- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ സെല്ലില്‍ ഒരു രാത്രി കഴിഞ്ഞതോടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍; മോഹനരെ പാര്‍പ്പിച്ചത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍; കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേര്‍ക്കാന്‍ എസ്ഐടി ഒരുങ്ങുന്നു; തന്ത്രിയെ കുരുക്കിയത് പത്മകുമാറിന്റെ മൊഴി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരുന്നത്. ജയിലിലെ ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു.
ഇതോടെ ജയില്‍ തന്നെ ആരോഗ്യപരിശോധനകള്‍ നടന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്. ദേവസ്വം മാനുവലില്‍ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കില്‍ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില പറയുന്നത്.
മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലില്‍ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്‌ഐടി കണ്ടെത്തിയത്.
അതിനിടെ കണ്ഠരര് രാജീവരെ ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കാനാണ് ഒരുങ്ങുന്നത്. ദ്വാരപാലക ശില്‍പപാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിയെ കുരുക്കിയത്. പ്രതിയാക്കാന്‍ എസ്ഐടി കോടതിയുടെ അനുമതി തേടും.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി 2004 മുതല്‍ ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. 2007 ലാണ് കീഴ്ശാന്തിയുടെ പരികര്‍മിയെന്ന നിലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്ത്രി ശബരിമലയിലെത്തിക്കുന്നത്. പിന്നീട് 2018 ആവുമ്പോഴേക്കും സ്പോണ്‍സര്‍ എന്ന നിലയിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി മാറുകയായിരുന്നുവെന്നുമാണ് എസ്‌ഐടി കണ്ടെത്തല്‍. സ്പോണ്‍സര്‍ ആക്കുന്നതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
കേരളത്തിന് പുറത്തുനിന്ന് സ്പോണ്‍സര്‍ഷിപ്പിന് വേണ്ടി പണം ലഭിച്ചതില്‍ തന്ത്രിയുമായുള്ള ബന്ധം ഉണ്ണികൃഷ്ണന്‍ പോറ്റി ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് തന്ത്രിക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. പോറ്റിയെയും തന്ത്രിയെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്ഐടി തീരുമാനം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധനും സ്ഥിരീകരിച്ചു. പോറ്റിയെ തന്ത്രിയുടെ മുറിയില്‍വെച്ചുകണ്ടെന്നാണ് ഗോവര്‍ധന്റെ മൊഴി. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ദേവസ്വം ജീവനക്കാരും മൊഴി നല്‍കി.




