തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി പൃഥ്വിരാജാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തില്ല. ഇതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൈബറിടത്തില്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതില്‍ ശ്രദ്ദേയമായത് മുന്‍ ജൂറി അംഗമായിരുന്ന സാഹിത്യകാരനും തിരക്കഥാകൃത്തുമായ കെ വി മോഹന്‍കുമാറിന്റെ നിരീക്ഷണമാണ്.

അമിതമായ മേക്കപ്പോ ചമയങ്ങളോ രൂപമാറ്റമോ അല്ല ഒരാളെ മികവുറ്റ നടനും നടിയുമാക്കുന്നതെന്ന് മോഹന്‍കുമാര്‍ നിരീക്ഷിച്ചത്. 'കാതലി' ലെ ആത്മസംഘര്‍ഷം അനുഭവിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം മനസ്സില്‍ പതിഞ്ഞതായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു. ഇത്് മികച്ച നടനെ പ്രഖ്യാപിച്ചതിലെ തന്റെ വിയോജിപ്പായും കണക്കാക്കുന്നു.

സൂക്ഷ്മാഭിനയ ബോധമുള്ള ഒരു നടനുമാത്രം ആവിഷ്‌കരിക്കാനാവുന്ന കഥാപാത്രമായിരുന്നു അത്. മമ്മൂട്ടിയത് ഉജ്ജ്വലമാക്കിയെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. 'ഞങ്ങള്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍, കോളജ് നാടകങ്ങളില്‍ മുടിയും താടിയും നീട്ടിയ മേക്കപ്പിട്ട ഭ്രാന്തന്‍ വേഷങ്ങളും കുഷ്ഠരോഗി വേഷങ്ങളും പതിവായിരുന്നു. മിക്കവാറും അക്കൂട്ടരായിരുന്നു അമിതാഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം അടിച്ചു മാറ്റിയിരുന്നത്. വീണ്ടും സ്‌കൂള്‍, കോളേജ് നാടകങ്ങളിലേക്കതു തിരിച്ചുവരുമോ എന്നാണ് ഇപ്പോള്‍ തന്റെ ആശങ്ക'യെന്നും അദ്ദേഹം എഴുതുന്നു.

2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേറ്റവും മികച്ച സിനിമയായി അനുഭവപ്പെട്ടത് 'ഉള്ളൊഴുക്ക്' ആയിരുന്നു. സിനിമയുടെ പരിഗണന മികച്ച നടി എന്നതില്‍ മാത്രം ഒതുങ്ങിപ്പോയപ്പോള്‍ നിരാശതോന്നിയതായും അദ്ദേഹം പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം..

2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേക്കും മികവുറ്റ സിനിമയായി എനിക്ക് അനുഭവപ്പെട്ടത് 'ഉള്ളൊഴുക്ക്' ആയിരുന്നു. ഏറ്റവും നന്നായി ആവിഷ്‌കരിച്ച ചലച്ചിത്രം. ഉര്‍വശിയോടൊപ്പം പാര്‍വ്വതി തിരുവോത്തും ജീവന്‍ നല്‍കിയ ആ കഥാപാത്രങ്ങള്‍ ഉള്ളില്‍ പതിഞ്ഞിരുന്നു. മികവുകളുടെ പൂര്‍ണ്ണതയായിരുന്നു ക്രിസ്റ്റൊ ടോമിയുടെ 'ഉള്ളൊഴുക്ക്'. മികവുറ്റ എഡിറ്റിങ്, ഛായാഗ്രഹണം, മികച്ച കഥ , തിരക്കഥ, മഴയുടെ പുറമെയുള്ള ഒഴുക്കിനും കഥാപാത്രങ്ങളുടെ ഉള്ളൊഴുക്കിനും പശ്ചാത്തലമാകുന്ന സംഗീതം…മികവാര്‍ന്ന ആ ചിത്രത്തിനുള്ള പരിഗണന മികച്ച നടിയില്‍ ഒതുങ്ങിയപ്പോള്‍ നിരാശ തോന്നി.

സംഗീത സംവിധായകനായ വിദ്യാധരന്‍ മാഷിന് എഴുപത്തൊന്‍പതാമത്തെ വയസ്സിലെങ്കിലും സംഗീത സംവിധാനത്തിന് പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കില്‍ സന്തോഷം തോന്നിയേനേ. പക്ഷെ, അദ്ദേഹത്തെ ഗായകനെന്ന നിലയില്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ആ പാട്ട് കേട്ടപ്പോള്‍ സഹതാപവും നിരാശയും തോന്നി.

