തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോന്‍ സഹായം തേടി ബിന്ദു തന്നെ വിളിച്ചിരുന്നതായി മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ കുടുംബവീട്ടില്‍ വെച്ച് ഗണേഷ് കുമാറിനെ 'മോശമായ സാഹചര്യത്തില്‍' കണ്ടെന്നാണ് ബിന്ദുവിന്റെ ആരോപണം.

സംഭവം നടന്നതിന് പിന്നാലെ ഫോട്ടോ എടുത്തപ്പോള്‍ മന്ത്രിയുടെ സന്തതസഹചാരികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയെന്നും വിവരമറിയിച്ചിട്ടും പോലീസ് വേണ്ടത്ര ഇടപെട്ടില്ലെന്നും ബിന്ദു മേനോന്‍ ആരോപിക്കുന്നു.സംഭവം നടന്നതിന് പിന്നാലെ ഫോട്ടോ എടുത്തപ്പോള്‍ മന്ത്രിയുടെ സന്തതസഹചാരികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയെന്നും വിവരമറിയിച്ചിട്ടും പോലീസ് വേണ്ടത്ര ഇടപെട്ടില്ലെന്നും ബിന്ദു മേനോന്‍ ആരോപിക്കുന്നു.

ശനിയാഴ്ച ഏകദേശം ഒന്നരയ്ക്കും രണ്ടിനുമിടയില്‍ ബിന്ദു തന്നെ ഫോണില്‍ വിളിച്ചതായും അന്ന് വാളകത്ത് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചതായും ശ്രീലേഖ പറഞ്ഞു. എന്നാല്‍, ബിന്ദു വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇപ്പോള്‍ പൊതുസമൂഹത്തോട് വിവരിക്കുന്നത് ഉചിതമല്ലെന്നും വിഷയത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്ത് തനിക്ക് കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ പോലീസിന്റെ സഹായം തേടാന്‍ താന്‍ ബിന്ദുവിനോട് നിര്‍ദ്ദേശിക്കുകയും 112 എന്ന നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് സംഘം സ്ഥലത്തെത്തിയെന്നും തുടര്‍ന്നുണ്ടായ കാര്യങ്ങള്‍ ബിന്ദുവിന്റെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.

ബിന്ദു മേനോന്റെ വാക്കുകളില്‍ നിന്ന്:

മന്ത്രിയുടെ ഒരഭിമുഖം കണ്ടതിന്റെ ഭാഗമായാണ് ഇപ്പോള്‍ സംസാരിക്കുന്നത്. 2014ല്‍ വിവാഹം കഴിഞ്ഞതുമുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. 2019ല്‍ പ്രശ്‌നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. എന്റെ പിതാവിന്റെ സഹോദരിയുടെ മകന്‍ ആണ് ശ്രീലേഖയുടെ ഭര്‍ത്താവ്. 2019ലെ പ്രശ്നത്തിലും കോംപ്രമൈസിനായി സംസാരിച്ചിരുന്നു. അതിനുശേഷം ഗണേശുമായി ഒരുമിച്ച് താമസിച്ചു. എന്തുകൊണ്ടാണ് ഗണേശുമായി പ്രശ്‌നമുണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

മന്ത്രിയായതിനുശേഷം വലിയ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. മന്ത്രിയുടെ സുഹൃത്തുക്കളും സ്റ്റാഫും എനിക്കെതിരാണ്. ശക്തിയുടെയും അധികാരത്തിന്റെയും ഒപ്പം മാത്രമേ ആളുകള്‍ നില്‍ക്കുകയുള്ളൂ. ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി. പല സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ വഴക്കുണ്ടാക്കുമായിരുന്നു. എനിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് പറഞ്ഞാണ് ഗണേശ് എന്നെ നിയന്ത്രിക്കുന്നത്. അതിനാല്‍ രണ്ട് മാസമായി എന്റെ ഫോണ്‍ ബ്‌ളോക്ക് ചെയ്തുവച്ചിരിക്കുകയാണ്.

വാളകത്ത് നടക്കുന്ന കാര്യങ്ങളറിഞ്ഞ് പല സ്ത്രീകളെയും വിളിച്ച് ഞാന്‍ വഴക്ക് പറഞ്ഞിട്ടുണ്ട്. രണ്ട് മാസമായി ഞങ്ങള്‍ അകന്നാണ് കഴിയുന്നത്. എനിക്ക് സംശയരോഗമാണെന്ന് ഗണേശ് എല്ലാവരോടും പറയുന്നു. എന്നാലിതില്‍ ഒരവസാനം വേണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് കണ്ടുപിടിക്കാനാണ് ആരോടും പറയാതെ ശനിയാഴ്ച വാളകത്ത് പോയത്. വാതില്‍ തുറന്ന് ഓടി ബെഡ്റൂമിലേയ്ക്ക് പോയി. കണ്ട കാര്യങ്ങള്‍ ഫോട്ടോയെടുക്കാന്‍ നോക്കിയപ്പോള്‍ സ്റ്റാഫ് തടഞ്ഞു.

പറയാന്‍ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടത്. എന്റെ കയ്യില്‍ എല്ലാ ചിത്രങ്ങളുമുണ്ട്. മന്ത്രിയെയോ ആരെയോ മോശമായി ഞാനൊന്നും പറയുകയോ പ്രതികരിക്കുകയോ ചെയ്തില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫ് എന്റെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഞാനുടനെ ലേഖ ചേച്ചിയെ വിളിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായല്ല ചേച്ചിയെ വിളിച്ചത്. ചേച്ചിയാണ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാന്‍ പറഞ്ഞത്. പൊലീസിനെ വിളിച്ചതിനുശേഷം ഞാന്‍ പുറത്തേയ്ക്ക് ഓടാന്‍ ശ്രമിച്ചു.

എന്നാല്‍ സ്റ്റാഫ് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല. പൊലീസ് വരുന്നതിനുമുന്‍പ് തന്നെ ഗണേശിന്റെ സ്റ്റാഫ് സ്ത്രീയെ കാറില്‍കയറ്റി കൊണ്ടുപോയി. ഗണേശ് ഉള്ളിലേക്കോടി വാതിലടച്ചു.പൊലീസിനോട് പറഞ്ഞപ്പോള്‍ അവരുടെ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പിണറായി സാറിനെ വിളിക്കുമെന്ന് പറഞ്ഞു. അപ്പോളവര്‍ കാത്തിരിക്കാന്‍ പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേയെന്ന് സ്റ്റാഫ് പറഞ്ഞു. സാറിന് തെറ്റുപറ്റി ക്ഷമിക്കാന്‍ പറഞ്ഞു. കാലില്‍ വീണു. പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ ഉള്ളിലേയ്ക്ക് പോയി എന്റെ സാധനങ്ങള്‍ എടുത്തു. മന്ത്രി അപ്പോള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. പിന്നീട് ഞാന്‍ വാതില്‍ തുറന്ന് പുറത്തുവന്നപ്പോള്‍ പുറത്ത് പൊലീസ് ഉണ്ടായിരുന്നില്ല. മന്ത്രിയെന്നെ വിളിച്ച് ക്ഷമ പോലും ചോദിച്ചില്ല. ഞാന്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുന്നില്ല. വട്ടായിട്ടാണ് 112ല്‍ വിളിച്ചതെന്ന് മന്ത്രി പറഞ്ഞതില്‍ പ്രതികരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാന്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.