- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ഞായറാഴ്‌ച്ച ദിവസം ലഹരിവിരുദ്ധ പ്രചരത്തിനായി സ്കൂൾ തുറക്കണമെന്ന സർക്കാർ തീരുമാനത്തിൽ ഉടക്കി കെ സി ബി സി; ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; കത്തോലിക്കാ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടത്താനെന്ന് കെസിബിസിയുടെ വാദം
തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി ഉടക്കി കെ സി ബി സി. ഒക്ടോബർ 2 ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ വന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശമാണ് കെ സി ബി സി തള്ളിയത്. ഞായറാഴ്‌ച്ച ദിവസം തങ്ങളോട് ആലോചിക്കാതെ പരിപാടി നടത്തിയതെന്ന പരിഭവമാണ് ഇതെന്ന ആരോപണം ഉയരുന്നുണ്ട്.
ഒക്ടോബർ രണ്ടിന് കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരിവിരുദ്ധ പ്രചാരണത്തിന് സ്‌കൂളുകൾ തുറക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്ന മുൻകാലങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന ശൈലി വർധിച്ചുവരുന്നതായി കെസിബിസി കുറ്റപ്പെടുത്തി. ലഹരി വിരുദ്ധ ദിനം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സർക്കാരിന്റെ നിർദ്ദേശത്തോട് സഹകരിക്കേണ്ടതുമാണെന്ന് കെ സി ബി സി പ്രസ്താവനയിൽ അറിയിച്ചു.
കത്തോലിക്കാ രൂപതകളിൽ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളിൽ കത്തോലിക്കരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുത ദിനം സാധാരണപോലെ തന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങൾക്കുവേണ്ടിമാത്രം നീക്കിവെയ്ക്കേണ്ടതാണെന്ന് കെ സി ബി സി അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ പ്രചാരണം ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെയാണ് സംസ്ഥാനത്ത് വിവിധ പരിപാടികൾ നടക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് സംസ്ഥാന തലത്തിൽ ആരംഭിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്താണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ വാർഡുകളിലെയും പ്രധാന കേന്ദ്രത്തിലും എല്ലാ ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ലൈവ് ചെയ്യും.ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ് റും ഡിബേറ്റുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികളിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തും. അതിഥി തൊഴിലാളികൾക്കിടയിലും തീരദേശ മേഖലയിലും പ്രചാരണം നടത്തും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പയിനുകളും നടത്തും.
മറുനാടന് മലയാളി ബ്യൂറോ