കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വടകര മണ്ഡലത്തില്‍ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസില്‍ വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകളും ചുമത്തിയത് നിര്‍ണ്ണായകമാകും. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച ചിലരെ പോലീസ് അറസ്റ്റു ചെയ്‌തേയ്ക്കും. കാഫിര്‍ കാസില്‍ നിലപാട് കടുപ്പിക്കാനാണ് പോലീസിലെ തീരുമാനം.

വ്യാജരേഖ ചമയ്ക്കല്‍ വകുപ്പുകള്‍ ചമുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പരിഗണിച്ചത്. വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതായി കാട്ടി മുഹമ്മദ് കാസിം പോലീസിന് പരാതി നല്‍കിയിട്ടും വാദിയായി കാണിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി. ഇത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. സി.പി.എം. നേതാവ് നല്‍കിയ പരാതിയില്‍ മുഹമ്മദ് കാസിം പ്രതിയാണ്. കാസിമിനെ പ്രതിയാക്കിയതിനെതിരേ ലീഗ് പ്രവര്‍ത്തകനായ ഇസ്മയില്‍ നല്‍കിയ പരാതി പ്രകാരമാണ് രണ്ടാമത്തെ കേസ്. വിഷയം ഒന്‍പതിന് വീണ്ടും പരിഗണിക്കും. സ്‌ക്രീന്‍ ഷോട്ട് കാസിം പ്രചരിച്ചിതിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കാസിമിന്റെ പേരില്‍ ആരോ വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കുകയായിരുന്നു. സിപിഎം മുന്‍ എംഎല്‍എ കെകെ ലതിക അടക്കം കാസിമിന്റെ പേരിലുള്ള വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് പങ്കുവച്ചിരുന്നു. വടകരയില്‍ സിപിഎം ജയം ലക്ഷ്യമിട്ടായിരുന്നു പ്രചരണം.

പരാതിക്കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരനെ കേസില്‍ വാദിയാക്കിയില്ലെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ രണ്ട് പുതിയ കുറ്റങ്ങളാണ് ഇപ്പോള്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി. 468, ഐ.പി.സി. 471 വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്.

പരാതിയില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ പലതും എഫ്.ഐ.ആറിന്റെ ഭാഗമായി വന്നിട്ടില്ലെന്ന് കേസില്‍ ഹൈക്കോടതിയെ സമീപിച്ച കാസിം മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വശദീകരണം തേടി. ഇതിനെത്തുടര്‍ന്നാണ് രണ്ട് വകുപ്പുകള്‍ കൂടി ചുമത്താന്‍ പോലീസ് തയ്യാറായിരിക്കുന്നത്. അതേസമയം വ്യാജ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കാസിം പരാതിപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പരാതിക്കാരന്‍ വാദിയായി മാറിയില്ലെന്നും കോടതി ചോദിച്ചു.

ഇതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കോടതിയുടെ ഇനിയുള്ള നിലപാട് നിര്‍ണ്ണായകമാകും. വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ പല പ്രധാനികളും അറസ്റ്റിലാകും. വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുകയും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും കാട്ടിയാണ് കാസിം പരാതി നല്‍കിയത്.