- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി പി ദിവ്യയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കം മുളയിലേ നുള്ളി; നവീന്‍ ബാബുവിന്റെ മരണം പ്രചാരണ വിഷയം ആകാതിരിക്കാന്‍ മുന്‍ പ്രസിഡന്റിന് സീറ്റില്ല; ദിവ്യക്ക് പകരം എസ്എഫ്ഐ മുന്‍ സംസ്ഥാന അദ്ധ്യക്ഷ കെ അനുശ്രീയെ ഉയര്‍ത്തിക്കാട്ടി സ്ഥാനാര്‍ഥി പട്ടിക; ജയിച്ചാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം; കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ സിപിഎമ്മിനായി ഒന്‍പതു വനിതകള്‍ മാറ്റുരയ്ക്കും
ദിവ്യക്ക് പകരം കെ അനുശ്രീയെ ഉയര്‍ത്തിക്കാട്ടി സ്ഥാനാര്‍ഥി പട്ടിക
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളില്‍ 16 സീറ്റുകളില്‍ ഇക്കുറി ഒന്‍പതു വനിതകള്‍ മത്സരിക്കും. ഇതില്‍ നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഒഴികെ മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കു പകരം കെ. അനുശ്രീയെ ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. സി.പി.എം കോട്ടയായ പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ ജനവിധി തേടുക.
മറ്റൊരു പാര്‍ട്ടി ശക്തികേന്ദ്രമായ പെരളശേരിയില്‍ നിന്നും അഡ്വ. ബിനോയ് കുര്യനും ജനവിധി തേടും. പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി. എസ്.എഫ്.ഐ.യുടെ മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് ശ്രദ്ധേയനീക്കം. കണ്ണൂരില്‍ ഇനി ദിവ്യയ്ക്ക് പകരം അനുശ്രീയുടെ കാലമാണ്. ജാഗ്രതയോടെ ചുവടു വെച്ചാല്‍ അനുശ്രീക്ക് ഉയരങ്ങള്‍ താണ്ടാം. ഭരണപാടവവും ജനസ്വീകാര്യതയും നേടിയാല്‍ പി.കെ. ശ്രീമതിക്കു ശേഷം കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ മന്ത്രിതലത്തിലേക്ക് ഉയരാന്‍ സാധ്യതയുള്ള വനിതായുവ നേതാവാണ് അനുശ്രീ. ഇക്കുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനമാണ് മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ജനിച്ചു വളര്‍ന്ന അനുശ്രീയെ കാത്തു നില്‍ക്കുന്നത്. ബാലസംഘത്തിലൂടെ വളര്‍ന്നു വന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റുവരെയായതാണ് അനുശ്രീയുടെ രാഷ്ട്രീയ ജീവിതം. നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമാണ്.
കണ്ണൂര്‍ സര്‍വ്വകലാശാല ജേര്‍ണലിസം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ. പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍ മത്സരിക്കും.എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പറയാറില്ലെന്നും, എന്നാല്‍ നിലവിലെ പാനലിലുള്ള എല്ലാവര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിവിഷനുകളും സിപിഎം സ്ഥാനാര്‍ഥികളും-
കരിവെള്ളൂര്‍- എ.വി. ലേജു(കരിവെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍
മാതമംഗലം- രജനിമോഹന്‍ (പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, സിപിഎം പെരിങ്ങോ ഏരിയ കമ്മിറ്റി അംഗം)
പേരാവൂര്‍- നവ്യ സുരേഷ് (എസ്എഫ്ഐ പേരാവൂര്‍ ഏരിയ സെക്രട്ടറി, കണ്ണൂര്‍ യൂണിവേഴ്സിറ്റി ജേണലിസം രണ്ടാംവര്‍ഷ വിദ്യാര്‍ഥി)
പാട്യം- ടി. ശബ്ന (സിപിഎം ജില്ലാ കമ്മിറ്റി അംഗം)
പന്ന്യന്നൂര്‍- പി. പ്രസന്ന(സിപിഎം ചെമ്പാട് ലോക്കല്‍ കമ്മിറ്റി അംഗം)
കതിരൂര്‍- എ.കെ. ശോഭ (സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം)
പിണറായി- കെ. അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്)
പെരളശ്ശേരി- ബിനോയ് കുര്യന്‍ (സിപിഎം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
അഞ്ചരക്കണ്ടി- ഒസി ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി)
കൂടാടി- പിപി റെജി(കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്)
മയ്യില്‍- കെ. മോഹനന്‍
അഴീക്കോട്- കെ.വി. ഷക്കീല്‍
കല്യാശ്ശേരി- വിവി പവിത്രന്‍
ചെറുകുന്ന്- എംവി ഷിമ (ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)
പയ്യാരം- പി. രവീന്ദ്രന്‍
കുഞ്ഞിമംഗലം- പിവി ജയശ്രീ ടീച്ചര്‍
ദിവ്യയെ മത്സരിപ്പിക്കാനുള്ള നീക്കം പാളി
മുന്‍ കണ്ണൂര്‍ എഡിഎംകെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി. ദിവ്യയെ ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു ദിവ്യയെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കമുണ്ടായിരുന്നുവെങ്കിലും നവീന്‍ ബാബുവിന്റെ മരണം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഉയര്‍ന്നു വരുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തള്ളിക്കളയുകയായിരുന്നു.
ജില്ലാ കമ്മിറ്റിയിലും ദിവ്യയ്ക്കായി വാദിക്കാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കണ്ണൂര്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിക്കുകയാണെങ്കില്‍ പി.പി ദിവ്യയ്ക്ക് പൊതുരംഗത്ത് കടന്നു വരാന്‍ വേദിയാവുമായിരുന്നു. എന്നാല്‍ ആ സാദ്ധ്യതയാണ് ജില്ലാ നേതൃത്വം ഇല്ലാതാക്കിയത്. ഇതോടെ പാര്‍ട്ടി അംഗമെന്നതിലുപരി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആലങ്കാരികസ്ഥാനം മാത്രമേ ദിവ്യയ്ക്ക് ഇനി ബാക്കിയുള്ളൂ.
സി.പി. എമ്മില്‍ ഗുരുതരമായ അച്ചടക്കനടപടി നേരിടുന്നവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരവ് അത്ര എളുപ്പമല്ല താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വീണ്ടും കര പിടിക്കുകയെന്നതാണ് പി.പി ദിവ്യയ്ക്ക് മുന്‍പിലുള്ള ഏക വഴി. ഇതിനായി കാലമേറെ പിടിക്കുമെന്നതാണ് വസ്തുത. നവീന്‍ ബാബുവിന്റെ മരണത്തിന് മുന്‍പ് വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഏറെ പരിഗണിച്ചിരുന്ന പേരുകളിലൊന്നാണ് ദിവ്യയുടെത്. വനിതകളില്‍ ഏറെ നേതൃശേഷിയും ഭരണപാടവവും ദിവ്യയ്ക്ക് ഗുണം ചെയ്തിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പി.പി ദിവ്യയുടെ പേര് കണ്ണൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നുവെങ്കിലും ഒടുവില്‍ എം വി ജയരാജന്‍ കടന്നുവരികയായിരുന്നു.




