- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വാഭാവികമായും തന്റെ മകന്‍ ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക; സഖാവിനേക്കാള്‍ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ? ഇല്ലെങ്കില്‍ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും കല്‍പ്പറ്റ നാരായണന്‍; അബിനെ കുറിച്ചോര്‍ത്ത് വലിയ സങ്കടം; കല്‍പ്പറ്റയുടെ ഈ വാക്കുകള്‍ സമകാലീന കേരളത്തിന് ഏറെ പ്രസക്തം
കോഴിക്കോട്: ചില സത്യങ്ങള്‍ പറയുകയാണ് കല്‍പ്പറ്റ നാരായണന്‍. തന്റെ മകന്‍ തനിക്ക് ഒരു മാനക്കേടും ഉണ്ടാക്കാതെ അയാളുടെ ജീവിതം നയിക്കുന്നയാളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന യുവാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് സാഹിത്യകാരന്‍ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവും മുന്‍ വടകര നഗരസഭ ചെയര്‍മാനുമായ കെ.കെ. രാഘവന്‍ അനുസ്മരണത്തിലാണ് സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും ചില പ്രശ്‌നങ്ങളില്‍ കല്‍പ്പറ്റ നാരായണന്‍ പ്രതികരിച്ചത്. ഏറെ കാലത്തിന് ശേഷമാണ് ഒരു സാഹത്യകാരന്‍ കേരളത്തിലെ രാഷ്ട്രീയ അപചയങ്ങളെ സത്യസന്ധമായി നിരീക്ഷിക്കുന്നത്.
എഴുത്തുകാര്‍ ഒരിക്കലും കക്ഷിരാഷ്ട്രീയത്തിന്റെ വക്താക്കളാകരുതെന്ന് പറഞ്ഞ വ്യക്തി കൂടിയാണ് കല്‍പ്പറ്റ നാരായണന്‍.
എഴുത്തുകാര്‍ക്ക് രാഷ്ട്രീയകാഴ്ചപ്പാടുകള്‍ വേണം. പക്ഷേ കക്ഷിരാഷ്ട്രീയത്തിന് അവര്‍ അടിമപ്പെടരുത്. അത്തരം അവസ്ഥവന്നാല്‍ പല ജനദ്രോഹകാര്യങ്ങള്‍ക്കും അവര്‍ മൗനംപാലിക്കുന്ന മാനസികാവസ്ഥയുണ്ടാവും. അത് എഴുത്തുകാരന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ താന്‍ ഇപ്പോഴും മുറകു പിടിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് കല്‍പ്പറ്റ. സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും ജീര്‍ണ്ണ രാഷ്ട്രീയത്തിന് നേരെ വിരല്‍ ചൂണ്ടുകയാണ് സാഹചര്യകാരന്‍. എന്തിനും ഏതിനും അഭിപ്രായം പറഞ്ഞിരുന്ന പല സാഹിത്യകാരന്മാരും ഇപ്പോള്‍ മൗനത്തിലാണ്. ഇതിനിടെയാണ് കല്‍പ്പറ്റയുടെ വേറിട്ട ശബ്ദം എത്തുന്നത്. കവി, നോവലിസ്റ്റ്, ഉപന്യാസകാരന്‍, സാഹിത്യവിമര്‍ശകന്‍, സാംസ്‌കാരിക നിരീക്ഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിയാണ് കല്പറ്റ നാരായണന്‍.
സമ്പന്നനായി ആഡംബരത്തോടെ ജീവിക്കുക, എന്ത് സംഭവിച്ചാലും ഭൂമിയില്‍ തനിക്ക് കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന വലിയൊരു തലമുറ ഇവിടെ വളര്‍ന്നുവരുമ്പോഴാണ് അതിലൊരുവനാണ് തന്റെ മകനെന്ന് മുഖ്യമന്ത്രി അഭിമാനപൂര്‍വം പറയുന്നത്. ജീവിതം പണയംവെച്ച്, ഒട്ടേറെ തല്ലുവാങ്ങി, ആരോപണങ്ങള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐക്കാരനെയും എസ്എഫ്‌ഐക്കാരനെയും അവഗണിക്കുകയാണ് ഈ വാക്കുകളെന്നും കല്‍പ്പറ്റ കുറ്റപ്പെടുത്തി. ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വാഭാവികമായും തന്റെ മകന്‍ ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക. സഖാവിനേക്കാള്‍ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ. ഇല്ലെങ്കില്‍ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. പിണറായി വിജയന് പുതിയ ചിന്തയ്ക്ക് അവസരം നല്‍കുന്നതാണ് ഇത്.
അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാത്തതില്‍ കോണ്‍ഗ്രസ് നിരത്തുന്ന ന്യായങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ സങ്കടമുണ്ടെന്ന് കല്‍പ്പറ്റ ചൂണ്ടിക്കാട്ടി. ജാത്യധിഷ്ഠിതമായി രാഷ്ട്രീയം മാറിയെന്നതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം. രണ്ട് ക്രിസ്ത്യാനികള്‍ രണ്ട് ഉന്നതപദവികളിലിരുന്നാല്‍ കോണ്‍ഗ്രസിന്റെ എന്ത് ജനാധിപത്യമൂല്യമാണ് ഇല്ലാതാവുക. യോഗ്യരായവര്‍ ഏത് ജാതിയിലായാലും കണ്ടെത്തി അവരെ സ്വീകരിക്കുകയല്ലേ വേണ്ടത്. എന്തുകൊണ്ട് ഇതിന് കഴിയുന്നില്ല. കൂടുതല്‍ ജാത്യാധിഷ്ഠിതമാകുന്ന കേരളത്തിന് ജന്മം കൊടുക്കുകയല്ലേ ഇത്തരം തീരുമാനം എടുക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
പിണറായി മകനെ കുറിച്ച് പറഞ്ഞത്
മകന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് കിട്ടിയിട്ടില്ലെന്നും ദുഷ്‌പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. മകന് ഇ.ഡി.നോട്ടിസ് അയച്ചെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്നയാളാണ് തന്റെ മകന്‍. മകന് ഇ.ഡി നോട്ടിസ് കിട്ടിയതായി തനിക്ക് അറിവില്ല. ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവരില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ''എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാന്‍ ശ്രമിക്കുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. 10 വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാന്‍ വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നു ബോധ്യമുണ്ട്. പലയിടത്തും പദ്ധതികള്‍ക്കു കരാര്‍ ലഭിക്കാന്‍ കമ്മിഷന്‍ നല്‍കണം. എന്നാല്‍ ഇവിടെ അങ്ങനെ ഇല്ല എന്നതില്‍ അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്'' മുഖ്യമന്ത്രി പറഞ്ഞു.
''എന്റെ പൊതുജീവിതം കളങ്കരഹിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തില്‍ കുടുംബം ശക്തമായി ഒപ്പം നിന്നിട്ടുണ്ട്. എന്റെ മക്കള്‍ രണ്ടു പേരും അതേ നിലയാണ് സ്വീകരിച്ചിട്ടുള്ളത്. എന്റെ മകനെ എത്ര പേര്‍ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ എത്രയെത്ര മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും എന്റെ മകന് അറിയില്ല. അതാണ് എന്റെ മകന്റെ പ്രത്യേകത. ദുഷ്പേര് എനിക്കുണ്ടാകുന്ന തരത്തില്‍ എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്കു നേരെ പലതും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അതിനെ ചിരിച്ചുകൊണ്ടു നേരിട്ടില്ലേ? അത് ഏശുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ മര്യാദയ്ക്ക് ജോലി ചെയ്യുന്ന ഒരാളെ, പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ടെന്നു ചിത്രീകരിച്ച് വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത് എന്നെ ബാധിക്കില്ല. ആ ചെറുപ്പക്കാരന്‍ മര്യാദയ്ക്കുള്ള ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലിയും വീടും മാത്രമാണ് അയാളുടെ ജീവിതം. മക്കള്‍ ദുഷ്പേരുണ്ടാക്കുന്ന അനുഭവം പലര്‍ക്കുമുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. എനിക്കതില്‍ അഭിമാനമുണ്ട്''മുഖ്യമന്ത്രി പറഞ്ഞു.