കോന്നി: സര്‍ക്കാര്‍ ഓഫീസില്‍ കയറി കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ ഷോ കാണിക്കുന്നത് ആദ്യത്തെ സംഭവം അല്ല. ഡിവൈഎഫ്ഐ നേതാവായിരിക്കുമ്പോഴും സിപിഎം സീതത്തോട് ലോക്കല്‍ സെക്രട്ടറി ആയിരിക്കുമ്പോഴുമൊക്കെ ജനീഷ് സര്‍ക്കാര്‍ ഓഫീസ് ആക്രമണത്തിനടക്കം നേതൃത്വം നല്‍കിയിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടി ഇടപെട്ട് സംരക്ഷിച്ചതിന്റെ ഫലമായി ഇത്തരം പ്രവൃത്തികള്‍ തുടരുകയാണ് ചെയ്തിട്ടുള്ളത്.

2009 ലെ ചിറ്റാര്‍ എക്സൈസ് ഓഫീസ് ആക്രമണം

2009 ല്‍ ജനീഷ് സീതത്തോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആയിരിക്കുന്ന സമയത്ത് ബന്ധുവായ പ്രസാദ് എന്നയാളെ ആറു ലിറ്റര്‍ ചാരായവുമായി ചിറ്റാര്‍ എക്സൈസ് പിടികൂടി. പ്രതിയെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ആവശ്യവുമായി ജനീഷ് എക്സൈസ് ഓഫീസില്‍ എത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ വിടില്ലെന്ന് കണ്ടപ്പോള്‍ 25,000 രൂപ കൈക്കൂലി ഓഫര്‍ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ ഒരു കാരണവശാലും വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ കടുംപിടുത്തം പിടിച്ചതോടെ ജനീഷിന്റെ മട്ടുമാറി. ജീവനക്കാരെ അസഭ്യം പറയുകയും മേശപ്പുറത്തിരുന്ന ഫോണ്‍ അടിച്ചു തകര്‍ക്കുകയും കേസ് രേഖകള്‍ വലിച്ചു കീറുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു വച്ചു. ഓഫീസ് അടിച്ചു തകര്‍ത്തിട്ട് പോകണ്ട എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

വിവരമറിഞ്ഞ ജനീഷിന്റെ കൂട്ടാളിയാ പ്രമോദ് എന്ന സിപിഎം നേതാവ് (നിലവില്‍ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്) ആള്‍ക്കാരെയും കൂട്ടി ഓഫീസില്‍ എത്തി. ഓഫീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഓഫീസിനുള്ളില്‍ കയറി ജനീഷിനെയും ചാരായവുമായി പിടിയിലായ പ്രതിയെയും ബലമായി മോചിപ്പിച്ച് കടന്നു കളഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതോടെ ചിറ്റാറില്‍ നിന്നും എക്സൈസ് ഓഫീസ് വടശേരിക്കരയിലേക്ക് മാറ്റേണ്ടി വന്നു. ജനീഷ് അടക്കമുളളവരെ പ്രതിയാക്കി എടുത്ത കേസില്‍ റാന്നി കോടതിയിലാണ് നടന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷം ഈ കേസ് പിന്‍വലിക്കുകയാണുണ്ടായത്.

തീയറ്ററിന് വൈദ്യുതി കണക്ഷന്‍: ഭീഷണി കെഎസ്ഇബി എന്‍ജിനീയര്‍ക്ക് എതിരേ

2022 നവംബറിലാണ് തീയറ്ററിന് ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് നേരിട്ട് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വിസമ്മതിച്ച എന്‍ജിനീയറെ ജനീഷ്‌കുമാര്‍ എംഎല്‍എ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. കോന്നിയിലെ ശാന്തി തീയറ്ററിന് (എസ് സിനിമാസ്) സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ച ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന ആവശ്യവുമായിട്ടായിരുന്നു ഭീഷണി. ഉന്നത ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഉദ്യോഗസ്ഥര്‍ വഴി വിട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ അങ്ങോട്ട് വരുത്തരുതെന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. തനി ഗുണ്ടായിസമാണ് എംഎല്‍എയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നത്.

