- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡി വൈ എഫ് ഐ നേതാവിന്റ ഭാര്യയും ഇടംപിടിച്ചു; റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത സംശയത്തില്‍; പി എസ് സി റാങ്ക് ലിസ്റ്റില്‍ വീണ്ടും അട്ടിമറി? പിആര്‍ഡി നിയമനങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ വന്നത് ചര്‍ച്ചയാക്കി കെസി; പിന്‍വാതില്‍ നിയമനമെന്ന് ആക്ഷേപം ശക്തം; ഈ നിയമന ശ്രമം ഗൂഡാലോചനയോ?

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി.) പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറി നടക്കുന്നുവെന്ന ആക്ഷേപം വീണ്ടും ശക്തമാകുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ (പി.ആര്‍.ഡി.) അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമന നടപടികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി.) സ്റ്റേ ചെയ്തതോടെയാണിത്. മുന്‍പ് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ നടന്നതിന് സമാനമായ ഹൈടെക് അട്ടിമറികളും പിന്‍വാതില്‍ ഇടപെടലുകളും ഈ ലിസ്റ്റിലും നടന്നതായാണ് സൂചന. പി എസ് സി തലത്തില്‍ അല്ല സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിതിലാണ് അപാകം ഏവരും കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും ഒരു പ്രമുഖ ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയും റാങ്ക് ലിസ്റ്റില്‍ മുന്‍നിരയില്‍ ഇടംപിടിച്ചതാണ് വിവാദങ്ങള്‍ക്ക് ആധാരമായത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സമര്‍പ്പിച്ച പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ ഇടപെടല്‍. രാഷ്ട്രീയ ശുപാര്‍ശയില്‍ പി.ആര്‍.ഡി.യുടെ വാ വാര്‍ത്താശേഖരണ പദ്ധതിയായ 'പ്രിസത്തില്‍' കയറിക്കൂടിയവരെ സ്ഥിരം നിയമനത്തിന് യോഗ്യരാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് പ്രധാന ആരോപണം. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലാണ് ഈ ആരോപണം ഉന്നയിക്കുന്നത്.
സാധാരണഗതിയില്‍ പി.എസ്.സി. ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ നാലോ അഞ്ചോ വര്‍ഷമെടുക്കാറുണ്ട്. എന്നാല്‍ ഈ തസ്തികയിലേക്ക് 2023 ഡിസംബറില്‍ അപേക്ഷ ക്ഷണിച്ച് വെറും ഒരു വര്‍ഷവും രണ്ട് മാസവും കൊണ്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മുന്‍പത്തെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പേ തന്നെ, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പുതിയ അപേക്ഷ ക്ഷണിച്ചത് രാഷ്ട്രീയ താല്പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന ആക്ഷേപം ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമാണ്. 2026 ഫെബ്രുവരി 25-നാണ് തിടുക്കപ്പെട്ട് പുതിയ ലിസ്റ്റ് തയ്യാറാക്കിയതെന്ന് കെസി പറയുന്നു.
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കള്‍ സ്മാര്‍ട്ട് വാച്ചും മൊബൈലും ഉപയോഗിച്ച് ഉത്തരങ്ങള്‍ ചോര്‍ത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ആ സംഭവത്തിന് ശേഷം പി.എസ്.സി. സുതാര്യത ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് കാര്യമായ പരാതിയും ഉയര്‍ന്നില്ല. ഇതിനിടെയാണ് പുതിയ വിവാദം കോണ്‍ഗ്രസ് നേതാവ് തന്നെ ചര്‍ച്ചയാക്കുന്നത്. പുതിയ ലിസ്റ്റുകളിലെ രാഷ്ട്രീയ ബന്ധുക്കളുടെ അതിപ്രസരം ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം തകര്‍ക്കുന്നുവെന്നാണ് കെസി പറയുന്നത്. പി.ആര്‍.ഡി.യുടെ പ്രതിനിധികളെപ്പോലും പങ്കെടുപ്പിക്കാതെയാണ് പി.എസ്.സി. ഇന്റര്‍വ്യൂ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ആക്ഷേപമുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സ്വന്തക്കാരെ തിരുകിക്കയറ്റുന്ന രീതിയാണ് ഇവിടെയും ദൃശ്യമാകുന്നത്. താല്‍ക്കാലിക ജീവനക്കാരായി പ്രവേശനം നേടിയവര്‍ക്ക് അന്യായമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഈ അനധികൃത നിയമന നീക്കം ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. യോഗ്യരായ ആയിരക്കണക്കിന് യുവാക്കള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഭരണസിരാകേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള അവിശുദ്ധ ഇടപെടലുകള്‍ നടക്കുന്നതെന്ന് കെസി പറയുന്നു.
മുന്‍പത്തെ ലിസ്റ്റ് നിലനില്‍ക്കെ തന്നെ പുതിയ ലിസ്റ്റിനായി കാണിച്ച അമിതവേഗത നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഭരണകാലാവധി തീരുന്നതിന് മുന്‍പ് സ്വന്തക്കാരെ സുരക്ഷിതമായ തസ്തികകളില്‍ എത്തിക്കാനുള്ള തിടുക്കമാണ് ഇതിന് പിന്നിലെന്ന് വിശകലനം ചെയ്യപ്പെടുന്നു. പി.എസ്.സി. പരീക്ഷകളുടെ വിശ്വാസ്യത തകരുന്നില്ല. പക്ഷേ എവിടേയോ ചില കളികള്‍ നടക്കുന്നു. അത് സര്‍ക്കാര്‍ തലത്തിലാണ്. ഇതാണ് ചര്‍ച്ചയാകുന്നത്.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് രാഷ്ട്രീയ ബന്ധുക്കള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പിന്‍വാതില്‍ നിയമനത്തില്‍ നിരാശരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം വരും ദിവസങ്ങളില്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും.


