- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
22ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരു പ്രതികരണവും നടത്താഞ്ഞതോടെ ആശങ്ക വേണ്ടെന്ന് ധരിച്ച മന്ത്രിമാര്‍; ഉത്കണ്ഠ വേണ്ടെന്നു ചൂണ്ടിക്കാട്ടി ചര്‍ച്ച തന്നെ ആവശ്യമില്ലെന്നു പറഞ്ഞ താന്‍ പരിഹാസ്യനായി എന്ന് മന്ത്രി രാജന്‍; ഈ ചോദ്യത്തിന് ബിനോയിയ്ക്കും ഉത്തരമില്ല; സിപിഐയില്‍ 'രാജന്‍ ഇഫക്ട്'! തദ്ദേശം വരെ കാക്കാന്‍ സെക്രട്ടറിയും സംഘവും
തിരുവനന്തപുരം: പിഎം ശ്രീയിലെ സിപിഐ എതിര്‍പ്പ് മന്ത്രിമാരുടെ ബഹിഷ്‌കരണത്തില്‍ തീര്‍ന്നേക്കും. അടുത്ത ഇടതു മുന്നണി യോഗത്തില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയനും ഇടതിലെ ചര്‍ച്ച ഉറപ്പു നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി വിലപേശലിനും ഈ സാധ്യത ഉപയോഗിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടമായതു കൊണ്ട് തന്നെ മുന്നണി വിട്ടു പോകാന്‍ സിപിഐ തീരുമാനിക്കില്ല. ഇങ്ങനെ ഇപ്പോള്‍ മുന്നണി മാറിയാല്‍ തദ്ദേശത്തിലെ സീറ്റുകളെ പോലും ബാധിക്കും. പിഎം ശ്രീയിലെ ചര്‍ച്ചകള്‍ സിപിഐ നീട്ടിക്കൊണ്ടു പോകും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അന്തിമ തീരുമാനം എടുക്കും. ഈ ഫലം ഇടതിന് എതിരായാല്‍ ഒരുപക്ഷേ സിപിഐ മുന്നണി വിടും. ശബരിമല വിവാദം അടക്കം എത്തരത്തില്‍ കേരളത്തെ ബാധിച്ചുവെന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ തെളിയും. ഈ ഫലം യുഡിഎഫിന് അനുകൂലമായാല്‍ മാത്രം മുന്നണി വിടുന്നതില്‍ തീരുമാനം എന്നതാണ് സിപിഐയിലെ ഔദ്യോഗിക പക്ഷം നല്‍കുന്ന സൂചന.
പ്രതിപക്ഷം ഉന്നയിക്കുന്ന ബിജെപി-സിപിഎം അന്തര്‍ധാര എല്‍ഡിഎഫിലെ രണ്ടാമത്തെ സഖ്യകക്ഷിയും കാണുന്നു എന്നത് നിര്‍ണ്ണായകമാണ്. ധാരണാപത്രത്തില്‍ ഒപ്പിടാനുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തിട്ടും അതു മറച്ചുവച്ച ഒരു മന്ത്രിസഭാ യോഗത്തില്‍ പോയി എന്തിന് ഇരിക്കണമെന്ന ചോദ്യമാണ് മന്ത്രി കെ രാജന്‍ ഉന്നയിച്ചത്. 22ലെ യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഒരു പ്രതികരണവും നടത്താഞ്ഞതോടെ ആശങ്ക വേണ്ടെന്നാണ് മന്ത്രിമാര്‍ ധരിച്ചത്. ഉത്കണ്ഠ വേണ്ടെന്നു ചൂണ്ടിക്കാട്ടി ചര്‍ച്ച തന്നെ ആവശ്യമില്ലെന്നു പറഞ്ഞ താന്‍ പരിഹാസ്യനായില്ലേയെന്നു കെ.രാജന്‍ വികാരത്തോടെ ചൂണ്ടിക്കാട്ടി. ഇതിന് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിനും മറുപടി ഉണ്ടായില്ല. മന്ത്രിമാരില്‍ കെ രാജന്‍ മാത്രമാണ് ഇത്രയും ഉറച്ച നിലപാട് എടുത്തത്. മന്ത്രി ജി ആര്‍ അനിലും ചിഞ്ചു റാണിയും രാജിയോട് താല്‍പ്പര്യമില്ലാത്തവരാണ്. മന്ത്രി പി പ്രസാദിനും രാജിയോട് താല്‍പ്പര്യമില്ല,. എന്നാല്‍ കെ രാജന്‍ കടുത്ത നിലപാടിലും.
