കോട്ടയം: മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നതില്‍ എതിര്‍പ്പുമായി കെസിബിസി. മതസ്വാതന്ത്ര്യം എടുത്തുമാറ്റാന്‍ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്കു വ്യാഖ്യാനിക്കാനുള്ളതുമല്ല ഭരണഘടനയെന്ന വിമര്‍ശനം ഉന്നയിച്ചാണ് കെസിബിസി ഐക്യ-ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ ദീപിത ദിനപത്രത്തില്‍ ലേഖനം എഴുതിയിരിക്കുന്നത്.

തീവ്രഹിന്ദുത്വ സംഘടനകളാല്‍ നയിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ അവരോട് വിധേയപ്പെടുകയോ ചെയ്യുന്ന സര്‍ക്കാരുകളാണു മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നത് എന്നത് ഗൗരവമേറിയ വസ്തുതയാണെന്നും ഡോ. മൈക്കിള്‍ പുളിക്കല്‍ 'അടിച്ചേല്‍പ്പിക്കപ്പെടുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കത്തോലിക്കാ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല എന്നു മാത്രമല്ല അത്തരം ശ്രമങ്ങളെ ഒരുവന്റെ മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി വീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. കത്തോലിക്കാ സഭ നിര്‍ബന്ധിത മതപരിവര്‍ത്തന നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന ചിലരുടെ ആരോപണം വസ്തുത മനസിലാക്കാത്തതിനാലും അന്ധമായ വര്‍ഗീയ നിലപാടുകള്‍ പുലര്‍ത്തുന്നതിനാലും രൂപപ്പെടുന്നതാണ്.

എല്ലാവരോടും സുവിശേഷം പ്രസംഗിക്കുക എന്ന കടമ, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സഭ ലോകത്തില്‍ എല്ലായിടത്തും തുടരുന്നു. അതു സാമൂഹിക നീതിക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിലപാടുകളാണ്. അംഗീകരിക്കാനുള്ള വൈമനസ്യംകൊണ്ടോ അറിവില്ലായ്മകൊണ്ടോ ഇത്തരം ശ്രമങ്ങളെ മതപരിവര്‍ത്തനശ്രമങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണു വ്യാജപ്രചാരണങ്ങള്‍ ഉണ്ടാകുന്നത്.

മതപരിവര്‍ത്തനത്തെ നിരോധിക്കാന്‍ രാജസ്ഥാന്‍ പാസാക്കിയ നിയമം നിയമ പരിരക്ഷയല്ല, ഭീതിയാണ് നല്‍കുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മതംമാറ്റത്തിനായുള്ള ഒരാളുടെ അപേക്ഷയും അതിനുള്ള ശ്രമങ്ങളും പ്രസ്തുത വ്യക്തിയെ ദീര്‍ഘകാലം ജയില്‍വാസത്തിലേക്കു നയിക്കാനുള്ള ഭീതികരമായ സാധ്യതകൂടിയാണ് ഈ നിയമം തുറന്നിടുന്നത്. ഒരാളുടെ പൂര്‍ണ സമ്മതപ്രകാരമുള്ള മതപരിവര്‍ത്തനംപോലും അധികാരികള്‍ തീരുമാനിക്കുന്നത് പൗരാവകാശങ്ങളുടെ കടുത്ത നിഷേധമാണ് എന്നു പറയാതിരിക്കാനാവില്ല. മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനങ്ങളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ മതങ്ങളില്‍ പെട്ടവരെ അടിച്ചമര്‍ത്താന്‍ ഈ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ് -ലേഖനത്തില്‍ പറയുന്നു.

സ്വമേധയാ മറ്റൊരു മതം സ്വീകരിച്ചവരെയും തലമുറകളായി മറ്റൊരു മതവിശ്വാസത്തില്‍ കഴിയുന്നവരെയും നിര്‍ബന്ധിച്ചും ഊരു വിലക്കിയുമൊക്കെ 'ഘര്‍ വാപ്പസി' നടത്തുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ടുതന്നെ ഇത്തരം നിയമങ്ങള്‍ വര്‍ഗീയലക്ഷ്യങ്ങളോടെ നിര്‍മിക്കപ്പെട്ടതാണ് എന്നതു വ്യക്തമാണ്. വര്‍ഗീയതയുടെ അണുബാധയേറ്റു തളര്‍ന്നുകിടക്കാനുള്ളതല്ല നമ്മുടെ ഭരണഘടന; മതസ്വാതന്ത്ര്യം എടുത്തുമാറ്റാന്‍ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്കു വ്യാഖ്യാനിക്കാനുള്ളതുമല്ല നമ്മുടെ ഭരണഘടനയെന്നും ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ വ്യക്തമാക്കുന്നു.