ന്യൂഡല്‍ഹി: 13 വര്‍ഷമായി കോമയില്‍ കഴിയുന്ന മുപ്പത്തിരണ്ടുകാരന്‍ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ക്ക് ദയാവധം കോടതി അനുവദിക്കുന്നത്. തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്. 2013 ഓഗസ്റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ(32)യുടെ ശരീരം തളര്‍ന്നത്.

അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നല്‍കുന്നത്. ഓക്‌സിജന്‍ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവര്‍ക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിര്‍ത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാല്‍, ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നും ഇന്‍ജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയില്‍ അനുവദിച്ചിട്ടില്ല.

ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മകന് ദയാവധം നല്‍കണമെന്ന ഹരീഷ് റാണയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചത്. ഇത്തരം കേസുകളില്‍ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല, മറിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

'ഉറക്കവും ഉണര്‍വും ഹരീഷ് റാണക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അര്‍ഥവത്തായ ഇടപെടലുകളൊന്നും സാധ്യമല്ല. എല്ലാ പരിചണര പ്രവര്‍ത്തനങ്ങളും മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു. പ്രത്യേക ട്യൂബിലൂടെ പോഷക ദ്രാവകം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വര്‍ഷങ്ങളായി ആരോഗ്യനിലയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല' -കോടതി ചൂണ്ടിക്കാട്ടി. നിഷ്‌ക്രിയ ദയാവധം രാജ്യത്ത് നിയമവിധേയമാക്കിയ വിധി പ്രകാരമുള്ള നടപടികള്‍ പാലിച്ച് മെഡിക്കല്‍ ബോര്‍ഡിന് ദയാവധം നടപ്പാക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത രോഗികളെ അന്തസ്സോടെ മരിക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടരവേയാണ് ആദ്യമായി ദയാവധം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ വിധി. വിധി പ്രസ്താവിക്കവേ ജസ്റ്റിസ് ജെ.ബി പര്‍ദിവാല കണ്ണീരണിഞ്ഞഉ. ഇതോടെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സുപ്രിം കോടതി സാക്ഷിയായത്.

2018 മാര്‍ച്ച് ഒമ്പതിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് നിഷ്‌ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി ചരിത്രപരമായ വിധി പ്രസ്താവിച്ചത്. രോഗിയെ മരുന്ന് കുത്തിവെച്ച് പെട്ടന്ന് മരിക്കാന്‍ അനുവദിക്കുന്ന രീതിയല്ല നിഷ്‌ക്രിയ ദയാവധം അഥവാ പാസീവ് യുത്തനേസിയ. പകരം, മെഡിക്കല്‍ ട്രീറ്റ്മെന്റ് പൂര്‍ണമായും ഒഴിവാക്കി രോഗിയെ മരിക്കാന്‍ അനുവദിക്കുന്നതാണിത്. മരുന്നുക്കളും ജീവന്‍ രക്ഷാ ഉപകരണങ്ങളും ഇത്തരത്തില്‍ ഘട്ടംഘട്ടമായി ഒഴിവാക്കും.