ശബരിമല: ഇക്കുറി തീര്‍ഥാടനത്തില്‍ വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ലെന്ന് സമ്മതിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. മുന്നൊരുക്കങ്ങളുടെ അഭാവം പ്രതിഫലിക്കുന്നുണ്ട്. ജീവനക്കാര്‍ പലരും ജോലിക്ക് വന്നിട്ടില്ല. വരാത്തവരോട് വിശദീകരണം ചോദിച്ച് ബാക്കിയാളുകളെ നിയോഗിക്കാന്‍ പറഞ്ഞിട്ടുണ്ട്. പമ്പാനദി മലിനമാണ്. കുറെ മാറ്റങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. പമ്പ എന്തു കൊണ്ട് ഇങ്ങനെ ആയി എന്നറിയില്ല.

ദേവസ്വം മരാമത്തിന്റെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ പമ്പയില്‍ ഉണ്ടായിരുന്നു. ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്. ജീവനക്കാരുടെ മെസിന്റെ കാര്യത്തില്‍ പരാതികള്‍ ഉണ്ട്. മെസ് നടത്തിപ്പില്‍ കരാര്‍ ലംഘനം നടത്തിയതിന് കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയെന്ന് കെ. ജയകുമാര്‍ പറഞ്ഞു.

നട തുറന്നതിന് ശേഷം മെസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ആവശ്യത്തിനുള്ള ഭക്ഷണം നല്കാത്തത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. പല ജീവനക്കാരും അന്നദാന മണ്ഡപത്തില്‍ പോയാണ് ഭക്ഷണം കഴിച്ചിരുന്നത്. വേകാത്ത ഇഡലിയും ഉച്ചയ്ക്ക് എണ്ണത്തില്‍ കുറച്ച് കറികളും പേരിന് നല്കി പോകാനാണ് കരാറുകാരന്‍ ശ്രമിക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റിനെ നേരിട്ട് കണ്ട് ജീവനക്കാര്‍ അറിയിക്കുകയും ചെയ്തു.

സ്പോട്ട് ബുക്കിങ് പമ്പയില്‍ നിന്ന് പൂര്‍ണമായും നിലയ്ക്കലിലേക്ക് മാറ്റണമെന്ന് സ്പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി. കാനനപാതവഴി എത്തുന്നവരുടെ എണ്ണം അയ്യായിരമാക്കി. കഴിഞ്ഞ ദിവസം സന്നിധാനത്ത് തിരക്ക് നിയന്ത്രണം പാളിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്കിയത്. കഴിഞ്ഞ തീര്‍ത്ഥാടനത്തിന് വേഗത്തില്‍ പതിനെട്ടാം പടി കയറ്റിയ പോലീസ് സംഘത്തെ ഇത്തവണ പടി ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്തിന് സ്പെഷല്‍ കമ്മിഷണര്‍ നിര്‍ദ്ദേശം നല്കി.