- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രണയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെയായി; ഒരു നിവൃത്തിയുമില്ലാതെയാണ് കുറ്റകൃത്യം ചെയ്തത്; ഗ്രീഷ്മയ്ക്ക് ലഭിച്ചത് അധിക ശിക്ഷ'; മേല്‍ക്കോടതിയില്‍ വധശിക്ഷ നിലനില്‍ക്കില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ
മേല്‍ക്കോടതിയില്‍ വധശിക്ഷ നിലനില്‍ക്കില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ
തിരുവനന്തപുരം: 'ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന, സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നത്. ഇത്തരം കേസുകളില്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമം ഒന്നുമില്ല. ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാന്‍ സാധിക്കില്ല'. കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.
ഈ കേസില്‍ ശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയായി ഗ്രീഷ്മ മാറി. ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരന്‍ തമ്പി വധക്കേസില്‍ 2006 മാര്‍ച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷ വിധിച്ചത് നെയ്യാറ്റിക്കര അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, രണ്ട് കേസിലും അഡിഷണല്‍ ജില്ലാ ജഡ്ജി എഎം ബഷീര്‍ തന്നെയാണ് വിധി പറഞ്ഞതെന്നത് മറ്റൊരു സമാനതയാണ്.
എന്നാല്‍ ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് ലഭിച്ച ശിക്ഷ മേല്‍ കോടതിയില്‍ നിലനില്‍ക്കാന്‍ സാദ്ധ്യത കുറവാണെന്ന് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ പറയുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് അധികശിക്ഷ എന്നാണ് തന്റെ അഭിപ്രായം. സുപ്രീം കോടതി വിധികള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമ്മര്‍ദ്ദമാണ് ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കണമായിരുന്നു എന്നും കമാല്‍ പാഷ പറയുന്നു.
കമാല്‍ പാഷ പറഞ്ഞത്: അധിക ശിക്ഷയായാണ് ഇതിനെ കാണുന്നത്. ഒരു സംശയത്തിന്റെയും ആനുകൂല്യമില്ലാത്ത, ജീവപര്യന്തം തീരെ കുറഞ്ഞുപോകുന്ന അപൂര്‍വം കേസുകളിലാണ് വധശിക്ഷ വിധിക്കുക. ഈ കേസിന്റെ വസ്തുതകള്‍ പരിശോധിച്ചാല്‍ വധശിക്ഷ അധിക ശിക്ഷയാണ്. 24 വയസ് മാത്രമാണ് പ്രതിക്ക് പ്രായം. പക്വതയില്ലാത്ത മനസാണ് പെണ്‍കുട്ടിയുടേത്. പ്രണയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെയായി. ഈ കുട്ടി കസ്റ്റഡിയിലിരിക്കെ ലൈസോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ആ സമയം മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു.ഇവന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവച്ചതാണ് കഷായം എന്നാണ് പറഞ്ഞത്. ഇനി എന്നെ ഉപദ്രവിച്ചാല്‍ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അപ്പോള്‍ അത് വെറും കഷായമാണെന്ന് പറഞ്ഞ് അവനെടുത്ത് കുടിക്കുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. തനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടണ്ട എന്ന് ഷാരോണ്‍ പറഞ്ഞുവെന്നും മൊഴിയിലുണ്ട്. ഒരു നിവൃത്തിയുമില്ലാതെയാണ് ഇത് ചെയ്തത്. അത് ശരിയാണെന്ന് പറയുന്നില്ല. കുറ്റകൃത്യം തന്നെയാണ്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ല ഇതെന്നും റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.