പുതുക്കി നിര്‍മിച്ച ശാന്തി തീയറ്ററിന് വൈദ്യുതി താരിഫ് മാറ്റുന്നതിന് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. ഇതിനായി തീയറ്റുടമകള്‍ അപേക്ഷ നല്‍കിയിരുന്നു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും മറ്റുമായി അഞ്ചു ലക്ഷത്തോളം രൂപ വൈദ്യുതി വകുപ്പില്‍ കെട്ടിവയ്ക്കേണ്ടതുണ്ട്. അപ്പോഴാണ് പ്രധാനമന്ത്രി കൗശല്‍ യോജന പദ്ധതിയുടെ ഭാഗമായി ഇവിടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. കേന്ദ്രപദ്ധതിക്ക് വേണ്ടി മാത്രമായി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് മറ്റ് സ്ഥാപനങ്ങള്‍ക്ക് കണക്ഷന്‍ നല്‍കണമെങ്കില്‍ കലക്ടറുടെ പ്രത്യേക ഉത്തരവ് വേണ്ടി വരും.

നടപടിക്രമങ്ങള്‍ ഇതായിരിക്കേ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീയറ്ററിന് കണക്ഷന്‍ കൊടുത്തേ തീരുവെന്ന് എംഎല്‍എ വാശി പിടിക്കുകയായിരുന്നു. ഇതിനായി കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരെ എംഎല്‍എ ബന്ധപ്പെട്ടു. നിയമപ്രകാരം ഇത് സാധ്യമല്ലെന്ന് അവര്‍ പറഞ്ഞപ്പോഴാണ് എംഎല്‍എയുടെ മട്ടു മാറിയതും ഭീഷണി മുഴക്കിയതും. എംഎല്‍എയാണ് പറയുന്നതെന്നൊക്കെ ജനീഷ് പറഞ്ഞു. ആര് പറഞ്ഞാലും നിയമം വിട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ സംസാരത്തിന്റെ ടോണ്‍ മാറി. തന്നെ അങ്ങോട്ട് വരുത്തരുതെന്ന മട്ടിലായി സംസാരം. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇത് വകവച്ചില്ല. എന്ത് നടപടിയുണ്ടായാലും നിയമം വിട്ടൊന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.

ഈ നടപടി ക്രമത്തിന്റെ നാള്‍ വഴി ഇങ്ങനെ:

2021 എപ്രില്‍ 20 ന് കോന്നി ശാന്തി തീയറ്റര്‍ ഉടമ രാജേഷ് നായര്‍ വൈദ്യുതി ശേഷി ഒമ്പത് കിലോവാട്ടില്‍ നിന്ന് 79 കിലോവാട്ടിലേക്ക് കൂട്ടുന്നതിനായി കോന്നി കെഎസ്ഇബിയില്‍ അപേക്ഷ നല്‍കുന്നു. അന്നു തന്നെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്റ്റിമേറ്റ് എടുത്തു. 100 കിലോവാട്ട് ആമ്പിയറിന്റെ (കെവിഎ) ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് 30 മീറ്റര്‍ ദൂരത്തില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ വലിക്കണം. ഇതിന് ലേബര്‍ ചാര്‍ജ് അടക്കം 5,15,362 രൂപയുടെ എസ്റ്റിമേറ്റ് നല്‍കി. പക്ഷേ ഉടമ പണം അടച്ചില്ല.

ഓഗസ്റ്റ് എട്ടിന് ജനീഷ്‌കുമാര്‍ എംഎല്‍എ കോന്നി കെഎസ്ഇബിയില്‍ ഒരു എസ്്റ്റിമേറ്റ് ആവശ്യപ്പെടുന്നു. എലിയറയ്ക്കല്‍ ജങ്ഷനില്‍ 100 കെവിഎ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. ഇവിടെ തുടങ്ങാന്‍ പോകുന്ന കൗശല്‍കേന്ദ്രയ്ക്കും വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനും വേണ്ടിയാണിതെന്നും സൂചിപ്പിച്ചിരുന്നു. അന്ന് തന്നെ എ.ഇ എസ്റ്റിമേറ്റ് തയാറാക്കി പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചു. എസ്റ്റിമേറ്റ് തുക5,20,238 രൂപ.

സെപ്റ്റംബര്‍ 22 ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി.

