- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സമദ് എന്ന സഹപ്രവര്‍ത്തകനൊപ്പം ഗഫൂര്‍ തോട്ടത്തില്‍ എത്തി; കടുവ ഇരുവരേയും ആക്രമിക്കാനായി പാഞ്ഞടുത്തു; സമദ് ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിന്റെ കഴുത്തില്‍ കടിച്ച കടുവ വലിച്ചിഴച്ച് കൊണ്ടുപോയി; ആക്രമണം ഉണ്ടായത് വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെ; കാളികാവില്‍ പ്രതിഷേധം ശക്തം; കടുവയെ മയക്കു വെടിയില്‍ വീഴ്ത്താന്‍ വനംവകുപ്പ്
കാളികാവ്: റബ്ബര്‍ ടാപ്പിങ്ങിന് പോയ യുവാവിനെ കടിച്ചു കൊന്നത് പുലിയല്ല കടുവ. അതിനിടെ യുവാവിനെ കടുവ കടിച്ചുകൊന്ന സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെയും സ്ഥലത്തെത്തിയ ഡിഎഫ്ഒയെ തടഞ്ഞുവെച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു. നാലരമണിക്കൂറോളമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കടുവയെ വെടിവെച്ചുകൊല്ലണമെന്നും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
സ്ഥലം എംഎല്‍എ എ.പി. അനില്‍കുമാര്‍, ഡിഎഫ്ഒ ധനിത് ലാല്‍, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവര്‍ സ്ഥലത്തെത്തി. ഡിഎഫ്ഒ യെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പോകാനനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അതോടെ പോലീസും നാട്ടുകാരും ഉന്തും തള്ളുമായി. പിന്നീട് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റി. പ്രദേശത്ത് ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഇടപെടല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. മരിച്ച ഗഫൂറിന്റെ കുടുംബാംഗത്തിന് താത്കാലിക ജോലി നല്‍കാനും ധാരണയായിട്ടുണ്ട്.
കടുവയെ മയക്കുവെടിവെക്കാനായി ഒരു സംഘം തോട്ടത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉള്‍പ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്തും. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് റബ്ബര്‍ ടാപ്പിങ്ങിന് പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂറിനെ കടുവ ആക്രമിക്കുന്നത്.കാളികാവ് അടയ്ക്കാക്കുണ്ടില്‍ റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്നാണ് കൂടെ ഉണ്ടായിരുന്ന ആള്‍ പറഞ്ഞത്.
മുണ്ട് അഴിഞ്ഞു പോയ നിലയില്‍ ഏതാണ്ട് നഗ്‌നമായ നിലയിലായിരുന്നു മുതദേഹം. ഗഫൂറിനെ കടുവ കടിച്ചുകൊണ്ടുപോയതായി സുഹൃത്ത് നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് സ്ഥിരമായി പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് പുലിയാണ് ആക്രമിച്ചതെന്നാണ് ആദ്യം കരുതിയത്. അടക്കാക്കുണ്ട് പാറശ്ശേരി റാവത്തംകാട് റബ്ബര്‍ എസ്റ്റേറ്റിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍മ്പ് എടക്കടമ്പന്‍ നസീര്‍ ഹുസൈന്റെ ഉടമസ്ഥനയിലുള്ള റബ്ബര്‍ തോട്ടം സുഹൃത്തുക്കളായ കരുവന്‍തുരുത്തി സമദ്, കരിമ്പില്‍ സലാം എന്നിവര്‍ ചേര്‍ന്ന് സ്ലോട്ടറിനെടുത്ത് ടാപ്പിംങ്ങ് നടത്തിവരികയായിരുന്നു.
സമദ് എന്ന സഹപ്രവര്‍ത്തകനൊപ്പമാണ് ഗഫൂര്‍ തോട്ടത്തില്‍ എത്തിയത്. കടുവ ഇരുവരേയും ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. സമദ് ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിന്റെ കഴുത്തില്‍ കടിച്ച കടുവ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വനാതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് ആക്രമണം ഉണ്ടായത്. സമദാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നേരത്തെ തന്നെ ഇവിടെ വന്യ മൃഗങ്ങളുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വനം വകുപ്പില്‍ നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് എംഎല്‍എ എപി അനില്‍ കുമാര്‍ ആരോപിച്ചു. ഗഫൂറിന്റെ ജീവന്‍ നഷ്ടമായതിന് പിന്നാലെ പതിവ് പ്രഖ്യാപനവുമായി വനം വകുപ്പ് രംഗത്ത് എത്തിയിട്ടുണ്ട്. 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക ജോലിയും നല്‍കും. കൂടാതെ കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 'മൂന്നുമാസം മുന്‍പ് വന്യമൃഗ സാന്നിദ്ധ്യത്തെക്കുറിച്ച് നിയമസഭയില്‍ അറിയിച്ചിരുന്നു. കൂട് വച്ചോ ക്യാമറ വച്ചോ സര്‍ക്കാര്‍ നീക്കം നടത്തണം. സര്‍ക്കാരിന്റെ ശ്രദ്ധ കുറവാണ് ഇതിന് കാരണം. കടുവ സാന്നിദ്ധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. ഗഫൂറിന്റെ കുടുംബത്തിന് കൂടുതല്‍ പണം നല്‍കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും'- എംഎല്‍എ വ്യക്തമാക്കി. സൗത്ത് ഡിഎഫ്ഒ ധനിത് ലാല്‍, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടന്‍ കാളിക്കാവില്‍ എത്തും.