കൊച്ചി: മുനമ്പം വിഷയം വിവാദമായി കത്തി നിന്നിരുന്ന സമയത്താണ് തല്‍ക്കാലിക രക്ഷയെന്ന നിലയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍നായര്‍ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍, ഈ നിയമനം പലവിധത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ എത്രകണ്ട് ഇടപെടല്‍ നടത്താന്‍ ഈ കമ്മീഷന് സാധിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനിടെ മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി.

സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ നല്‍കുക എന്നതുമാത്രമാണ് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് എറണാകുളത്തെ കേരള വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചത്. സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു.

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതില്‍ സര്‍ക്കാരിന്റെ അധികാരത്തെ ജനുവരി 24 ന് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വിഷയത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുള്ളത്. കമ്മീഷന്റെ നിയമനം മൂലം ഹര്‍ജിക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും ഒരു ദോഷവും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരെ വക്കം സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. വഖഫ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മിഷന് അധികാരമില്ലെന്നും കമ്മിഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ജസ്റ്റിസ് സി എന്‍ മൂന്ന് വിഷയങ്ങളാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുന്നത്. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവയാണ് കമ്മിഷന്‍ പരിശോധിക്കുക. ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് ശാശ്വതപരിഹാരം കണ്ടെത്തി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാനാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന് സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റ് പ്രകാരമാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്.