വടകര : കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കുറ്റാരോപിതനായ റിബേഷ് രാമകൃഷ്ണന്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു. റിബേഷ് രാമകൃഷ്ണന്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചിട്ടില്ല. സ്‌ക്രീന്‍ഷോട്ട് റിബേഷ് ഫോര്‍വേഡ് ചെയ്തു എന്ന് അംഗീകരിക്കുന്നുവെന്ന് ഷൈജു പറഞ്ഞു. വടകരയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച നുണപ്രചാരണങ്ങള്‍ക്കെതിരെ ബഹുജന പോരാട്ടം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിബേഷ് രാമകൃഷ്ണനും വേദിയില്‍ ഉണ്ടായിരുന്നു.

സ്‌ക്രീന്‍ ഷോട്ട് റിബേഷ് ഫോര്‍വേഡ് ചെയ്തത് വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയില്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് റിബേഷ് ചെയ്തത്. സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് പറക്കല്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്.

റിബേഷിന് ഡിവൈഎഫ്‌ഐ പൂര്‍ണ പിന്തുണ നല്‍കും. ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെ. റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ഡിവൈഎഫ്‌ഐ തയ്യാറാണ്. റിബേഷാണ് പ്രതിയെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാം ഡിവൈഎഫ്‌ഐ നല്‍കും. ശക്തമായ അന്വേഷണം നടന്നാല്‍ ഇതിനെല്ലാം പിന്നില്‍ വ്യാജ പ്രസിഡന്റുമാര്‍ ആണെന്ന് തെളിയുമെന്നും രാഹുല്‍ മാങ്കൂട്ടത്തെ ലക്ഷ്യം വെച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകന്‍ എന്ന നിലയില്‍ റിബേഷ് ഫോര്‍വേഡ് ചെയ്തതാണെന്നാണ് പിസി ഷൈജുവിന്റെ വിശദീകരണം. യുഡിഎഫ് അത് തെറ്റായി വ്യാഖ്യാനിച്ചെന്നും റിബേഷ് നിര്‍മിച്ചു എന്ന് പ്രചരിപ്പിച്ചുവെന്നും ഷൈജു കുറ്റപ്പെടുത്തി. ആര് വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും വേണമെങ്കില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കമെന്നും അദ്ദേഹം പറഞ്ഞു. റിബേഷ് ആണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് എന്ന് തെളിയിക്കട്ടെയെന്ന് പിസി ഷൈജു വ്യക്തമാക്കി.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. റിബേഷിന് പൂര്‍ണപിന്തുണയെന്നും ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ലീഗും, കോണ്‍ഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് ഡിവൈഎഫ്‌ഐ. പ്രതികരിച്ചു.