'തടവ്' കണ്ടപ്പോഴേ ബീനയുടെ കഥാപാത്രാവിഷ്‌കാരം ഉള്ളില്‍ പതിഞ്ഞിരുന്നു.'ആട്ടം' ദേശീയ തലത്തില്‍ നേടിയ അംഗീകാരവും ഗംഭീരമായി. അതുപോലെ 'സൗദി വെള്ളയ്ക്കയും'. രോഹിതിന്റെ തിരക്കഥയും (ഇരട്ട) കിടു ആയിരുന്നു. 'ആട് ജീവിത' ത്തിലെ ഹക്കീമായി വന്ന ഗോകുലിന്റേത് അനായാസേനയുള്ള സ്വാഭാവിക അഭിനയമായിരുന്നു. അഭിനന്ദനങ്ങള്‍ !

ഒരു കഥാപാത്രം ഭാവാവിഷ്‌കാരങ്ങളിലൂടെ കാഴ്ചക്കാരുടെ ഉള്ളില്‍ പതിയുമ്പോഴാണ് നടന്റെ /നടിയുടെ അഭിനയ മികവ്. അമിതമായ മേക്കപ്പോ ചമയങ്ങളോ രൂപമാറ്റമോ അല്ല ഒരാളെ മികവുറ്റ നടനും നടിയുമാക്കുന്നത്. 'കാതലി' ലെ ആത്മസംഘര്‍ഷം അനുഭവിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ മനസ്സില്‍ പതിഞ്ഞതായിരുന്നു. 'എന്റെ ദൈവമേ' എന്ന ആ വിളിയും ആ കണ്ണുകളില്‍ തെളിഞ്ഞ ദൈന്യവും നിസ്സഹായതയും അതി സൂക്ഷ്മമായ ഭാവാവിഷ്‌കാരങ്ങളും ഇപ്പോഴും മനസ്സില്‍ വിങ്ങുന്നു.

സൂക്ഷ്മാഭിനയ ബോധമുള്ള ഒരു നടനുമാത്രം ആവിഷ്‌കരിക്കാനാവുന്ന കഥാപാത്രമായിരുന്നു അത്. മമ്മൂട്ടിയത് ഉജ്ജ്വലമാക്കി. പ്രിയനന്ദനന്റെ 'നെയ്ത്തുകാരനി'ലെ അഭിനയത്തിന് നടന്‍ മുരളിക്ക് മികച്ച നടനുള്ള പുരസ്‌കരം നല്‍കിയ സംസ്ഥാന അവാര്‍ഡ് ജൂറിയില്‍ ഞാനുമുണ്ടായിരുന്നു. ടി.കെ. രാജീവ് കുമാറിന്റെ 'ശേഷ'ത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രവും അവസാന റൗണ്ടില്‍ പരിഗണനയ്ക്കു വന്നു. അന്ന് മുരളിയുടെ അസാധാരണമായ സൂക്ഷ്മാഭിനയമികവും ഭാവാവിഷ്‌കാരങ്ങളുമാണ് ജയറാമിനേക്കാള്‍ മുന്നിട്ടു നിന്നതും മുരളിയെ അവാര്‍ഡിന് അര്‍ഹനാക്കിയതും. പിന്നീട് അതേ വേഷത്തിനു മുരളിക്ക് ദേശീയ അവാര്‍ഡും ലഭിച്ചു.

ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ / കോളേജ് നാടകങ്ങളില്‍ മുടിയും താടിയും മുറ്റിയ മേക്കപ്പിട്ട ഭ്രാന്തന്‍ വേഷങ്ങളും കുഷ്ഠരോഗി വേഷങ്ങളും പതിവായിരുന്നു. മിക്കവാറും അക്കൂട്ടരായിരുന്നു അമിതാഭിനയത്തിലൂടെ 'best actor' പട്ടം അടിച്ചു മാറ്റിയിരുന്നത്. കാലം മാറി. sensibility മാറി. നടന്റെ / നടിയുടെ വൈഭവങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളും മാറി. അതോടെ ഭ്രാന്തന്‍ വേഷക്കാര്‍ക്ക് മികച്ച നടന്‍ പട്ടം കിട്ടാതായി. വീണ്ടും സ്‌കൂള്‍ / കോളേജ് നാടകങ്ങളിലേക്കതു തിരിച്ചുവരുമോ എന്നാണെന്റെ ആശങ്ക!

2023ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഈ വിധികളെല്ലാം മാറിമറിഞ്ഞേക്കും!.