തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎമ്മിന് ഏക്കാലത്തേക്കും വലിയ കളങ്കം ഏല്‍പ്പിച്ച സംഭവമായിരുന്നു ടി പി ചന്ദ്രശേഖരന്റെ കൊലപാതകം. സിപിഎം വിട്ട് ആര്‍എംപിയെന്ന പാര്‍ട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത് 2012 മേയ് നാലിനാണ്. വിഎസിന് ഏറെ പ്രിയപ്പെട്ടവനായിരുന്ന ടിപിയെ സ്വന്തം പാര്‍ട്ടിക്കാര്‍ 51 വെട്ടുവെട്ടി ഇല്ലാതാക്കിയത് അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിന് വലിയ ഷോക്കായിരുന്നു. രാഷ്ട്രീയ വിരോധമായിരുന്നു ആ കൊലപാതകത്തിന് പിന്നില്‍.

സിപിഎമ്മിന്റെ ഉന്നതനേതാക്കളാണ് കൊലപാതകത്തിന്റെ മാസ്റ്റര്‍ ബ്രെയിനെന്ന് ടിപിയുടെ ഭാര്യയും എംഎല്‍എയുമായ കെ കെ രമ മുന്‍പ് ആരോപിച്ചിരുന്നു. അതേസമയം, ടി.പി രക്തസാക്ഷിയായ നാള്‍ ആ ഭൗതിക ശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി.പി എന്ന് ഈ ലോകത്തോട് വിളിച്ചു പറയാനും വിഎസ് ഭയന്നില്ല. ഒരു നാടാകെ വിറങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തി പിതൃതുല്യമായ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചത് ജീവിതത്തിലെ ദീപ്ത സ്മൃതികളിലൊന്നാണ്. അന്ന് പകര്‍ന്ന സമാശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തതെന്നും കെ കെ രമ ഒരിക്കല്‍ കുറിച്ചിട്ടുണ്ട്.

വിഎസ് വിടവാങ്ങിയപ്പോള്‍, രമ അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത് ഇങ്ങനെ: 'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവ്. അന്ത്യാഭിവാദ്യങ്ങള്‍.'- എന്നാണ് രമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പാര്‍ട്ടി എതിര്‍പ്പുകളെല്ലാം മറികടന്നാണ് രമയേയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ വി എസ് എത്തിയത്. വി എസിന്റെ കൈയില്‍ പിടിച്ചുകൊണ്ട് രമ തേങ്ങിക്കരയുന്ന ചിത്രം മലയാളികള്‍ക്ക് ഇന്നും നോവാണ്. ആ ചിത്രം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രമ ഉപയോഗിച്ചതും.

ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നാലെ വി എസും പാര്‍ട്ടിയും തമ്മില്‍ ഒരകല്‍ച്ചയുണ്ടായി. കൊലപാതകത്തെ തുടര്‍ന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വി എസ് എടുത്തത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസമാണ് അദ്ദേഹം ടി പിയുടെ വിധവയെ കാണാന്‍ പോയത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്തു.

ടിപി മരിച്ച ശേഷവും കുലംകുത്തി കുലംകുത്തി തന്നെയെന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചത് കെ കെ രമയെ വേദനിപ്പിച്ചിരുന്നു. അവര്‍ അത് തുറന്നുപറയുകയും ചെയ്തു. കേസില്‍ കോടതി ശിക്ഷിച്ചത് രണ്ടു ജില്ലകളിലെ ആളുകളെയാണ്. കൊലയാളി സംഘം കണ്ണൂര്‍ ജില്ലയില്‍നിന്നായിരുന്നു. കണ്ണൂര്‍ ജില്ലയിലുള്ള സംഘത്തിന് ചന്ദ്രശേഖരനുമായി വ്യക്തി വിരോധമില്ല. വ്യക്തിവിരോധമല്ല, രാഷ്ട്രീയവിരോധമാണ് സംഭവത്തിനു പിന്നിലെന്ന് കോടതിയും പറഞ്ഞിരുന്നു. കണ്ണൂരിലെ ആളുകള്‍ എങ്ങനെ കൊലപാതകത്തില്‍ പങ്കാളിയായി എന്ന് രമ ചോദിച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച കുഞ്ഞനന്തന്‍ പിണറായിയുടെ വലംകയ്യായിരുന്നു. ഇക്കാരണങ്ങളാലാണ് രമ സിപിഎമ്മിന്റെ ഉന്നത നേതാക്കളാണ് മാസ്റ്റര്‍ ബ്രെയിന്‍ എന്ന് സംശയിക്കുന്നത്. വിഎസും രമയോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് എക്കാലത്തും സ്വീകരിച്ചുപോന്നത്.