കളമശേരി: കഞ്ചാവില്‍ രാഷ്ട്രീയം കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇത് പക്ഷേ എസ് എഫ് ഐയ്ക്ക് ബാധകമല്ല. കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥി ഷാലിഖും കെഎസ്യു നേതാവെന്ന ആരോപണവുമായി വിഷയത്തെ കൂടുതല്‍ രാഷ്ട്രീയവത്സരിക്കുകയാണ് എസ് എഫ് ഐ. 2023 ലെ കെഎസ്യു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോളിയില്‍ ഉദ്ഘാടനം ചെയ്തത് ഷാലിഖാണ്. കോളേജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് അറസ്റ്റിലായ ഷാലിഖും ആഷിഖും. ഇരുവരെയും ചോദ്യം ചെയ്യുകയാണ് പൊലീസ്.

കളമശ്ശേരി പോളിടെക്നിക് കോളജില്‍ കഞ്ചാവ് പിടിച്ച കേസിലെ പ്രതി ഷാലിക് കെഎസ്യു പ്രവര്‍ത്തകനെന്ന് എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറയുന്നു. ഷാലിക് 2023ല്‍ കെഎസ്യു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോളിയില്‍ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയും ആര്‍ഷോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് കെഎസ്യു ജില്ലാ നേതൃത്വം അറിയിച്ചത്. കഞ്ചാവ് കേസുകളില്‍ രാഷ്ട്രീയം കാണരുതെന്നും അതിനെ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണെന്നും മന്ത്രി റിയാസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവ് അറസ്റ്റില്‍ രാഷ്ട്രീയ വിവാദം എസ് എഫ് ഐ ആളികത്തിക്കുന്നത്. നിലവിലെ എസ് എഫ് ഐ നേതൃത്വവും ആര്‍ഷോയുടെ വാദങ്ങള്‍ ചര്‍ച്ചയാക്കുന്നുണ്ട്.

അതിനിടെ കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അഭിരാജിനെതിരെ സംഘടനാ നടപടിയും എടുത്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ അഭിരാജിനെ എസ്.എഫ്.ഐ പുറത്താക്കി. എസ്എഫ്‌ഐയെ മനപ്പൂര്‍വം മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പ്രതികരിച്ചു. കളമശ്ശേരി കഞ്ചാവ് കേസില്‍ അറസ്റ്റിലായ ആകാശ്, ഷാലിഖ്, ആഷിഖ് എന്നിവര്‍ സജീവ കെഎസ്‌യു പ്രവര്‍ത്തകരാണ്. ഇവരെല്ലാം ഒരുമിച്ചിരിക്കുന്ന കെഎസ്‌യു മീറ്റിങ്ങിന്റെ ഫോട്ടോയുണ്ടെന്നും പി.എസ് സഞ്ജീവ് പറഞ്ഞു. ഷാലിഖ് കെഎസ്യു പ്രവര്‍ത്തകനാണെന്നത് ഒരു മാധ്യമങ്ങളിലും ഇല്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടക്കുന്ന മൂന്നുപേരും കെ എസ് യു നേതാക്കളാണ്. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ സുരേഷിന്റെ കൂടെ ഗുണ്ടാ നേതാവ് മരട് അനീഷ് നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. കോണ്‍ഗ്രസ് നേതാക്കളോട് ചോദ്യം ചോദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും പി.എസ് സഞ്ജീവ് പറഞ്ഞു.

'കെ എസ് യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും മരട് അനീഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും എസ് എഫ് ഐ പുറത്തു വിട്ടു. കെ എസ് യു ജാഥ തൃശൂര്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് പ്രദര്‍ശിപ്പിച്ച ഫോട്ടോ. കൈരളിയോട് പ്രതിപക്ഷ നേതാവ് കയര്‍ത്തപ്പോള്‍ മറ്റുള്ളവര്‍ നോക്കി നിന്നു. ഇടതു വിരുദ്ധത ബാധിച്ച് സ്ഥലജല വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവിന്. നിലവാരമില്ലാത്ത രാഷ്ട്രീയ നേതാവാണ് വി ഡി സതീശന്‍. സത്യം പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം എന്നും സഞ്ജീവ് പറഞ്ഞു. ഒരു ലഹരി മാഫിയക്കും ക്യാമ്പസില്‍ സ്ഥാനമുണ്ടാവില്ല. ലഹരിക്കെതിരായ പോരാട്ടം എസ് എഫ് ഐ തുടരും. മാധ്യമങ്ങള്‍ കള്ള പ്രചാരണം അവസാനിക്കണം. പ്രതിപക്ഷ നേതാവ് കള്ളം വിളിച്ചു പറയുന്നു എന്നും സഞ്ജീവ് വ്യക്തമാക്കി.

പോളിടെക്നിക്കിലെ കെഎസ്യു നേതാക്കളായ രണ്ടുപേര്‍ക്ക് അനുവദിച്ചിരുന്ന മുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോള്‍ മുറിയിലുണ്ടായിരുന്ന മൂന്നുപേരില്‍ രണ്ട് കെഎസ്യുക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ദേശാഭിമാനിയും പറയുന്നു. ഇത് പോലീസ് നിഷേധിച്ചതുമാണ്. 1.909 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്ന ഹോസ്റ്റലിലെ ജി-2 മുറിയില്‍നിന്നാണ് കെഎസ്യു പ്രവര്‍ത്തകന്‍ കൊല്ലം കുളത്തൂപ്പുഴ വില്ലുമലയില്‍ എം ആകാശിനെ (21) അറസ്റ്റ് ചെയ്തത്. മറ്റൊരു മുറിയില്‍നിന്ന് 9.7 ഗ്രാം കഞ്ചാവുമായി ഹരിപ്പാട് വെട്ടുവേണി കാട്ടുകോയിക്കല്‍ ആദിത്യന്‍ കെ സുനില്‍ (20), കരുനാഗപ്പള്ളി തൊടിയൂര്‍ പാണംതറയില്‍ ആര്‍ അഭിരാജ് (21) എന്നിവരും അറസ്റ്റിലായി. മൂന്നുപേരും അവസാനവര്‍ഷ വിദ്യാര്‍ഥികളാണ്. ഇതില്‍ അഭിരാജ് എസ് എഫ് ഐയുടെ യൂണിയന്‍ നേതാവാണ്.

കെഎസ്യു നേതാവും കഴിഞ്ഞ പോളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ഥിയുമായിരുന്ന കെ എച്ച് ആദില്‍, അനന്തു എന്നിവര്‍ക്ക് അനുവദിച്ച മുറിയിലാണ് ആകാശ് താമസിച്ചിരുന്നത്. ആകാശിനെ റിമാന്‍ഡ് ചെയ്തു. ആദിത്യനെയും അഭിരാജിനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അലമാരയില്‍ വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴം രാത്രി ഒമ്പതോടെയാണ് പൊലീസും ഡാന്‍സാഫ് ടീമും പോളിടെക്‌നിക് മെന്‍സ് ഹോസ്റ്റല്‍ 'പെരിയാറി'ല്‍ പരിശോധന നടത്തിയത്. ചില്ലറ വില്‍പ്പനയ്ക്കായി കഞ്ചാവ് തൂക്കി പാക്ക് ചെയ്യാനുള്ള ഇലക്ട്രോണിക് ത്രാസ്, പാക്കറ്റുകള്‍, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങള്‍, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങള്‍ എന്നിവയും മുറികളില്‍നിന്ന് കണ്ടെടുത്തു.