- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭാര്യയ്ക്ക് 18 കഴിഞ്ഞെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റമല്ലെന്ന് വിധിച്ചത് 2023ല്‍; യോഗി പുകഴ്ത്തല്‍ റദ്ദാക്കിയത് 2024ല്‍; മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന് വിശദീകരിക്കുന്ന 2025; പോക്‌സോ കേസിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയില്‍ ചര്‍ച്ച സജീവം; ബലാത്സംഗത്തിന് പുതിയ നിര്‍വ്വചനവുമായി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര
അലഹബാദ്: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി പരാമര്‍ശം നിയമവിദഗ്ധരില്‍ പോലും ഞെട്ടലായി മാറുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള ആലോചനയിലാണ് പ്രോസിക്യൂഷന്‍.
ഇപ്രകാരം ചെയ്തവര്‍ക്കു മേല്‍ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗ ശ്രമവും ബലാത്സംത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. രണ്ടു യുവാക്കള്‍ക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ പോക്‌സോ കേസിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്‍, ആകാശ് എന്നിവര്‍ക്കെതിരെ ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 2021ലാണു സംഭവം നടന്നത്. ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയ ഇരുവരും അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ സമന്‍സ് അയച്ച കീഴ്‌കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗശ്രമം കുറ്റാരോപിതര്‍ക്കു മേല്‍ ചുമത്തണമെങ്കില്‍ അവര്‍ തയാറെടുപ്പുഘട്ടത്തില്‍നിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ഇതെല്ലാം വരും ദിവസങ്ങളില്‍ വലിയ നിയമ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. കേസില്‍ അപ്പീല്‍ പോയാല്‍ സുപ്രീംകോടതി എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.
ഉത്തര്‍പ്രദേശില്‍ പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന്് കീഴ്ക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ നിരീക്ഷണം. ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ, പൈജാമയുടെ ചരട് പിടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ, കലുങ്കിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതി കലുങ്കിനടുത്തേക്ക് വലിച്ചിഴച്ചകൊണ്ടുപോയെന്നതിനാല്‍ പെണ്‍കുട്ടിയെ നഗ്‌നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികള്‍ പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴ്ക്കോടതിയുടെ കണ്ടെത്തകുള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയും ഇതേ ജഡ്ജിയുടേതായിരുന്നു. 2023ലായിരുന്നു ഈ വിധി. ഇതും രാജ്യം ഏറെ ചര്‍ച്ച ചെയ്തു. പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നല്‍കിയ കേസില്‍ ഭര്‍ത്താവിനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഭര്‍തൃബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര വിശദീകരിച്ചിരുന്നു. ഭാര്യയ്ക്ക് 18 വയസോ അതില്‍ കൂടുതലോ ആണെങ്കില്‍ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാന്‍ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതുവരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. 377-ാം വകുപ്പ് പ്രകാരമുള്ള 'പ്രകൃതിവിരുദ്ധ പീഡന'ത്തിന് വൈവാഹിക ബന്ധത്തില്‍ സ്ഥാനമില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്‍കാല വിധി ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹജീവിതം ദുരിതപൂര്‍ണ്ണമാണെന്നും വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയുമാണെന്നായിരുന്നു ഭാര്യയുടെ പരാതി. ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും ഭാര്യയുടെ പരാതിയിലുണ്ടായിരുന്നു. ഐ.പി.സി. 377 പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിയെങ്കിലും 498 (എ), 323 വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു. ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭര്‍തൃബലാത്സംഗം കുറ്റകരമാക്കുന്നത് 'സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ടുള്ള ജഡ്ജിയുടെ പരാമര്‍ശം തള്ളിയ അലഹബാദ് ഹൈക്കോടതി വിധിയിലൂടെ ശ്രദ്ധേയനായ ജഡ്ജിയാണ് റാം മനോഹര്‍ നാരാണ്‍ മിശ്ര. ജഡ്ജിമാര്‍ ഉത്തരവുകളില്‍ വ്യക്തിപരമായ കാര്യങ്ങളോ മുന്‍വിധിയോ പ്രകടിപ്പിക്കാന്‍ പാടില്ലെന്ന ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ 2024ലെ വിധിയും ഏറെ ചര്‍ച്ചയായിരുന്നു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ രാഷ്ട്രീയവും വ്യക്തിപരമായ വീക്ഷണങ്ങളും അടങ്ങുന്ന അനാവശ്യ പ്രസ്താവനകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയത്. കോടതി ഉത്തരവുകള്‍ പൊതുഉപഭോഗത്തിന് വേണ്ടിയുള്ളതാണ്. ഇത്തരം ഉത്തരവുകള്‍ ജനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രസ്താവനകള്‍ വേണം ജഡ്ജിമാര്‍ നടത്തേണ്ടത്. അതിനാല്‍ തന്നെ ഉത്തരവിന്റെ പേജ് ആറിലെ അവസാന ഖണ്ഡികയില്‍ ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര ഉത്തരവിട്ടത് എറെ ചര്‍ച്ചയായിരുന്നു.
മത നേതാവ് സംസ്ഥാനത്ത് അധികാര കസേരയിലിരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്നായിരുന്നു ഉത്തര്‍ പ്രദേശിലെ ബറേലി ജില്ല അഡീഷനല്‍ ജില്ല ജഡ്ജി രവികുമാര്‍ ദിവാകര്‍ ഉത്തരവില്‍ പറഞ്ഞത്. 2010ല്‍ ബറേലിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ മൗലാന തൗഖീര്‍ റാസാഖാന്റെ വിചാരണക്കിടയിലായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.