തിരുവനന്തപുരം: കൊച്ചി കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എച്ച്എംടി യുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നിയമ മന്ത്രി പി രാജീവ് അറിയിച്ചു.

2023 ലെ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കിയത്. കേരള ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

27 ഏക്കര്‍ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുള്‍പ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 14, 19, 21 ആര്‍ട്ടിക്കിളുകള്‍ സങ്കല്‍പ്പിച്ച് മൂന്ന് ടവറുകളിലായാണ് ജൂഡീഷ്യല്‍ സിറ്റിയുടെ രൂപകല്‍പന. പ്രധാന ടവറില്‍ 7 നിലകളും മറ്റ് രണ്ട് ടവറുകളില്‍ 6 നിലകള്‍ വീതവും ഉണ്ടാകും.

ചീഫ് ജസ്റ്റിസിന്റേതുള്‍പ്പെടെ 61 കോടതി ഹാളുകള്‍, രജിസ്ട്രാര്‍ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികള്‍ക്കുള്ള മുറികള്‍, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങള്‍, ലൈബ്രറി ബ്ലോക്ക്, ആര്‍ബിട്രേഷന്‍ സെന്റര്‍, റിക്രൂട്ട്മെന്റ് സെല്‍, ഐ.ടി വിഭാഗം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി അതിവിപുലമായ സൗകര്യങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകള്‍, പാര്‍ക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവുമുള്‍പ്പെടെ 1000 കോടിയില്‍പരം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശ്ശേരിയാണെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്കൊപ്പം നടത്തിയ സ്ഥലപരിശോധനക്കുശേഷം വിലയിരുത്തിയിരുന്നു. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നതെന്നും പി രാജിവ് അറിയിച്ചു.