ചെന്നൈ: കരൂര്‍ അപകടത്തിന് മുന്‍പ് ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിജയിനെ ലക്ഷ്യമിട്ടുള്ള ചെരിപ്പേറാണ് നടന്നത്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്. പരിപാടിയില്‍ ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി. ദുരന്തം ഉണ്ടായതിന് പിന്നില്‍ അട്ടിമറിയാണെന്ന് ടിവികെ വാദിക്കുമ്പോഴാണ് ചെരിപ്പേറ് ദൃശ്യങ്ങളും പുറത്തുവന്നത്.

ഡിഎംകെ പ്രവര്‍ത്തകരാണ് ചെരുപ്പേറ് നടത്തിയതെന്നാണ് ടിവികെയുടെ ആരോപണം. സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്. നാളെ കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിജയ്യുടെ തലയുടെ സമീപത്തുകൂടിയൊണ് ചെരുപ്പ് പോകുന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് തട്ടിമാറ്റാന്‍ ശ്രമികുന്നതും ദൃശ്യങ്ങളില്‍ കാണാം.

ചെരുപ്പെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു യുവാവാണ് ചെറുപ്പെറിയുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതിനിടെ കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വഷണം വേണമെന്ന ആവശ്യത്തില്‍ ടിവികെയില്‍ ഭിന്നത. ജനറല്‍ സെക്രട്ടറിമാരായ എന്‍ ആനന്ദിനും, ആദവ് അര്‍ജുനയ്ക്കുമിടയിലാണ് ഭിന്നതയുള്ളത്.

ദുരന്തത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം വിജയ്‌യ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആര്‍പിഎഫിനോട് വിശദീകരണം തേടി. അപകടത്തില്‍ വിജയ്ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടിയെടുക്കാം എന്നാണ് നിലപാട്.

കരൂര്‍ ദുരന്തത്തില്‍ തന്റെ നേതൃത്വത്തില്‍ ഗൂഢാലോചനയുണ്ടായെന്ന ടിവികെ വാദം ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി തള്ളിയിരുന്നു. കൃത്യമയത്ത് വിജയ് എത്തിയിരുന്നെങ്കില്‍ അപകടമുണ്ടാകുമായിരുന്നില്ലെന്ന പറഞ്ഞ സെന്തില്‍ ബാലാജി റാലിയില്‍ സകല നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടെന്നും ആരോപിച്ചു.

ഇതിനിടെ കരൂര്‍ അപകടത്തില്‍ കേന്ദ്ര ആഭ്യമന്ത്രാലയം വിശദീകരണം തേടി. വിജയ്ക്ക് നല്‍കിയ സുരക്ഷയില്‍ വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിആര്‍പിഎഫിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിജയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തിപെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ അപകടം നടന്ന കരൂരില്‍ വിജയ്ക്ക് നേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുള്ളത്. വിജയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട് അത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയര്‍ത്തുന്നുണ്ട്.