- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തളിപ്പറമ്പില്‍ ആധാര്‍ കാര്‍ഡ്; പയ്യന്നൂരില്‍ അക്രമം; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എട്ടു ദിവസം മുന്‍പ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി തിരുവനന്തപുരത്തെ സി.പി.എം. നേതാവ് ഷിജുഖാന്റെ ഭാര്യയെ നിയമിച്ചത് അട്ടിമറികള്‍ക്കോ? ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്; ശിശുക്ഷേമ സമിതിയിലെ 'കംസന്‍ അച്ഛന്‍' വിവാദത്തിലെ പേര് വീണ്ടും ചര്‍ച്ചകളില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എമ്മും ഒരുവിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യാപകമായ ഗൂഢാലോചന നടത്തുന്നതായി കോണ്‍ഗ്രസ്. തളിപ്പറമ്പില്‍ കള്ള ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതായും പയ്യന്നൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് സംവിധാനത്തെയാകെ സംശയമുനയില്‍ നിര്‍ത്തുന്ന ഗുരുതര ആരോപണങ്ങളുമായി ഡി.സി.സി. നേതൃത്വം രംഗത്തെത്തിയത്. സി.പി.എം. കോട്ടകളില്‍ കോണ്‍ഗ്രസ് പ്രചാരണം സജീവമാക്കിയതിലുള്ള പരിഭ്രാന്തിയാണ് ഇത്തരത്തിലുള്ള അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക തസ്തികകള്‍ സൃഷ്ടിച്ച് സി.പി.എം. അനുകൂലികളായ ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എട്ടു ദിവസം മുന്‍പ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി തിരുവനന്തപുരത്തെ സി.പി.എം. നേതാവ് ഷിജുഖാന്റെ ഭാര്യയെ നിയമിച്ചത് ഇതിന്റെ ആദ്യപടിയായിരുന്നു. രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള ഇത്തരം നിയമനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മനഃസാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരത്തെ 'ദത്ത് വിവാദത്തില്‍' അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിലൂടെ വിവാദത്തില്‍ പെട്ട സിപിഎം നേതാവാണ് ഷിജുഖാന്‍. അന്ന് അമ്മയുടെ കുഞ്ഞിനെ ഒളിപ്പിക്കാന്‍ ശ്രമിച്ചത് കംസന്‍ അച്ഛന്‍ എന്ന് വിളിപ്പേര് വീണ പേരൂര്‍ക്കടയിലെ സിപിഎം നേതാവായിരുന്നു. ദത്ത് വിവാദകാലത്ത് ഷിജു ഖാന്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ ചര്‍ച്ചയാിരുന്നു. തിരുവനന്തപുരത്തെ ദത്ത് വിവാദത്തില്‍ ഷിജു ഖാന്റെ പങ്കിനെക്കുറിച്ച് അന്വേഷണം എങ്ങുമെത്തിയില്ല.
ഇതിനിടെയാണ് കണ്ണൂരിലെ വിവാദം. കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ സി.പി.എം. നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഒത്താശ ചെയ്യുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥ സംവിധാനത്തെ പാര്‍ട്ടി താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ നേമത്ത് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചതിന് സമാനമായ നീക്കമാണ് കണ്ണൂരിലും അരങ്ങേറുന്നത്.
വോട്ടെടുപ്പിന് മുന്നോടിയായി ഭരണപരമായ തലങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാകുമെന്ന് ഡി.സി.സി. പ്രസിഡന്റ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ക്കുള്ള ലെയ്സണ്‍ ഓഫീസര്‍മാരായി എല്‍.ഡി.എഫ്. അനുകൂല സംഘടനകളില്‍ പെട്ടവരെ മാത്രമാണ് തിരഞ്ഞുപിടിച്ച് നിയമിച്ചിരിക്കുന്നത്. ഇത് നിരീക്ഷണ സംവിധാനത്തെ സ്വാധീനിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചെലവ് നിരീക്ഷകരുടെ ലെയ്സണ്‍ ഓഫീസര്‍മാരായി കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സി.പി.എം. അനധ്യാപക സംഘടനാ അംഗങ്ങളെ നിയമിച്ചതിലും അസ്വാഭാവികതയുണ്ട്. ഭരണകക്ഷിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ തന്ത്രപ്രധാനമായ തസ്തികകളില്‍ പ്രതിഷ്ഠിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. നിക്ഷ്പക്ഷരായ ഉദ്യോഗസ്ഥരെ തഴഞ്ഞാണ് ഈ നിയമനങ്ങളെല്ലാം നടത്തിയിരിക്കുന്നത്.
പയ്യന്നൂര്‍ മണ്ഡലത്തില്‍ സി.പി.എം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. തളിപ്പറമ്പിലെ കള്ള ആധാര്‍ നിര്‍മ്മാണവുമായി ഇതിന് നേരിട്ട് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നതിനൊപ്പം വ്യാജ രേഖകള്‍ കൂടി ചമച്ച് വോട്ടെടുപ്പ് അട്ടിമറിക്കാനാണ് പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നീക്കം നടക്കുന്നത്. കണ്ണൂരിലെ സി.പി.എം. കോട്ടകളില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ശക്തമായ പ്രചാരണം ഭരണകക്ഷിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ ആധിപത്യം തകരുമെന്ന ഭയത്താലാണ് അക്രമ രാഷ്ട്രീയത്തിലേക്കും അട്ടിമറി നീക്കങ്ങളിലേക്കും സി.പി.എം. തിരിയുന്നത്. പയ്യന്നൂരില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ ഇതിന്റെ തെളിവാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
ജില്ലാ ഭരണകൂടം ഭരണകക്ഷിയുടെ ചട്ടുകമായി മാറുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. ആക്ഷേപമുയര്‍ന്ന ഉദ്യോഗസ്ഥരെ ഉടന്‍ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പകരം നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഡി.സി.സി. ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും നേതൃത്വം അറിയിച്ചു. തൊഴില്‍ വകുപ്പിലെയും സര്‍വ്വകലാശാലകളിലെയും ഉദ്യോഗസ്ഥരെ പ്രത്യേക ദൗത്യങ്ങള്‍ക്കായി നിയോഗിക്കുന്നത് വഴി വോട്ടര്‍മാരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. നേമത്തെ ഉദ്യോഗസ്ഥ നിയമനം വിവാദമായതിന് പിന്നാലെ കണ്ണൂരിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാന വ്യാപകമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു.
കണ്ണൂരിലെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കള്ളവോട്ട് തടയാന്‍ പോളിംഗ് ഏജന്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഏത് വെല്ലുവിളിയെയും രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ കലുഷിതമാകാനാണ് സാധ്യത.


