തിരുവനന്തപുരം: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാണയിലെ ഫ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന ഞെട്ടിക്കുന്ന രേഖ പുറത്ത്. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തത്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്. പാക്കിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനത്തിനായിരുന്നു ഈ യാത്രകള്‍ എന്നാണ് ആരോപണം. അതായത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ പാക്കിസ്ഥാന്‍ ദൗത്യം പൂര്‍ത്തിയാക്കി. 33-കാരിയായ ജ്യോതി മല്‍ഹോത്ര പലതവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞിരുന്നു. പാക് ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധംപുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു. ഐ എസ് ഐയുടെ ചാരയാണ് ജ്യോതി എന്നാണ് സൂചന.

കേരളത്തില്‍ ജ്യോതിയക്ക് യാത്രയും താമസവും ഒരുക്കി പണവും നല്‍കുകയായിരുന്നു ടൂറിസം വകുപ്പ്. സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലായിരുന്നു ക്ഷണം. കേരള ടൂറിസത്തിന്റെ പുനരുജീവനമായിരുന്നു ലക്ഷ്യം. ജ്യോതി ഉള്‍പ്പെടെ എത്തിച്ചത് 41 പേരെയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് എന്തിന് എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട് യുട്യൂബില്‍ 3 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ജ്യോതി മല്‍ഹോത്ര കേരളത്തില്‍ തന്ത്രപ്രധാന സ്ഥലങ്ങളടക്കം സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. സന്ദര്‍ശന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചെങ്കിലും ഒന്നും പുറത്തുവിട്ടിരുന്നില്ല.

കേരളത്തിലെ തന്ത്രപ്രധാന മേഖലകളടക്കം നിരവധി സ്ഥലങ്ങള്‍ ജ്യോതി സന്ദര്‍ശിച്ചു. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ , ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവയൊക്കെ അതില്‍ ചിലത്. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ , ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, മൂന്നാര്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങള്‍, അതിരപ്പിള്ളി തുടങ്ങിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള വിഡിയോകളില്‍ അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം.

ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, ആലപ്പുഴയിലെ ഹൗസ്‌ബോട്ട് യാത്ര, കോവളം, ജടായുപ്പാറ, വര്‍ക്കല, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്ന മറ്റൊരു വ്‌ലോഗും.