തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എപി സമസ്തയും രംഗത്തുവന്നിരിക്കയാണ്. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മാറ്റങ്ങള്‍ കൃത്യമായ പഠനത്തിന്‍േറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ ആകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കീം റാങ്ക്‌ലിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണമെന്നും വിമര്‍ശനം . കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് വിമര്‍ശനം ഉയര്‍ന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ സമയ മാറ്റത്തിന് എതിരെ നേരത്തെ ഇ. കെ സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു.

മദ്രസാ പഠനത്തിന്റെ സമയത്തില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മദ്രസാ പഠനം ഏറ്റവും നല്ല രീതിയില്‍ നടത്തുന്ന പഠനമാണ്. തീവ്രവാദത്തിന്റെയോ, ഭീകര വാദത്തിന്റെയോ ഒരു തരത്തിലും ഉള്ള പഠനവും അല്ല അവിടെ നടക്കുന്നത്. സമയമാറ്റത്തില്‍ ഒരു വിട്ട് വീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വലിയ സമൂഹത്തിന്റെ വിദ്യാദ്യാസ പഠനമാണ് മുടങ്ങുന്നത്. സര്‍ക്കാര്‍ ഒരു ആവശ്യവുമില്ലാതെയാണ് സമയ മാറ്റം നടത്തിയത്. വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തണം. മദ്രസാ പഠനം കൃത്യ സമയത്ത് ആണ് നടക്കുന്നത്. സമയ മാറ്റത്തില്‍ കൂടിയാലോചന നടന്നില്ല. അത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ച് , കളക്ട്രേറ്റ് മാര്‍ച്ച് , കണ്‍വെന്‍ഷന്‍ എന്നിവ സംഘടിപ്പിക്കുമെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ വിമര്‍ശിച്ചു.

മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു.സ്‌കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നും സമയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

അതേസമയം നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ ്‌സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ സമയമാറ്റം നടപ്പിലായ കാര്യമാണെന്നും അതില്‍ തിരുത്തില്ലെമന്ത്രി വ്യക്തമാക്കുന്നു. എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. സ്‌കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഈ ഉത്തരവ്.

തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളില്‍ 1,100 മണിക്കൂര്‍ പഠന സമയം വേണം. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്‌കൂളില്‍ അര മണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്. സമയം പുനഃക്രമീകരിക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടു. സമയമാറ്റം പുനഃപരിശോധിക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.