തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്തതോടെ വീണ്ടും പ്രതിസന്ധിയിലായി സര്‍ക്കാറും സിപിഎമ്മും. എ പത്മകുമാറിനെ പുറത്താക്കാതെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന സിപിഎമ്മിന് ഇപ്പോഴത്തെ അവസ്ഥയില്‍ കടകംപള്ളിയെയും ന്യായീകരിക്കേണ്ട അവസ്ഥയിലായി. അതേസമയം മന്ത്രിയെന്ന നിലയില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന ന്യായീകരണമാണ് സിപിഎമ്മും കടകംപള്ളിയും മുന്നോട്ടു വെക്കുന്നത്.

അതേസമയം കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയ സാഹചര്യം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. 2019ലെ ദേവസ്വംമന്ത്രിയെന്ന നിലയില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. കടകംപള്ളിക്ക് പുറമേ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍നിന്നും എസ്ഐടി മൊഴിയെടുത്തിട്ടുണ്ട്.

സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരങ്ങള്‍. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് കടകംപള്ളിയുടെ മൊഴിയെടുക്കല്‍ ഇത്രയും വൈകിയതെന്നും ആക്ഷേപമുണ്ട്. അതേസമയം പ്രതിപക്ഷം വിഷയത്തില്‍ ആരോപണം കടുപ്പിക്കുകയാണ്.

സ്വര്‍ണക്കൊള്ളയിലെ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നതായാണ് പത്മകുമാര്‍ നേരത്തേ നല്‍കിയ മൊഴിയെന്നാണ് സൂചന. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നതായും പത്മകുമാര്‍ മൊഴി നല്‍കിയതായും വിവരമുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്ഐടി കടകംപള്ളിയെ നേരിട്ടുകണ്ട് മൊഴിയെടുത്തതെന്നും പറയുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നേരത്തേ പ്രതിപക്ഷം ഉള്‍പ്പെടെ കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണമുന്നയിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

അതേസമയം കടകംപള്ളിയെ ചോദ്യം ചെയ്തതോടെ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയാണ്. 'സ്വര്‍ണം കട്ടവര്‍ സഖാക്കളെന്ന' വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടാണ് വി ടി ബല്‍റാമിനെ പോലുള്ളവര്‍ രംഗത്തുവന്നത്. അതിനിടെ കേസില്‍ അന്വേഷണസംഘം വിപുലീകരിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ തീരുമാനം.

രണ്ട് സിഐമാര്‍ കൂടി അന്വേഷണ സംഘത്തില്‍ പങ്കാളികളാകും.അതേസമയം, ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം ഇന്ന് രാവിലെ ഡി മണി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവുകയായിരുന്നു. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി.

ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ഇയാള്‍ പൂര്‍ണമായും തള്ളി. വിഗ്രഹക്കടത്തില്‍ പങ്കില്ലെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടപെട്ട് ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടിയിരിക്കുകയാണ്. 14 ദിവസത്തേക്കാണ് നീട്ടിയത്. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനായിരിക്കും വിധി. ഉണ്ണികൃഷ്ണന്‍ പോറ്റി , ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കി. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.