കൊച്ചി: അര്‍ജന്റീന മത്സരത്തിന്റെ പേരില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ക്കു കൈമാറിയത് നടപടിക്രമം ഒന്നും പാലിക്കാതെ. അതുകൊണ്ട് തന്നെ ആ സ്‌റ്റേഡിയം ഇനി സര്‍ക്കാര്‍ ചെലവില്‍ നേരെയാക്കേണ്ടി വരും.

സ്റ്റേഡിയം കൈമാറുന്നതു സംബന്ധിച്ച് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ, സ്‌പോണ്‍സര്‍, ഇതിനിടയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എന്നിവര്‍ തമ്മില്‍ ത്രികക്ഷി കരാര്‍ ഒപ്പുവയ്‌ക്കേണ്ടതായിരുന്നു. സ്റ്റേഡിയം അലോട്ട് ചെയ്യുന്നത് ഈ കരാറിലൂടെയാണ്. എന്നാല്‍ ഈ കരാറൊന്നും ഇപ്പോഴുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലാണ് സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷന്‍. ഈ സംവിധാനമാണ് നവീകരണം നടത്തുന്നത്. ഇപ്പോഴത്തെ നിലയില്‍ പണി തുടങ്ങിയിട്ടുണ്ട്. മെസി വരാത്ത സാഹചര്യത്തില്‍ സ്റ്റേഡിയം പണിയേണ്ട ഉത്തരവാദിത്തം സ്‌പോണ്‍സറിനില്ല. പക്ഷേ നന്നാക്കിയേ മതിയാകൂ. ഈ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ പണി നടത്തും. ഫലത്തില്‍ ഇതിനുള്ള തുക ഖജനാവില്‍ നിന്നും എടുക്കേണ്ടി വരും. അങ്ങനെ ചെയ്യുമ്പോള്‍ പണം പോകുന്നത് സാധാരണക്കാരന്റേയും.

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ കലൂര്‍ സ്റ്റേഡിയം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ മുഖേനയാണ് സ്‌പോണ്‍സര്‍ക്ക് ജിസിഡിഎ കൈമാറിയത്. കൈമാറ്റം കരാറില്ലാതെയായിരുന്നു. സ്‌പോണ്‍സറുമായി നേരിട്ട് ഇടപാടില്ലെന്നാണ് ജിസിഡിഎ വാദം. കായികമന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേഡിയം കൈമാറ്റം. എന്നാല്‍ സ്‌പോണ്‍സറും എസ്‌കെഎഫും ഉള്‍പ്പെട്ട കരാറിന് ജിസിഡിഎ നീക്കം നടത്തിയിരുന്നു. കരാറിന്റെ കരട് പരിശോധിച്ച് തീരുമാനം അറിയിക്കാന്‍ നിയമവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ നിയമവകുപ്പിന്റെ തീരുമാനം വരുംമുന്‍പേ കരാറൊന്നുമില്ലാതെ സ്പോണ്‍സര്‍ക്ക് സ്റ്റേഡിയം കൈമാറുകയും നവീകരണം തുടങ്ങുകയുമായിരുന്നു. അര്‍ജന്റീനയും മെസിയും ഉടനെത്തും അതിനാല്‍ അതിവേഗം നവീകരണം പൂര്‍ത്തിയാക്കണം കരാര്‍ പിന്നീട് എന്നതായിരുന്നു നിയമവകുപ്പിനെ നോക്കുകുത്തിയാക്കിയുളള നീക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. മെസ്സി വരില്ലെന്ന് ഉറപ്പായതോടെ കരാറിന്റെ കാര്യത്തിലും മുന്നോട്ടുപോക്കുണ്ടായില്ല.

ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 30 വരെയുള്ള കാലത്തേക്കു സ്റ്റേഡിയം ജിസിഡിഎയില്‍ നിന്നു സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കു കൈമാറിയെന്നുമാണു ജിസിഡിഎയുടെ വിശദീകരണം. എന്ത് ആവശ്യത്തിനാണെങ്കിലും സ്റ്റേഡിയം കൈമാറുമ്പോള്‍ ചില നടപടിക്രമങ്ങളുണ്ട്. സര്‍ക്കാര്‍ പരിപാടികളാണെങ്കില്‍ പോലും ഇത് ഉറപ്പാക്കിയിരിക്കണം. സ്റ്റേഡിയം ഇന്നയാള്‍ക്ക്, ഇന്ന ആവശ്യത്തിന്, ഇത്രനാളത്തേക്കു കൈമാറുന്നു എന്ന കത്താണ് അലോട്‌മെന്റ് ലെറ്റര്‍. ഇവിടെ ഇത് സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനും ഉത്തരവാദിത്തമില്ല. പക്ഷേ വിവാദങ്ങള്‍ കണക്കിലെടുത്ത് ഫൗണ്ടേഷന്‍ പണം ചെയ്യുമായിരിക്കും. അല്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിനെ ബാധിക്കും.

അര്‍ജന്റീന മത്സരത്തിന്റെ പേരില്‍ സ്റ്റേഡിയം മറ്റൊരാള്‍ക്ക് നല്‍കിയപ്പോള്‍ അലോട്‌മെന്റ് ലെറ്റര്‍ ഇല്ല. സര്‍ക്കാര്‍ പരിപാടിക്കാണെങ്കില്‍ പോലും അലോട്‌മെന്റ് ലെറ്റര്‍ വേണം. വാടക കുറയുമെന്നു മാത്രം. വാടക കുറയ്ക്കണമെങ്കില്‍ അതിന് ബാധകമായ സര്‍ക്കാര്‍ ഉത്തരവ് അലോട്‌മെന്റ് ലെറ്ററില്‍ കാണിക്കണം. അലോട്‌മെന്റ് ഓര്‍ഡര്‍ നല്‍കിയാല്‍ ബന്ധപ്പെട്ട പാര്‍ട്ടിയുമായി കരാര്‍ ഒപ്പിടണം. ചെയ്യാന്‍ പോകുന്ന ജോലികളുടെ വിശദാംശങ്ങള്‍ സ്‌കെച്ച് സഹിതം കരാറില്‍ ഉള്‍പ്പെടുത്തണം. ഇതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.

കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തിന് തയ്യാറാക്കിയ കരാറിന്റെ കരട് നിയമവകുപ്പ് പരിശോധിച്ച് തീരുമാനം അറിയിക്കും മുന്‍പേയാണ് തിടുക്കപ്പെട്ട് സ്‌പോണ്‍സര്‍ നവീകരണം തുടങ്ങിയത്. അതിനിടെ, സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കയറിയെന്ന ജിസിഡിഎയുടെ പരാതിയില്‍ എറണാകുളം ഡിസിസി അധ്യക്ഷനടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഡിയം കൈമാറ്റത്തില്‍ കായിക മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളതെന്നും മന്ത്രി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.