തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയെന്ന നിലയില്‍ അവതരിപ്പിച്ച സില്‍വര്‍ ലൈന്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. പദ്ധതിയുമായി ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മുന്നോട്ടു പോകാന്‍ വഴികള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയതോടെയാണ് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നത്. പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ദക്ഷിണ റെയില്‍വേയുമായുള്ള അവസാനവട്ട ചര്‍ച്ചകളും അലസിയിരുന്നു. ഇതോടെ പദ്ധതി നടത്തിപ്പിനായി രൂപവത്കരിച്ച കെ-റെയില്‍, മറ്റ് റെയില്‍വേ പദ്ധതികളിലേക്ക് ചുവടുമാറി.

കൊച്ചിയിലെ നിക്ഷേപക ഉച്ചകോടിയില്‍ സില്‍വര്‍ ലൈനിന് അനുകൂല പരാമര്‍ശങ്ങള്‍ കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പീയൂഷ് ഗോയലില്‍ നിന്നുണ്ടായെങ്കിലും അതിന്റെ ചുവടുപിടിച്ച് കേന്ദ്രത്തെ സമീപിക്കാനും അനുമതി നീക്കത്തിനും സര്‍ക്കാര്‍ തയാറായിട്ടുമില്ല. കെ വി തോമസിനെയും ഇ ശ്രീധരനെയുമെല്ലാം സര്‍ക്കാര്‍ കളത്തിലിറക്കിയെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല.

സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതും പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുമെല്ലാം മുന്‍നിര്‍ത്തിയാണ് സര്‍ക്കാറിന്റെ പിന്‍വാങ്ങല്‍. തെരഞ്ഞെടുപ്പു കാലത്ത് പദ്ധതിയുമായി മുന്നോട്ടുപോയാല്‍ അതും തിരിച്ചടിയാകുന്ന സ്ഥിതി സംജാതമാകുകമായിരുന്നു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ പിന്‍വലിക്കുമോ എന്നതാണ് ഇനിയുള്ള പ്രധാന വിഷയം. വന്ദേഭാരത് ട്രെയിനുകള്‍ക്കടക്കം സര്‍വിസ് നടത്താന്‍ കഴിയും വിധം ബ്രോഡ്ഗേജിലേക്ക് മാറ്റണമെന്നതായിരുന്നു റെയില്‍വേയുടെ നിലപാട്. 40-50 കിലോമീറ്റര്‍ ഇടവിട്ട് നിലവിലെ റെയില്‍വേ പാതയുമായി സില്‍വര്‍ ലൈന്‍ ബന്ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

റെയില്‍വേ ഭൂമി കൈമാറുന്നതാണ് അനുമതിക്ക് തടസ്സമെങ്കില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടിയെങ്കിലും പദ്ധതിയുടെ സ്വഭാവം തന്നെ മാറണമെന്നതാണ് റെയില്‍വേ നിലപാട്. പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ നിര്‍ദേശങ്ങളെന്നതിനാല്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കാര്യകാരണ സഹിതം കെ-റെയില്‍ റെയില്‍വേക്ക് കത്ത് നല്‍കി. പിന്നീട്, ആശയവിനിമയത്തിന് തയാറായതുമില്ല. 200 കിലോമീറ്റര്‍ വേഗത്തില്‍ സ്വതന്ത്രസ്വഭാവത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പാത പണിയണമെന്നത് റെയില്‍വേയെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടികള്‍ അവസാനിപ്പിക്കുന്നത്. ബദല്‍ പാത സംബന്ധിച്ച ചര്‍ച്ചകളും സര്‍ക്കാര്‍ നിര്‍ത്തി.

അനുമതിക്കുമുമ്പേ, ബലം പ്രയോഗിച്ചുള്ള കുറ്റിയടിക്കലും പൊലീസ് നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സില്‍വര്‍ ലൈന്‍ പ്രവര്‍ത്തനങ്ങളെല്ലാം തല്‍ക്കാലം മരവിപ്പിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും സാമൂഹികാഘാത പഠന ഏജന്‍സികളുടെ കാലാവധി പുതുക്കേണ്ടെന്ന് തീരുമാനിച്ചതുമടക്കം പിന്നീടുണ്ടായി.

ഇ. ശ്രീധരനെ മുന്‍നിര്‍ത്തി സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും സജീവമാക്കാനുള്ള സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും അതും ലക്ഷ്യം കണ്ടിരുന്നില്ല. കെ-റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും താന്‍ നല്‍കിയ ബദല്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബോധ്യമായിട്ടുണ്ടെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ, പദ്ധതിക്കായി പുതിയ ഡി.പി.ആര്‍ വേണമെന്ന വാദവുമായി റെയില്‍വേയും മുഖം തിരിച്ചതോടെയാണ് സര്‍ക്കാര്‍ ശരിക്കും വഴിമുട്ടിയത്.