ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ സിനിമ കാണാനായി പോകുമ്പോഴാണ് ആ അപകടമുണ്ടായത്. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാന്‍ സിനിമാസിലേക്കായിരുന്നു യാത്ര. കാറില്‍ ചങ്ങനാശ്ശേരി റോഡില്‍നിന്ന് ഹൈവേയില്‍ക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും സൂചനയുണ്ട്. ഹൈവേയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നുവെന്നാണ് സൂചന. ഇതിനിടെ കനത്ത മഴയില്‍ കാഴ്ച പോയി. മഴയും ഇരുട്ടും എതിരേവന്ന വാഹനം കാണുന്നതിനു തടസ്സമായതാണ് കളര്‍കോട്ട് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

രാത്രി ഒന്‍പതരയ്ക്കും ഒന്‍പതേമുക്കാലിനുമുള്ള പുതിയ സിനിമകളിലൊന്ന് കാണുകയായിരുന്നു ലക്ഷ്യം. അപകടം നടന്ന സ്ഥലത്തുനിന്ന് തിയേറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. അപടകം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കായംകുളത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയിലേക്ക് ഇടിച്ചു കയറിയ ടവേര കാര്‍ വളരെ പണിപ്പെട്ട് നാട്ടുകാര്‍ പുറത്തേക്കു വലിച്ചു എടുത്തു. അപ്പോഴേക്കും അഗ്നിരക്ഷാസേനയുമെത്തി. കയറും കട്ടറും ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്ന് കാര്‍ വേര്‍പെടുത്തി. ഡ്രൈവിങ് സീറ്റില്‍ കുരുങ്ങിക്കിടന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ കാറിന്റെ വാതില്‍മുറിച്ച് പുറത്തേക്കെടുക്കുമ്പോള്‍ നിലവിളിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ചെറിയ പരിക്കേറ്റവരെയെല്ലാം ഉടന്‍ ആശുപത്രിയിലേക്കും മാറ്റി. ദൃക്‌സാക്ഷികളാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. അപകടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞായിരുന്നു അവര്‍ ഇടപെടല്‍ തുടങ്ങിയത്. എന്നിട്ടും അഞ്ചു ജീവനുകള്‍ പൊലിഞ്ഞു.

അഞ്ച് പേരാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമിതവേഗതയെടുക്കാന്‍ പറ്റിയ സ്ഥലമത്തല്ല അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ബസിലുണ്ടായ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത മഴയില്‍ നാടിനെ നടുക്കിയ ദുരന്തത്തില്‍ ദേശീയപാത ചോരപ്പുഴയായി. കളര്‍കോട് ചങ്ങനാശേരി ജംക്ഷനു നൂറ് മീറ്റര്‍ വടക്കു ഭാഗത്തായായിരുന്നു അപകടം. അമിതവേഗതയില്‍ കാര്‍ വന്നു ബസില്‍ ഇടിക്കുന്നതാണ് കണ്ടതെന്നു ബസിന്റെ കണ്ടക്ടര്‍ മനീഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി. കാര്‍ പുര്‍ണമായി തകര്‍ന്നു. മറ്റ് വാഹനങ്ങളില്‍ പോയവരും നാട്ടുകാരും പാഞ്ഞെത്തി കാറിനുള്ളില്‍ കുടുങ്ങിയവരെ കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. കാറില്‍ ഉണ്ടായിരുന്നവരില്‍ മൂന്നു പേര്‍ അപ്പോള്‍ തന്നെ മരിച്ചു.

ഡിവൈഎസ്പി എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനയും പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അപകടത്തെത്തുടര്‍ന്നു ദേശീയ പാതയില്‍ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തില്‍ പെട്ട കാറും ബസും പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു റോഡില്‍ നിന്നു നീക്കിയതോടെയാണു കുരുക്ക് ഒഴിവായത്.