- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാളികാവിലെ നരഭോജി കടുവയെ പിടികൂടാന്‍ മൂന്ന് സംഘമായി തിരച്ചില്‍; ഒരു കുങ്കിയാന കൂടി ഇന്നെത്തും; അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 25 അംഗ ആര്‍.ആര്‍.ടി ടീം ദൗത്യസംഘത്തില്‍; കടുവയുടെ സിന്നിധ്യം കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചു; മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചില്‍ നടത്തും
കാളികാവിലെ നരഭോജി കടുവയെ പിടികൂടാന്‍ മൂന്ന് സംഘമായി തിരച്ചില്‍
കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള നടപടിയുമായി വനം വകുപ്പ്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 25 അംഗ ആര്‍.ആര്‍.ടി ടീമാണ് ദൗത്യത്തിനായി കാളികാവില്‍ എത്തിയിരിക്കുന്നത്. അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്ന ആര്‍.ആര്‍.ടി ടീം മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചില്‍ നടത്തും.
കടുവ ആക്രമണമുണ്ടായ പ്രദേശത്ത് 50ലധികം കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഇന്ന് ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തും. സി.സി.എഫ് ഒ. ഉമ, സൗത്ത് ഡി.എഫ്.ഒ ധനിക് ലാല്‍ തുടങ്ങിയ ഉന്നത വനം, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാന്‍ കുങ്കിയാനയെ വയനാട്ടില്‍ നിന്ന് പാറശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് ഒരു കുങ്കിയാനയെ കൂടി എത്തിക്കും. കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ കുങ്കിയാനയെ ഉപയോഗിച്ച് ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കുക ദുഷ്‌കരമാണെന്ന് ഈ വനമേഖല പരിചയമുള്ള വിദഗ്ധര്‍ പറയുന്നു. നിലമ്പൂര്‍, സൈലന്റ്‌വാലി കാടുകളോട് ചേര്‍ന്നു കിടക്കുന്ന ചെങ്കുത്തായ വനപ്രദേശമാണിത്. കണ്ണത്ത്, പുല്ലങ്കോട് മലവാരങ്ങളുടെ തുടര്‍ച്ചയായി സൈലന്റ് വാലി ബഫര്‍ സോണിന് ചേര്‍ന്നാണ് ഈ വനമേഖല.
ഇടതൂര്‍ന്ന് അടിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാലും കിഴുക്കാംതൂക്കായ മലഞ്ചരിവുകള്‍ ഉള്ളതിനാലും കടുവയെ പിന്തുടര്‍ന്ന് കണ്ടെത്തുക എളുപ്പമാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ മയക്കുവെടി വെക്കുന്നതും അപകടകരമായിരിക്കും. വെടിയേറ്റാലും മയങ്ങിവീഴാന്‍ സമയമെടുക്കും. ഈ സമയം കടുവ ആക്രമണകാരിയാകാനും സാധ്യതയുണ്ട്.
കുങ്കിയാനകളെ വെച്ച് കടുവയെ ട്രാക് ചെയ്യുന്നത് കൂടുതല്‍ സുരക്ഷിതമാണെങ്കിലും ചെങ്കുത്തായ സ്ഥലങ്ങളില്‍ മയക്കുവെടിവെക്കുക പ്രയാസമാകും. വെടിവെക്കുന്നതിനു മുമ്പ് സംഘത്തിലെ ഡോക്ടര്‍മാര്‍ തിരിച്ചറിയുകയും ആരോഗ്യസ്ഥിതി മനസ്സിലാക്കുകയും വേണം. കാട്ടിനുള്ളില്‍ ആള്‍പെരുമാറ്റമുണ്ടായാല്‍ കടുവ ഉള്‍വനത്തിലേക്ക് മാറാനുള്ള സാധ്യതയേറെയാണ്.
വനാതിര്‍ത്തിയില്‍ കൂട് സ്ഥാപിച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിനാണ് കൂടുതല്‍ വിജയസാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യമെങ്കിലും ഇതംഗീകരിക്കപ്പെട്ടില്ല. ജീവനോടെ പിടിക്കുന്നതിലാണ് സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ (എസ്.ഒ.പി) പ്രകാരം ചേര്‍ന്ന സമിതി തീരുമാനിച്ചത്.