ക് അതുപയോഗിക്കാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അനുവദിക്കില്ല.
വിദൂര പ്രദേശത്ത് ഷൂട്ടിങ് നടക്കവേ, സ്വഭാവ നടിമാരിലൊരാള്‍ 25,000 രൂപയ്ക്ക് കാരവന്‍ വാടകയ്ക്കെടുത്ത് ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രാഥമിക ആവശ്യത്തിന് സൗകര്യമൊരുക്കി. ഇതു സെറ്റില്‍ വന്‍ പ്രശ്നമായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് അനുകമ്പ കാട്ടിയതിനു നടിക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നു ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രമുഖരുടെ പീഡനവിവാദങ്ങള്‍ക്ക് പിറകേ പോവുന്ന മാധ്യമങ്ങളും ഇത് അവഗണിക്കയാണ്. സര്‍ക്കാറും ഈ വിഷയത്തില്‍ ഒന്നും ചെയ്യുന്നില്ല.
ലൈംഗിക ചൂഷണവും വ്യാപകം
പറഞ്ഞുറപ്പിക്കുന്ന തുകയെക്കാള്‍ തുച്ഛമാണ് അഭിനയിച്ചുകഴിയുമ്പോള്‍ നല്‍കുന്നത്. ലൈംഗികചൂഷണത്തിനും വിധേയമാകുന്നു. അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് സമ്മതമെങ്കില്‍ മാത്രം അവസരമെന്ന കരാറിന്മേലാണ് ഇടനിലക്കാര്‍ ഇവരെ സെറ്റുകളില്‍ എത്തിക്കുന്നത്. അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പുറത്താണ് സിനിമയ്ക്കുള്ളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. ഡബ്ല്യൂസിസിക്കുപോലും ഇവരുടെ കാര്യത്തില്‍ യാതൊരു താല്‍പ്പര്യവുമില്ല.
സിനിമാ സംവിധായകരെന്ന പേരില്‍ തട്ടിപ്പു നടത്തുന്നവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതും പതിവാണ്. താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന വ്യാജ വാഗ്ദാനം നല്‍കി ആര്‍ട്ടിസ്റ്റില്‍ നിന്നു ലക്ഷങ്ങള്‍ തട്ടും. ലൈംഗികമായും ചൂഷണം ചെയ്യും. വിശ്വാസമാര്‍ജിക്കാന്‍ ആര്‍ട്ടിസ്റ്റിന്റെ ചിത്രം വച്ചുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമത്തിലിറക്കും. ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മുങ്ങും. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പറയാനുണ്ട്.
സംവിധായകന്‍ വിനയന്‍ പറയുന്നു-"ലൈംഗിക ചൂഷണത്തിനും കാസ്റ്റിംഗ് കൗച്ചിനുമുള്ള ശ്രമങ്ങള്‍ക്കെതിരെ 'നോ' പറഞ്ഞപ്പോള്‍ ഭാവിയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് പല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും എന്നോട് പറഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങള്‍ എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ഇടപെട്ടിട്ടുണ്ട്. ഞാന്‍ ഈ വ്യക്തികളെ വിളിച്ച് ധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് ശക്തമായ ശബ്ദത്തില്‍ പറഞ്ഞിട്ടുണ്ട്"- വിനയന്‍ പറയുന്നു.