കേന്ദ്ര നേതൃത്വത്തെ രാജന്‍ ഉറച്ച നിലപാട് അറിയിച്ചിട്ടുണ്ട്. സിപിഐയെ അറിയിക്കാതെ തന്ത്രപമായി പിഎം ശ്രീ ഒപ്പിടുകയായിരുന്നുവെന്ന് രാജന്‍ വിശ്വസിക്കുന്നു. മന്ത്രിയെ എന്ന നിലയില്‍ കാബിനറ്റില്‍ ഈ വിഷയം ഉയര്‍ത്തിയിട്ട് പോലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒപ്പിട്ട കാര്യം പറഞ്ഞില്ല. ഇങ്ങനെ ചോദിച്ചിട്ടും പറയാത്ത കാര്യം മാധ്യമങ്ങളിലൂടെ വായിച്ച് അറിഞ്ഞുവെന്നതാണ് കെ രാജന്റെ പ്രശ്നം. വ്യക്തിപരമായ അപമാനിക്കലായി രാജന്‍ ഇതിനെ കാണുന്നു. പിഎം ശ്രീ സ്‌കൂള്‍ നടപ്പാക്കുന്നതിലുള്ള ആശങ്ക മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ പ്രകടിപ്പിച്ചത് നവംബര്‍ 22നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി കെ. രാജന്‍ പാര്‍ട്ടിയുടെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു. പിഎം ശ്രീക്കായി കരാര്‍ ഒപ്പിടാന്‍ പോവുന്നതായി മാധ്യമങ്ങളില്‍ കാണുന്നു, ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയോ മറുപടിയൊന്നും പറയാത്തതിനാല്‍ മന്ത്രിസഭയില്‍ അത് ചര്‍ച്ചയായില്ല. യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കെ. രാജന്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.
22ന് ചേര്‍ന്ന മന്ത്രിസഭയുടെ അജന്‍ഡയില്‍ പിഎം ശ്രീ ഉള്‍പ്പെടുത്തിയിരുന്നില്ല. അന്ന് രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വസതിയില്‍ സിപിഐ മന്ത്രിമാര്‍ യോഗംചേര്‍ന്നു. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പദ്ധതിയെ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. പക്ഷേ, മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും പ്രശ്നത്തില്‍ മൗനംപൂണ്ടതോടെ, സിപിഐയുടെ ആശങ്ക കേട്ടതൊഴിച്ചാല്‍ മന്ത്രിസഭയില്‍ മറ്റൊന്നുമുണ്ടായില്ലെന്ന് വ്യക്തമായി. അതിന് ശേഷം വന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി രാജനെ പ്രകോപിപ്പിച്ചു. നവംബര്‍ 22ന് മുമ്പ് തന്നെ കരാറില്‍ ഒപ്പിട്ടിരുന്നു. മന്ത്രി സഭയില്‍ വിഷയം ഉയര്‍ത്തിയിട്ടും ഇക്കാര്യം മറച്ചു വച്ചതാണ് രാജന്‍ ഉയര്‍ത്തുന്ന വിഷയം. മുഖ്യമന്ത്രിയെ പ്രത്യേക കണ്ടിട്ടു പോലും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഈ മന്ത്രിസഭയില്‍ അപമാനം സഹിച്ച് തുടരണമോ എന്നതാണ് രാജന്‍ ഉയര്‍ത്തുന്ന ചോദ്യം.
കെ രാജന്റെ ഈ നിലപാട് കാരണം പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്ത് ഭരണനേതൃത്വത്തിനെതിരെ സിപിഐ നടത്തിയ ഏറ്റവും ശക്തമായ കലാപമാണ് പിഎം ശ്രീ വിഷയത്തില്‍ ഉണ്ടായത്. 'ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ പകര്‍ത്താന്‍ നിങ്ങളൊരുങ്ങിയാല്‍ കൂടെ ഞങ്ങളുണ്ടാവില്ല' എന്ന താക്കീതാണ് സിപിഐ നല്‍കിയിരിക്കുന്നത്. സിപിഐക്ക് ബോധ്യമായ തിരുത്തലിന് സിപിഎം തയാറായില്ലെങ്കില്‍ മന്ത്രിസഭായോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ എടുത്ത ധാരണ നിര്‍വാഹകസമിതി തീരുമാനമാക്കുകയാണു ചെയ്തത്. നാളെ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ആരും പങ്കെടുക്കില്ല. 'കാബിനറ്റില്‍നിന്നു വിട്ടുനില്‍ക്കും' എന്ന ഭീഷണി പരസ്യമായി മുഴക്കുന്നത് മുന്നണി മര്യാദയ്ക്കു ചേരുന്നതല്ലെന്നാണ് ബിനോയ് വിശ്വം എടുത്ത നിലപാട്.
ഇപ്പോഴത്തെ നിലയില്‍ സിപിഐ സിപിഎമ്മിന് കൊടുത്തിരിക്കുന്ന 'ഡെഡ്ലൈന്‍' നവംബര്‍ 4 ആണ്. അതിനു മുന്‍പ്, കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്രത്തില്‍നിന്നു പിന്‍വാങ്ങുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കണം എന്നാണ് ആവശ്യം. അത് തീര്‍ത്തും അപ്രായോഗികമായ ആവശ്യമായാണ് സിപിഎം കരുതുന്നത്. ചെയ്തതില്‍നിന്നു പിന്നോട്ടില്ല; ഇനി എന്തു വേണമെന്ന് കൂട്ടായി ആലോചിക്കാം എന്നതാണ് സിപിഎം പക്ഷം. പ്രതിസന്ധിക്ക് അയവുണ്ടായില്ലെങ്കില്‍ സിപിഐയുടെ 4 മന്ത്രിമാരും നാലിന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരത്തോടെ രാജിവയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്താനും സാധ്യതയുണ്ട്. അപ്പോഴും മുന്നണി വിട്ടു പോകില്ല. ആ തീരുമാനത്തിലേക്ക് കാര്യങ്ങളെത്താന്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കേണ്ടി വരും. പ്രധാനമന്ത്രി അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്ത തീരുമാനത്തെ സംശയദൃഷ്ടിയോടെയാണ് സിപിഐ കാണുന്നത്.




