തിരുവനന്തപുരം: എയര്‍ കേരളയ്ക്ക് പകരം കെ ചാര്‍ട്ടറും നടക്കില്ല. ഇതോടെ കെ ഷിപ്പിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് പിണറായി സര്‍ക്കാര്‍ നീക്കം. കേരളത്തിലെ പ്രവാസികള്‍ക്കായി തിരക്കുള്ള സീസണില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വിമാനക്കമ്പനികളുമായും വ്യോമയാന മന്ത്രാലയവുമായും ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രാനുമതി ചാര്‍ട്ടര്‍ സര്‍വ്വീസിന് കിട്ടില്ല. ഇത് മനസ്സിലാക്കിയാണ് കേരളത്തിന്റെ പുതിയ നീക്കം. ഇനി ഗള്‍ഫിലേക്കു യാത്രക്കപ്പല്‍ സര്‍വീസിനു മുന്‍ഗണന നല്‍കും. രാജ്യാന്തര വിമാന സര്‍വീസ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടായതിനാല്‍ സംസ്ഥാനത്തിനു പരിമിതിയുണ്ടെന്നാണ് കേന്ദ്രം ചാര്‍ട്ടര്‍ സര്‍വ്വീസില്‍ എടുത്തത്. കേരളം ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തുന്നത് വിമാനക്കമ്പനികള്‍ക്കു നഷ്ടമുണ്ടാകും. വിമാനകമ്പനികളുടെ സര്‍വ്വീസിന് ആളു കുറയും എന്നതിനാലാണ് ഇത്. ഈ പ്രതിസന്ധിയുണ്ടായാല്‍ കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ കുറച്ച് വിമാനക്കമ്പനികള്‍ പ്രതികാരവും ചെയ്യുമെന്നാണ് വിലയിരുത്തല്‍. നേരത്തെ എയര്‍ കേരള എന്ന സ്വന്തം വിമാന കമ്പനിക്കും കേരളം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഹൃസ്വ ദൂര സര്‍വ്വീസ് നടത്തി പരിചയമുണ്ടെങ്കിലേ ദീര്‍ഘദൂര സര്‍വ്വീസിന് അനുമതി കിട്ടൂവെന്നത് ഈ വിമാന കമ്പനി രൂപീകരണത്തിന് വിനയായി.

ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് സര്‍വീസ് എന്ന ആശയം വന്നത്. 202324ലെ ബജറ്റില്‍ പദ്ധതിയും 15 കോടി രൂപയുടെ കോര്‍പസ് ഫണ്ടും പ്രഖ്യാപിച്ചു. ചാര്‍ട്ടര്‍ ചെയ്യാനുള്ള ക്വട്ടേഷനുകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍നിന്നു വാങ്ങി ഈ സീറ്റുകളില്‍ മിതമായ നിരക്കില്‍ ടിക്കറ്റ് നല്‍കാനായിരുന്നു ഉദ്ദേശ്യം. എയര്‍ലൈന്‍ ഓപ്പറേറ്ററുടെ നഷ്ടം നികത്താനാണ് കോര്‍പസ് ഫണ്ട്. 26% സര്‍ക്കാര്‍ ഓഹരിയുമായി 'എയര്‍ കേരള' എന്ന പേരില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള ആലോചന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണുണ്ടായത്. ഇതും നടപ്പാക്കിയെടുക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു. അതും കേന്ദ്ര നിബന്ധനകളില്‍ തട്ടി തെറിച്ചു.

അതിനിടെ കെ ഷിപ്പിന് സാധ്യത കൂടുകയാണ്. ഗള്‍ഫിലേക്കുള്ള യാത്രക്കപ്പല്‍ പദ്ധതിയില്‍ 4 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. ചെന്നൈയിലെ വൈറ്റ് സീ ഷിപ്പിങ് ലൈന്‍സ്, കോഴിക്കോട്ടെ ജബല്‍ വെഞ്ചേഴ്‌സ് എന്നിവ പദ്ധതിരേഖ കൈമാറി. കപ്പലിന്റെ വിശദാംശം സഹിതം അനുമതിക്കായി ഷിപ്പിങ് ഡയറക്ടറേറ്റിന് അപേക്ഷ നല്‍കാന്‍ ഇവരോടു നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ്. നിര്‍ദിഷ്ട യു.എ.ഇ.-കൊച്ചി- ബേപ്പൂര്‍ കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുമെന്നാണ് ഇത് നല്‍കുന്ന പ്രതീക്ഷ. സാധാരണക്കാരായ പ്രവാസികളില്‍നിന്നു വിമാന കമ്പനികള്‍ ആഘോഷ - അവധിവേളകളില്‍ വന്‍ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതു നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും അറിയിച്ച സാഹചര്യത്തിലാണു കപ്പല്‍ സര്‍വീസ് എന്ന ആവശ്യം ഉയരുന്നത്.