കോന്നി എലിയറയ്ക്കല്‍ ജങ്ഷനില്‍ 100 കെവി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 5,20238 രൂപ അനുവദിക്കണമെന്ന് കാട്ടി ഒക്ടോബര്‍ 10 ന് എംഎല്‍എ ജില്ലാ കലക്ടര്‍ക്ക് കത്തു നല്‍കി.ഒക്ടോബര്‍ 16 ന് ജില്ലാ കലക്ടര്‍ പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് തയാറാക്കാനും നിര്‍ദേശിച്ച് കത്തു നല്‍കി. ഒക്ടോബര്‍ 20 ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡിമാന്‍ഡ് നോട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കി.

26 ന് ജില്ലാ കലക്ടര്‍ മേല്‍പ്പറഞ്ഞ തുകയ്ക്ക് ഭരണാനുമതി നല്‍കി. നവംബര്‍ 25 ന് തുക ജില്ലാ കലക്ടര്‍ കെഎസ്ഇബിയില്‍ ഒടുക്കി

2022 ജൂണ്‍ 16 ന് ഈ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് എസ് സിനിമാസിന് കണക്ഷന്‍ നല്‍കാന്‍ എംഎല്‍എ നിര്‍ദേശിച്ചു ഓഗസ്റ്റ് 19 ന് സാധാരണ ജനങ്ങള്‍ക്ക് കെഎസ്ഇബി സര്‍വീസ് കണക്ഷന്‍ നല്‍കുന്നില്ലെന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ഓഗസ്റ്റ് 22 ന് കോന്നി എഇ ഈ ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി 100 കെവിഎയില്‍ നിന്ന് 167 കെവിഎ ആക്കി ഉയര്‍ത്താനുള്ള ശിപാര്‍ശ നല്‍കി. ഇതിനായി എസ് സിനിമാസ് 2,24045 രൂപ അടയ്ക്കണം.

സെപ്റ്റംബര്‍ ഒന്നിന് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി ഇക്കാര്യത്തില്‍ കലക്ടറുടെ രേഖാമൂലമുളള ഉത്തരവ് വേണമെന്ന് അറിയിച്ചു. രണ്ടിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കോന്നി എഇയുടെ ശിപാര്‍ശ നിരസിച്ചു. മൂന്നിന് കോന്നി എഇ ചട്ടപ്പടി 4,90,227 രൂപ അടച്ചാല്‍ എസ് സിനിമാസിന് ഈ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് കണക്ഷന്‍ നല്‍കാമെന്ന് അറിയിച്ചു. ഈ വിഷയത്തിലാണ് എംഎല്‍എ ഭീഷണി മുഴക്കിയത്.

വെടിവെയ്പ് കേസില്‍ റെയ്ഡിന് വന്ന പോലീസിനെ തടഞ്ഞു

പ്രമാടത്ത് സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കാറില്‍ തറഞ്ഞു കയറിയ വെടിയുണ്ടയുടെ ഉറവിടം പരിശോധിക്കാന്‍ ചെന്ന പത്തനംതിട്ട പോലീസിനെ തടയാന്‍ ശ്രമിച്ചതാണ് മറ്റൊരു സംഭവം. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് ചെയ്യാന്‍ വരുന്നുവെന്ന് മനസിലാക്കിയ, പ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ സഹായം തേടി. കേസ് കോന്നി പൊലീസ് സ്റ്റേഷനിലാണെന്ന് കരുതി എംഎല്‍എ അവിടേക്ക് ആണ് ബന്ധപ്പെട്ടത്. എന്നാല്‍, പത്തനംതിട്ട സ്റ്റേഷനില്‍ നിന്നാണ് പൊലീസ് വന്നത്. പത്തനംതിട്ടയുടെ ലിമിറ്റിലാണ് പ്രമാടം. വിവരം അറിഞ്ഞു പാഞ്ഞു വന്ന എംഎല്‍എ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പോകുന്നയാളാണ് തന്റെ കക്ഷിയെന്നും അയാളെ താറടിക്കാനാണ് വ്യാജ പരാതിയെന്നും എംഎല്‍എ പറഞ്ഞു. പൊലീസിന് താക്കീതും നല്‍കി. എന്നാല്‍, പൊലീസ് എംഎല്‍എയുടെ ആവശ്യം അംഗീകരിച്ചില്ല. റെയ്ഡ് നടക്കുകയും ചെയ്തു.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ടൂര്‍ വിവാദം: തഹസില്‍ദാരുടെ കസേരയില്‍ ഇരുന്ന് ഷോ

