- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിമിഷ പ്രിയ വിഷയത്തില്‍ താന്‍ ഇതുവരെ ലക്ഷങ്ങള്‍ ചെലവാക്കി; പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് തുക നല്‍കണം; അല്ലെങ്കില്‍ തന്റെ എഫ്‌സിആര്‍എ അക്കൗണ്ട് പുനസ്ഥാപിക്കണം; വീണ്ടും പോസ്റ്റുമായി പാസ്റ്റര്‍ കെ എ പോള്‍; നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
നിമിഷ പ്രിയ വിഷയത്തില്‍ താന്‍ ഇതുവരെ ലക്ഷങ്ങള്‍ ചെലവാക്കി
ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും സോഷ്യല്‍ മീഡിയാ പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോള്‍. നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് തുക നല്‍കണമെന്ന് കെഎ പോള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തന്റെ എഫ്‌സിആര്‍എ അക്കൗണ്ട് പുനസ്ഥാപിക്കണം. നിമിഷ പ്രിയ വിഷയത്തില്‍ ലക്ഷങ്ങള്‍ താന്‍ ഇതുവരെ ചെലവാക്കി. പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നല്‍കുന്നത് കാത്തിരിക്കുന്നുകയാണെന്നും പോള്‍ പറഞ്ഞു.
നേരത്തെ, പണം ആവശ്യപ്പെട്ടുള്ള പോസ്റ്റ് തള്ളി വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റുമായി കെഎ പോള്‍ എത്തുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്ന കെഎ പോളിന്റെ പ്രചാരണം. പ്രചാരണം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുകയായിരുന്നു. നിമിഷപ്രിയ കേസില്‍ അമ്പരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെഎ പോള്‍. തന്റെ ഇടപെടലിന്റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ് കെഎ പോള്‍. പിന്നാലെയാണ് ഇപ്പോള്‍ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള പോസ്റ്റ് എക്‌സ് പ്ലറ്റ്‌ഫോമില്‍ ഷെയര്‍ ചെയ്തത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ളതെന്ന് കാട്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഷെയര്‍ ചെയ്തു. പോസ്റ്റ് വന്നയുടനെ ആധികാരികതയില്‍ സംശയം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം തന്നെ ഇക്കാര്യം നിഷേധിച്ച് എക്‌സ് പ്ലറ്റ്‌ഫോമില്‍ പോസ്റ്റിട്ടത്. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിലെ പേ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങള്‍ കെഎ പോളിന് എങ്ങനെ കിട്ടിയെന്നതാണ് ചോദ്യം.
ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമിയും മകളും നേരത്തെ ഒമാനില്‍ കെഎ പോളിന് സമീപത്തെത്തുകയും ഇവര്‍ക്കൊപ്പമുള്ള വീഡിയോകള്‍ കെഎ പോള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, കെഎ പോളിന്റെ അവകാശവാദങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ നിമിഷപ്രിയ ഇതിനോടകം മോചിതയായേനെ.
ഇതിനിടെ വ്യാജ പണപ്പിരിവ് നടത്തുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു കെ എ പോളിന്റെ ആവശ്യം.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിരുന്നു. അതിനുപിന്നാലെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രണ്ട് തട്ടിലായി. നിമിഷപ്രിയ വിഷയത്തില്‍ ഏറെ ഉയര്‍ന്നുകേട്ട സാമുവല്‍ ജെറോമിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നു. നിമിഷ പ്രിയക്കായി പിരിച്ചുനല്‍കിയ നാല്‍പതിനായിരത്തോളം ഡോളര്‍ സാമുവല്‍ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ 2017 മുതല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലിലാണ്. തലാലിന്റെ കുടുംബത്തെ കണ്ട് മോചനത്തിനായി നിമിഷയുടെ കുടുംബം ശ്രമിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വധശിക്ഷ റദ്ദാക്കിയതിനു പിന്നാലെ നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതായി മഹ്ദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഒരു തരത്തിലുളള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും തയാറല്ല. ദിയാധനം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.