10,000 രൂപ നിരക്കില്‍ 200 കിലോ ലഗേജിനോടൊപ്പം മൂന്നു ദിവസം കൊണ്ട് ഗള്‍ഫ് സെക്ടറില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും എത്താനാവും. പുറമേ ചുരുങ്ങിയ ചെലവില്‍ കാര്‍ഗോ കയറ്റിറക്കുമതിക്കും അവസരം ലഭിക്കുമെന്നാണു വിലയിരുത്തല്‍. യു.എ.ഇ. പ്രതിനിധി സംഘം ദുബായ്- കേരള സെക്ടറില്‍ ചാര്‍ട്ടേഡ് യാത്രാകപ്പല്‍, വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവശ്യകതയും സാധ്യതയും ഉള്‍പ്പെടുത്തി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ആരംഭിച്ചത്.

ബേപ്പൂര്‍ തുറമുഖത്തിന് (ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്പി.എസ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതും പദ്ധതിക്ക് നിര്‍ണ്ണായകമാണ്. ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ ചെയ്ഞ്ച് (ഇ.ഡി.ഐ.) സംവിധാനം സജ്ജമാക്കുന്നതുവഴി വിദേശ കാര്‍ഗോ, പാസഞ്ചര്‍ കപ്പലുകള്‍ നേരിട്ടടുപ്പിക്കാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതും ചാര്‍ട്ടര്‍ ഷിപ്പ് സര്‍വീസിനു കരുത്താകുമെന്നുതും പ്രത്യേകതയാണ്. ബേപ്പൂരിനൊപ്പം കൊച്ചിയിലും കപ്പല്‍ യുഎഇയില്‍ നിന്നെത്തുമ്പോള്‍ യാത്രക്കാരും കൂടും. കൂടുതല്‍ പ്രവാസികള്‍ക്ക് പ്രയോജനം ലഭിക്കും. ഗള്‍ഫില്‍നിന്നു യാത്രാക്കപ്പല്‍ സര്‍വീസിനു കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) മാതൃകയില്‍ പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ കമ്പനിയാണ് ആലോചനയിലുള്ളത്. കെ ഷിപ്പ് എന്നാകും പദ്ധതിയുടെ പേരെന്നാണ് സൂചന.

സര്‍ക്കാരും കേരള മാരിടൈം ബോര്‍ഡും നോര്‍ക്കയും നിക്ഷേപകരും ചേര്‍ന്നുള്ള ബിസിനസ്സ് മോഡലാണ് ആലോചനയിലുള്ളത്. മതിയായ യാത്രക്കാരെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒരു ട്രിപ്പില്‍ 1500 പേരെ കിട്ടുക പ്രയാസമല്ലെന്നാണു പ്രവാസി സംഘടനാ പ്രതിനിധികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കപ്പലില്‍ 10,000 രൂപ നിരക്കില്‍ യാത്ര ചെയ്യാമെങ്കില്‍, വിമാന കമ്പനികള്‍ 20,000 മുതല്‍ 60,000 വരെയാണു ഈടാക്കുന്നത്. വിമാനത്തില്‍ 15-30 കിലോഗ്രാം ലഗേജിന്റെ സ്ഥാനത്തു കപ്പലില്‍ 40-50 കിലോ അനുവദിക്കും. മൂന്നര ദിവസം കൊണ്ട് കേരളത്തിലെത്താം. വിനോദ സഞ്ചാരികള്‍ക്കും ഈ കപ്പല്‍ പ്രിയപ്പെട്ടതാകാന്‍ സാധ്യത ഏറെയുണ്ട്.