കോന്നി താലൂക്ക് ഓഫീസില്‍ നിന്നുള്ള ജീവനക്കാര്‍ ഒന്നടങ്കം ടൂര്‍ പോയ സംഭവം വിവാദമാക്കിയത് ജനീഷ് ആയിരുന്നു. ചാനല്‍ പ്രവര്‍ത്തകരെയും കൂട്ടി താലൂക്ക് ഓഫീസില്‍ കടന്നു ചെന്ന എംഎല്‍എ നേരെ തഹസില്‍ദാരുടെ കസേരയില്‍ ഇരിപ്പുറപ്പിച്ച ശേഷമായിരുന്നു ചോദ്യവും പറച്ചിലുമൊക്കെ. ജീവനക്കാരുടെ വിനോദസഞ്ചാരം മഹാ അപരാധമാക്കി ചിത്രീകരിച്ച് ചാനലുകളില്‍ നിറഞ്ഞു നിന്ന ജനീഷിന് പക്ഷേ, ഈ വിഷയത്തില്‍ തിരിച്ചടി നേരിടേണ്ടി വന്നു. എംഎല്‍എയു സ്ഥാപിത താല്‍പര്യത്തിന് തഹസില്‍ദാര്‍ അടക്കം വഴങ്ങാതെ ഇരുന്നതാണ് ഈ നാടകം കളിക്ക് കാരണമായതെന്ന ആരോപണവുമായി സിപിഐയും സര്‍വീസ് സംഘടനയായ ജോയിന്റ കൗണ്‍സിലും രംഗത്തു വന്നു. തഹസില്‍ദാരുടെ കസേരയില്‍ കയറിലുള്ള ഇരുപ്പ് അപക്വമാണെന്ന് സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു. സിപിഎമ്മിന്റെ ഭാഗത്തു നിന്നും ജനീഷിന് പിന്തുണ കിട്ടിയില്ല.

എംഎല്‍എ നാടകം കളിച്ചുവെന്ന ആരോപണവുമായി സിപിഐ മണ്ഡലം കമ്മറ്റി രഗഗത്തു വന്നു. ഭിന്നശേഷിക്കാരനെയടക്കം ഇറക്കി ചാനലുകളെയും കൂട്ടി ജനീഷ് സെറ്റിട്ട് നടപ്പാക്കിയതാണ് നാടകമെന്നും ആരോപണം. 19 ജീവനക്കാരാണ് ആകെ അവധിയെടുത്ത് ടൂര്‍ പോയത്. ഇവരുടെ കുടുംബാംഗങ്ങള്‍ അടക്കം 40 പേര്‍ ഒറ്റ ബസിലാണ് പോയിരിക്കുന്നത്. അതില്‍ എന്‍ജിഓ യൂണിയന്റെയും അസോസിയേഷന്റെയും ജില്ലാ നേതാക്കള്‍ അടക്കം ഉണ്ടായിരുന്നു. എല്ലാവരും നിയമാനുസരണം അവധിയെടുത്താണ് പോയത്.

താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തില്‍ എം.എല്‍.എയുടെ നടപടി പക്വത ഇല്ലാത്തതാണ്. കൃത്യമായി ആസൂത്രണം ചെയ്ത നാടകം പോലെയുള്ള കാര്യങ്ങള്‍ ആണ് ഇതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ നടന്നത്. ഭരണ കക്ഷി എം.എല്‍.എയായ അഡ്വ കെ.യു. ജനീഷ് കുമാര്‍ പ്രതിപക്ഷ എം എല്‍ എ യെ പോലെയാണ് പെരുമാറിയത്. തഹല്‍സിദാര്‍ രേഖാമൂലം രണ്ട് ദിവസത്തെ അവധി എടുത്തത്തിന് ശേഷം അഡീഷണല്‍ തഹല്‍സീല്‍ദാര്‍ക്ക് ആയിരുന്നു ചുമതല നല്‍കിയിരുന്നത്. 19 ജീവനക്കാരും പല തവണയായി രേഖാമൂലം അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതില്‍ അസ്വാഭാവികത ഉണ്ടെന്ന് കാണുന്നില്ല. വില്ലേജ് ഓഫീസുകളും മറ്റും വര്‍ഷാവസാന പരിശോധനകള്‍ നടക്കുന്നതിനാലും പകുതിയിലധികം ആളുകള്‍ ഫീല്‍ഡ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ച് വന്നതിനാലും ഉദ്യോഗസ്ഥര്‍ ഈ ജോലിയുമായി പോയിരുന്നു.

