കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാല് വര്‍ഷ ഡിഗ്രി കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം ചോര്‍ന്നെന്ന് ആരോപണം ഉയരുമ്പോള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളെയും കോളേജുകളെയും ഒറ്റ കുടക്കീഴിലാക്കി സംയോജിത സോഫ്റ്റ്വേര്‍ സംവിധാനം കേരള റിസോഴ്സ് ഫോര്‍ എജുക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് (കെ-റീപ്പ്) വിവാദത്തില്‍. കെ റീപ്പിലെ പിഴവാണ് പരീക്ഷ ഫല ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് ആരോപണം. കെ റീപ്പ് സോഫ്റ്റ് വെയര്‍ പരീക്ഷിക്കാനുള്ള ശ്രമമാണ് ഫല ചോര്‍ച്ചയായതെന്നാണ് നിഗമനം.

സംസ്ഥാനത്തെ സര്‍വകലാശാലകളെയും കോളേജുകളെയും ഒറ്റ കുടക്കീഴിലാക്കി സംയോജിത സോഫ്റ്റ്വേര്‍ സംവിധാനം കേരള റിസോഴ്സ് ഫോര്‍ എജുക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് (കെ-റീപ്പ്) നടപ്പാക്കുന്നതിനെച്ചൊല്ലി വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. പല സര്‍വകലാശാലകളും തഴഞ്ഞ മഹാരാഷ്ട്ര കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാനുള്ള നീക്കം വിവാദമായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ഉള്‍പ്പെടെയുള്ള കമ്പനികള്‍ കരാറിനായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന്, കെ-റീപ്പ് സാങ്കേതികസമിതി അസാപ്പ് ഉള്‍പ്പെടെ രണ്ടു കമ്പനികളെ ശുപാര്‍ശചെയ്തു.

നൈപുണിരംഗത്തു പ്രവര്‍ത്തിക്കുന്ന അസാപ്പിന് ഇത്തരം സോഫ്റ്റ്വേര്‍ വികസിപ്പിക്കാനുള്ള സാങ്കേതികവൈദഗ്ധ്യമില്ല. അതിനാല്‍ അവര്‍ മഹാരാഷ്ട്രയിലെ ഒരു കമ്പനിക്ക് ഉപകരാര്‍ കൊടുത്തു. പുണെ ആസ്ഥാനമായുള്ളതാണ് ഉപകരാര്‍ കമ്പനി. സാങ്കേതികപ്പിഴവുകള്‍ വ്യാപകമായതിനാല്‍ മഹാരാഷ്ട്രയിലെ എട്ടു സര്‍വകലാശാലകള്‍ ഇവരുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ക്കു ലിസ്റ്റ് വിതരണത്തിലെ പാളിച്ചയില്‍ രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായതോടെ നാഗ്പുര്‍ സര്‍വകലാശാലയും കമ്പനിക്കെതിരേ രംഗത്തുവന്നിരുന്നു. ഈ സോഫ്റ്റ് വെയറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് കണ്ണൂരിലെ ചോര്‍ച്ച. കേരള വിദ്യാഭ്യാസ മോഡലിന് അപമാനമാണ് ഈ സംഭവവും.

കെ റീപ്പിനെതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് സംശങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാല് വര്‍ഷ ഡിഗ്രി കോഴ്‌സിന്റെ ഫലം പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല നേരത്തെ അറിയിച്ചിരുന്നെങ്കിലും വൈകീട്ട് ഏഴു മണി വരെയും പ്രഖ്യാപിച്ചില്ല. എന്നാല്‍ ഉച്ചയ്ക്ക് മൂന്നരയോടെ വിദ്യാര്‍ത്ഥികളുടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പരീക്ഷാഫലങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു.ഗുരുതര പിഴവ് ശ്രദ്ധയില്‍പ്പെട്ട ഉടനെ പരീക്ഷ കണ്‍ട്രോളര്‍ ബി.മുഹമ്മദ് ഇസ്മായിലിനെ ബന്ധപ്പെട്ടപ്പോള്‍ സര്‍വകലാശാല പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ലെന്നും എപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി. കോളേജ് തലത്തിലാണ് മൂല്യനിര്‍ണയം നടന്നതെങ്കിലും ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് സര്‍വ്വകലാശാലയാണെന്ന് വൈകിട്ട് ആ റുമണിക്ക് കണ്‍ട്രോളര്‍ വ്യക്തമാക്കിയതായും ഷമ്മാസ് ആരോപിച്ചിരുന്നു.

അപകടം മനസ്സിലാക്കിയ സര്‍വ്വകലാശാല അധികൃതര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഏഴു മണിയോടെ തിരക്കിട്ട് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവാദമായ കെ റീപ്പ് പദ്ധതിയുടെ പേരില്‍ നടക്കുന്ന കച്ചവടത്തിന്റെ ആദ്യത്തെ തെളിവാണ് പരീക്ഷാഫലം ചോര്‍ന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ വിവരങ്ങളും പരീക്ഷ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിന് എം.കെ.സി.എല്‍ എന്ന കമ്പനിക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന നല്‍കിയ കരാറിന്റെ പ്രത്യാഘാതമാണിതെന്നും ഷമ്മാസ് ആരോപിച്ചിട്ടുണ്ട്.

നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്കായുള്ള കെ- റീപ്പ് സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ച എംകെസിഎല്‍ എന്ന കമ്പനി കരിമ്പട്ടികയില്‍പെട്ടതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പരാതിയും നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് പരാതിയില്‍ പറയുന്നു. വിശ്വാസ്യതയുള്ള സ്ഥാപനത്തിന് ചുമതല നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കെ- റീപ്പ് സോഫ്റ്റ്വെയറില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള സര്‍വകലാശാലയും രംഗത്തെത്തിയിരുന്നു.

സര്‍വകലാശാലകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ രൂപീകരിച്ചതാണ് സോഫ്റ്റ്‌വെയര്‍. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ഇതുവഴി നടപ്പാക്കാം എന്നായിരുന്നു പ്രഖ്യാപനം. മാര്‍ക്ക് ലിസ്റ്റ് ക്രമക്കേട് മൂലം മഹാരാഷ്ട്രയിലെ സര്‍വകലാശാലകള്‍ എംകെസിഎല്‍ കമ്പനിയെ അയോഗ്യമാക്കിയിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്ക് ചുമതല നല്‍കിയത് അസാപ്പിന്റെ പ്രോവൈഡര്‍ എന്ന നിലയ്ക്കാണ്.

പ്രചരിച്ചത് ഔദ്യോഗിക ഫലമെന്ന് സര്‍വ്വകലാശാല

നാലുവര്‍ഷബിരുദം ആദ്യ സെമസ്റ്റര്‍ ഫലം ചോര്‍ന്നുവെന്ന പേരില്‍ പ്രചരിച്ചത് ഔദ്യോഗികഫലമെന്ന് കണ്ണൂര്‍ സര്‍വകലാശാല. ടെസ്റ്റിങ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഒരു പ്രൊഫൈലില്‍ ഫലം നേരത്തെ പ്രത്യക്ഷപ്പെട്ടതെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നാലുവര്‍ഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റര്‍ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനാണ് സര്‍വകലാശാല തീരുമാനിച്ചത്. അവസാന പരീക്ഷ കഴിഞ്ഞ് 8 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതിന്റെ ചരിത്ര നേട്ടത്തിലാണ് സര്‍വകലാശാല. 51 ഓളം പ്രോഗ്രാമുകളുടെ ഫലം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. പ്രിന്‍സിപ്പല്‍ പ്രൊഫൈലില്‍ കോളേജിന്റെ കണ്‍സോളിഡേറ്റഡ് റിസല്‍ട്ടും വിദ്യാര്‍ഥികളുടെ പ്രൊഫൈലിലും മൊബൈല്‍ അപ്പിലും അവരുടെ ഫലവും കാണാന്‍ സാധിക്കും.

തടസ്സങ്ങളില്ലാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകാന്‍ വിവിധ പ്രോഗ്രാമുകളുടെ ഫലങ്ങള്‍ വിവിധ സമയങ്ങളിലായി പുറത്തുവിടുന്നത് ഓട്ടോമാറ്റിക് ഷെഡ്യൂളിങ് വഴിയാണ്. വ്യാഴം വൈകിട്ട് ആറിന് തുടങ്ങി രാത്രിയോടെ മുഴുവന്‍ ഫലങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാവുന്ന വിധത്തിലാണ് ഷെഡ്യൂളിങ് നടത്തിയത്. എന്നാല്‍, ഇതിനു കുറച്ച് മുമ്പ് ടെസ്റ്റിങ്ങിന്റെ ഭാഗമായി കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഔദ്യോഗിക പ്രൊഫൈലില്‍ ഫലം ലഭ്യമായിരുന്നു. ഇത് സര്‍വകലാശാല ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ശേഷമേ പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവൂ.

ഒരു കോളേജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക പ്രൊഫൈലില്‍ വന്ന ഫലമാണ് 'ഫലം ചോര്‍ന്നു' എന്ന പേരില്‍ പ്രചരിക്കുന്നത്. ഇത് സര്‍വകലാശാലയുടെ ഔദ്യോഗിക ഫലമാണ്. വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകുന്നതിന് മുമ്പ് ഇത് പ്രചരിക്കാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. തടസങ്ങളില്ലാതെ ലഭ്യമാക്കാന്‍ വിവിധ പ്രോഗ്രാമുകളുടെ ഫലം വിവിധ സമയങ്ങളിലായി പോകുന്ന രീതിയില്‍ ഓട്ടോമാറ്റിക്ക് ഷെഡ്യൂളിംഗ് ചെയ്തിട്ടുണ്ട്. 19ന് രാത്രിയോടെ മുഴുവന്‍ ഫലവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാവുന്ന രൂപത്തിലാണ് ഈ ഷെഡ്യൂളിംഗ്.

ഇത്തരത്തില്‍ ദേവമാത കോളേജ് പ്രിന്‍സിപ്പാള്‍ എം ജെ മാത്യുവിന്റെ ഔദ്യോഗിക പ്രൊഫൈലില്‍ ലഭ്യമായ കോളേജ് റിസള്‍ട്ടാണ് റിസള്‍ട്ട് ചോര്‍ന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. ഇത് സര്‍വകലാശാലയുടെ ഔദ്യോഗിക റിസള്‍ട്ട് തന്നെയാണെന്ന് മന്ത്രി ഡോ.ബിന്ദുവും വ്യക്തമാക്കി. സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ നാലുവര്‍ഷ ബിരുദ പരീക്ഷയുടെ ഫലം ലഭ്യമാക്കാന്‍ പ്രയത്നിച്ച് വിജയം കണ്ടതിന് സര്‍വകലാശാലാ നേതൃത്വത്തെ മന്ത്രി ഡോ. ബിന്ദു അഭിനന്ദിച്ചു.