ഇരിങ്ങാലക്കുട: കലുങ്ക് സൗഹൃദചര്‍ച്ചയ്ക്കിടയില്‍ നടന്ന വിവാദത്തില്‍ സങ്കടമുണ്ടെന്നും സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്നും കേന്ദ്രമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സഹകരണബാങ്കിലെ പണം തിരിച്ചുകിട്ടുമോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചതാണെന്നും നല്ലൊരു വാക്ക് പറയാമായിരുന്നുവെന്നും ആനന്ദവല്ലി പറഞ്ഞു. സംഭവത്തില്‍ വിഷമമുണ്ടെന്നും അവര്‍ പ്രതികരിച്ചു. 'അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്' - ആനന്ദവല്ലി പറഞ്ഞു. അതേ സമയം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

സഹകരണബാങ്കിലെ പണം തിരിച്ചുകിട്ടുമോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചതാണ്. സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്. സഹകരണ ബാങ്കിലെ പണം എന്നുകിട്ടുമെന്ന് ചോദിച്ചു. മന്ത്രിയെ കാണാനാണ് അദ്ദേഹം പറഞ്ഞത്. - ആനന്ദവല്ലി പറഞ്ഞു. സുരേഷ് ഗോപി നല്ലൊരു വാക്ക് പറഞ്ഞില്ല. പണം കിട്ടുമോ എന്നോ കിട്ടില്ല എന്നോ പറഞ്ഞില്ല. അതില്‍ ഒരു വിഷമമുണ്ട്. നല്ല വാക്ക് പറയാമായിരുന്നു. ഞാന്‍ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. വല്ലവരുടെയും വീട്ടില്‍ കലം കഴുകിയും തുണി അലക്കിയും ഒക്കെ ഇട്ട കാശാണ്. കൂട്ടിവെച്ച് ഇട്ടിട്ട് ഇത്രയും കാശായതാണ്. സഹകരണ ബാങ്കില്‍ ചോദിക്കുമ്പോള്‍ അവര് പറയും ഇവിടെ കാശൊന്നുമില്ലെന്ന്.

കഴിഞ്ഞദിവസം രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു. ഇതോടെ 'എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല. അതില്‍ ഒരു വിഷമം ഉണ്ട്'- ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.

'അടുത്തവീട്ടില്‍ പണിക്ക് പോയപ്പോഴാണ് സുരേഷ് ഗോപിയെ കണ്ടത്. സഹകരണ ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് ചോദിച്ചു. അതിന് അദ്ദേഹം നല്ല മറുപടിയും നല്‍കിയില്ല. നല്ലൊരു വാക്കും പറഞ്ഞില്ല. അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുകയാണ്. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അത് ഒരു വിഷമം ഉണ്ട്. നമ്മള്‍ ഒരു കാര്യം ചോദിച്ചപ്പോള്‍.നല്ലൊരു വാക്കില്ലേ. ഒരാളോട് ഒരു കാര്യം ചോദിക്കുമ്പോള്‍, ചേച്ചി അത് കിട്ടും'- ആനന്ദവല്ലിയുടെ വാക്കുകള്‍.

ബുധനാഴ്ച നടന്ന കലുങ്ക് സൗഹൃദചര്‍ച്ചയ്ക്കിടയിലാണ് കുറ്റിപ്പുറത്തുവീട്ടില്‍ ആനന്ദവല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തര്‍ക്കിച്ചത്. ''കരുവന്നൂര്‍ ബാങ്കിലിട്ട കാശ് തിരിച്ചുകിട്ടാന്‍ വല്ല വഴിയുമുണ്ടോ സാറെ? വീട്ടുപണിക്ക് പോയി ചട്ടീം കലോം കഴുകിയുണ്ടാക്കിയ കാശാ''- ആനന്ദവല്ലി ചോദിച്ചപ്പോള്‍ ഇഡി പിടിച്ചെടുത്ത പണം സ്വീകരിച്ച് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ''മുഖ്യമന്ത്രിയുടെ അടുത്തുപോകാന്‍ പറ്റില്ല സാറെ'' എന്നായി ആനന്ദവല്ലി. എന്നാല്‍, അത് പത്രക്കാരോട് പറഞ്ഞാല്‍ മതിയെന്നായി കേന്ദ്രമന്ത്രി. ''അധികം സംസാരിക്കല്ലേ ചേച്ചീ'' എന്നും പറഞ്ഞു.

''ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാന്‍ പറ നിങ്ങളുടെ മുഖ്യമന്ത്രിയോട്, പരസ്യമായിട്ടാണ് പറയുന്നത്'' -സുരേഷ്ഗോപി വീണ്ടും പറഞ്ഞു. ''അതിനു മുഖ്യമന്ത്രിയെ എങ്ങനെയാണ് കാണാന്‍ പോകാ സാറെ, എനിക്ക് അതിനുള്ള വഴിയറിയില്ല'' -ആനന്ദവല്ലി പറഞ്ഞു. ''എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറ്'' എന്നായി കേന്ദ്രമന്ത്രി. പിന്നാലെ നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ, താമസിക്കുന്നത് എന്നും ചോദിച്ചു. ഉടനടി ആനന്ദവല്ലിയുടെ ചോദ്യമെത്തി, ''നിങ്ങള്‍ മന്ത്രിയല്ലേ''. ''ഞാന്‍ ഇവിടത്തെ മന്ത്രിയല്ല, രാജ്യത്തിന്റെ മന്ത്രി'' -കേന്ദ്രമന്ത്രി പറഞ്ഞു. ഇഡിയില്‍നിന്ന് പണം സ്വീകരിക്കേണ്ടെന്നാണ് സഹകരണവകുപ്പ് പറഞ്ഞിരിക്കുന്നതെന്നാണ് ആറുമാസംമുമ്പ് താന്‍ അറിഞ്ഞതെന്നും കേസ് ഇപ്പോള്‍ എവിടെയെത്തിയെന്നതില്‍ ഇഡിയെക്കൊണ്ട് മറുപടി പറയിപ്പിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.