കൂടാതെ ഡെപ്യൂട്ടി തഹല്‍സീദാര്‍ക്ക് ചുമതല നല്‍കിയതിനാല്‍ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതുമില്ല. മാത്രമല്ല താലൂക്ക് ഓഫീസ് രജിസ്റ്റര്‍ പരിശോധിക്കാന്‍ ജനപ്രതിനിധിക്ക് അനുവാദമില്ല. താലൂക്കിലെ രജിസ്റ്റര്‍ പരിശോധിച്ച നടപടിയും അപക്വമാണ്. മന്ത്രി കെ രാജന്‍ വളരെ ജാഗരൂകമായാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.റവന്യു വകുപ്പില്‍ കുഴപ്പങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. സി.പി.ഐയെയും റവന്യു വകുപ്പിനെയും കരിവാരി തേക്കാന്‍ എം എല്‍ എയും കൂട്ടരും നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതേപ്പറ്റി അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ജീവനക്കാരുടെ നടപടിയില്‍ തെറ്റില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ എംഎല്‍എ ഇളിഭ്യനായി.

ചിറ്റാര്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തത് അടക്കം നിരവധി കേസുകള്‍ എംഎല്‍എയുടെ പേരിലുണ്ട്. സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് തകര്‍ത്തത് ജനീഷ്‌കുമാര്‍ ആണെന്ന് മുന്‍ സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ജനീഷിന് ആദ്യം ഇവിടെ ജോലി ഉണ്ടായിരുന്നു. പിന്നീട് ജോലി രാജി വച്ച ജനീഷ് ആ ഒഴിവില്‍ ഭാര്യയെ കയറ്റി.

ജനീഷ് കുമാര്‍ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചത് 2017 ലാണ്. പ്യൂണായിട്ടായിരുന്നു നിയമനം. ഡിഗ്രി പാസായവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ പ്യൂണ്‍ തസ്തികയില്‍ സ്ഥിര നിയമനം പാടില്ലെന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഇത് നിലനില്‍ക്കുമ്പോഴാണ് ഡിഗ്രി പാസായ എംഎല്‍എയുടെ ഭാര്യയെ നിയമിച്ചത്. നിയമനം ജോയിന്റ് രജിസ്ട്രാര്‍ തടഞ്ഞതോടെ ഡിഗ്രി പാസായിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കി. പിന്നീട് ഇവര്‍ക്ക് ഇപ്പോള്‍ ജൂനിയര്‍ ക്ലാര്‍ക്കായി സ്ഥാനക്കയറ്റം നല്‍കി. 10 മാസത്തെ ജെഡിസി കോഴ്സ് പാസായതു കൊണ്ടാണ് നിയമനമെന്നാണ് പറഞ്ഞത്.

10 മാസം അവധിയെടുത്ത് കോഴ്സിന് പോയതോടെ ഇവരുടെ സീനിയോറിറ്റി നഷ്ടമായിരുന്നു. സഹകരണ സംഘം പരീക്ഷാ ബോര്‍ഡില്‍ നിന്ന് നാലു പേരെ നിയമിച്ച് കഴിഞ്ഞതിന് ശേഷമേ ഒരു പ്യൂണിന് ജൂനിയര്‍ ക്ലാര്‍ക്കായി സ്ഥാനക്കയറ്റം നല്‍കാവൂ എന്നാണ് ചട്ടം. ഇതാണ് ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയത്. വിവാദമായതോടെ ജനീഷിന്റെ ഭാര്യ ജോലി രാജി വയ്ക്കുകയായിരുന്നു.