- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്; നൂറു വയസ്സായ അമ്മയ്ക്ക് മകളില്‍ നിന്നും നീതി; ജീവനാംശത്തില്‍ അപ്പീല്‍ നല്‍കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നു പറഞ്ഞ ന്യായാധിപന്; നീതീപീഠത്തില്‍ 6 വര്‍ഷം: 50,000 കേസുകള്‍ തീര്‍പ്പാക്കി റിക്കോര്‍ഡ്; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ ചരിത്രം രചിക്കുമ്പോള്‍

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50,166 കേസുകള്‍ തീര്‍പ്പാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍. ഇതൊരു അപൂര്‍വ്വ നേട്ടമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ 2020 ഫെബ്രുവരി 13-നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പത്ത് വര്‍ഷം കൊണ്ട് നേടിയ റെക്കോര്‍ഡിന് സമാനമായ നേട്ടമാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ തന്റെ ആറാം വര്‍ഷത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സംസ്ഥാനത്ത് ഒന്നാമതായിരുന്നു. 2024-ല്‍ 11,140 കേസുകളും 2025-ല്‍ 15,026 കേസുകളുമാണ് അദ്ദേഹം തീര്‍പ്പാക്കിയത്.
കേവലം കേസുകള്‍ തീര്‍പ്പാക്കുക എന്നതിലുപരി, സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ ഇരിപ്പിടം ഉറപ്പാക്കണമെന്നും രാഷ്ട്രീയ അതിക്രമങ്ങളുടെ വിളനിലമല്ല കേരളമെന്ന് വോട്ടര്‍മാര്‍ തെളിയിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതിനെക്കുറിച്ച് പരാമര്‍ശിക്കവെ 'അവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് പറയില്ലല്ലോ' എന്ന വിഖ്യാതമായ നിരീക്ഷണവും ഈ ബെഞ്ചില്‍ നിന്നുണ്ടായതാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി ഉത്തരവുകള്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്ന വയോധികര്‍ക്ക് ആശ്വാസമേകുന്ന ഉത്തരവ്, മകള്‍ അഭിഭാഷകയായി എന്റോള്‍ ചെയ്യുന്നത് കാണാന്‍ കൊലക്കേസ് പ്രതിയായ പിതാവിന് പരോള്‍ അനുവദിച്ചത്, നൂറു വയസ്സായ അമ്മയെ മകള്‍ സംരക്ഷിക്കണമെന്ന വിധി എന്നിവ അതില്‍ ചിലതാണ്. ജീവനാംശം നല്‍കുന്നതിനെതിരെ അപ്പീല്‍ നല്‍കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും എല്ലാ ഭാര്യമാരെയും പോറ്റാന്‍ കഴിയില്ലെന്നുമുള്ള നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്‍ നീതിന്യായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുകയാണ്. പ്രശസ്ത മലയാള ചലച്ചിത്ര നടനായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും ലീല അന്തര്‍ജനത്തിന്റെയും മകനായി 1967 മേയ് 22-ന് കണ്ണൂരിലെ പയ്യന്നൂരിലാണ് പുള്ളേരി വാധ്യാരില്ലത്ത് കുഞ്ഞികൃഷ്ണന്‍ ജനിച്ചത്. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഇദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവാണ്. പയ്യന്നൂര്‍ കോറോം ദേവിസഹായം യു.പി സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം, തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജില്‍ നിന്നാണ് നിയമബിരുദം നേടിയത്.
1989-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത കുഞ്ഞികൃഷ്ണന്‍ 1990-ല്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്ന് 1993-ല്‍ തന്റെ പ്രവര്‍ത്തനമേഖല എറണാകുളത്തെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി. തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് , ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്, കോഴിക്കോട് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-ലാണ് സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തെ ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.
നിയമമന്ത്രാലയത്തിന്റെ ചില പുനപരിശോധനകള്‍ക്ക് ശേഷം 2019-ല്‍ കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചു. തുടര്‍ന്ന് 2020 ഫെബ്രുവരി 10-ന് അദ്ദേഹം കേരള ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനാവുകയും ഫെബ്രുവരി 13-ന് സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേല്‍ക്കുകയും ചെയ്തു.


