തിരുവനന്തപുരം: കേര പദ്ധതിയുടെ പണം വകമാറ്റിയതിനെ കുറിച്ചുളള വിവരം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നിലും ഗൂഡാലോചന. കാര്‍ഷികോല്‍പ്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ബി.അശോകിനെ കുടുക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് ഇതിന് പിന്നില്‍ കളിച്ചതെന്നാണ് സൂചന. അതിനിടെ ഇമെയില്‍ ചോര്‍ത്തിയത് സെക്രട്ടറിയേറ്റിനുള്ളില്‍ നിന്നാണെന്നും സൂചനകള്‍ പുറത്തു വരുന്നു. ഇതോടെ കേരയിലെ വാര്‍ത്ത പുതിയ വിവാദമായി മാറുകയാണ്. അനധികൃതമായി ചോര്‍ത്തിയ കാള്‍ റെക്കോഡ് തന്റെ പക്കലുണ്ട് എന്ന് ഈയിടെ എതിര്‍ കക്ഷികള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ഉദ്യോഗസ്ഥനാണ് ഇവിടേയും സംശയ നിഴലില്‍. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലുള്ള ഉന്നതനും ചീഫ്‌സക്രട്ടറി ജയതിലക്കും കൃഷി വകുപ്പിനുപ്പിന്നതിരേ നടത്തിയ നീക്കങ്ങളാണ് ചോര്‍ത്തിയ ഇമെയില്‍ കൃഷി വകുപ്പിനു തന്നെ തിരിച്ചു നല്‍കിയതിലൂടെ പൊളിഞ്ഞത് ക്രിമിനല്‍ കേസെടുക്കാവുന്ന കുറ്റകൃത്യമാണ് ഇത്.

കൃഷി വകുപ്പിന്റെ ലോക ബാങ്ക് പദ്ധതിയുടെ പൊതു ഇമെയിലില്‍ 27.4, 2025ന് വന്ന ലോകബാങ്ക് ടീം ലീഡറുടെ ഇമെയില്‍ അനധികൃതമായി ചോര്‍ത്തിയെടുത്താണ് സൂചന. പദ്ധതിക്കെതിരേ വാര്‍ത്തവന്നു എന്നു കാട്ടി കൃഷി വകുപ്പില്‍ മന്ത്രിയെ മറികടന്ന് അന്വേഷണ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 5/8/2025ന് ആണ് എബ്രഹാമിന്റെ കുറിപ്പില്‍ ചീഫ് സെകട്ടറി ഏ, ജയതിലക് അന്വേഷണ നിര്‍ദ്ദേശംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ബി അശോകിന് നല്‍കിയത്. മന്ത്രി പി.പ്രസാദിന്റെ ഉത്തരവിന് വേണ്ടി സെക്രട്ടറി ഫയല്‍ നല്‍കിയപ്പോഴാണ് അനധികൃതമായി പാസ് വേര്‍ഡ് കൈവശപ്പെടുത്തി തരമാക്കിയ ഇമെയിലാണ് ഭാഗികമായി സര്‍ക്കാര്‍ ഫയലില്‍ കണ്ടെത്തിയത്. നേരത്തെ അശോകിനെ കുടുക്കാന്‍ പ്രഖ്യാപിച്ച അന്വേഷണം മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുളള അന്വേഷണമാണെന്ന് വന്നതോടെ സുദീര്‍ഘമായ വിശദീകരണം ഇറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിതമായിരുന്നു.

കേര പദ്ധതിയുടെ ഫണ്ട് വകമാറ്റിച്ചെലവഴിച്ചെന്ന വാര്‍ത്തയില്‍ പ്രഖ്യാപിച്ച അന്വേഷണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയല്ല അന്വേഷണമെന്നും രഹസ്യ രേഖ മാധ്യമങ്ങളില്‍ വന്നതെങ്ങനെയെന്നാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വരുത്തി തെളിവെടുക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ വായ്പ വകമാറ്റിച്ചെലവഴിച്ചുവെന്ന വാര്‍ത്തയില്‍ അന്വേഷണം നടത്താന്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെ ചുതലപ്പെടുത്തിയുള്ള വിവാദ ഉത്തരവിനെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന ലോകബാങ്കിന്റെ കത്തിന്റെ പകര്‍പ്പ് അതീവരഹസ്യ രേഖയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്നതിലാണ് അന്വേഷണം.

ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി സംബന്ധിച്ച വിവരം ചോര്‍ന്നതിനെ കുറിച്ച് ഏകപക്ഷീയമായി അന്വേഷണം പ്രഖ്യാപിക്കാനായിരുന്നു നീക്കം. ചീഫ് സെക്രട്ടറി ഫയല്‍ കൃഷി വകുപ്പിന് അയച്ചതോടെ പദ്ധതി പൊളിഞ്ഞു. കൃഷി മന്ത്രി പി.പ്രസാദ് തന്നെയാണ് അന്വേഷണ ചുമതല വകുപ്പിനകത്ത് തന്നെ നിര്‍ത്തികൊണ്ടുളള തീരുമാനം എടുത്തതെന്നാണ് സൂചന. ഇപ്പോള്‍ ഫയല്‍ തിരിച്ചുവിളിക്കാനാണ് ശ്രമം. അന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുളള ഫയല്‍ തിരിച്ചുനല്‍കണമെന്നാണ് ചീഫ് സെക്രട്ടറി കൃഷിവകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അന്വേഷണം നടക്കട്ടെയെന്നാണ് കൃഷിവകുപ്പിന്റെ നിലപാട്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കൃഷി മന്ത്രി പി.പ്രസാദ് വഴി റിപോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നാണ് ലഭ്യമാകുന്ന വിവരം.

ലോകബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിലേക്ക് അയച്ച ഇ-മെയില്‍ സന്ദേശം ചോര്‍ന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇ-മെയില്‍ ചോര്‍ന്ന് മാധ്യമങ്ങളിലേക്ക് എത്തിയതിന്റെ ഉത്തരവാദിത്തം ബി.അശോകിന് ചാര്‍ത്താനായിരുന്നു ശ്രമം. ചോര്‍ന്ന ഇ-മെയില്‍ സന്ദേശം അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കൈമാറിയ ഫയലിലുണ്ട്. കൃഷിവകുപ്പിലെ നാല് പ്രധാന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കുമായി നടക്കുന്ന ആശയവിനിമയങ്ങള്‍ കൈകാര്യം ചെയ്യാനാവൂ. ഈ നാല് ഉദ്യോഗസ്ഥരെയാണ് മെയിലുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോകബാങ്കില്‍ നിന്നുളള മെയിലിന് നാല് ഉദ്യോഗസ്ഥരും മറുപടി അയച്ചിട്ടില്ല. ഏപ്രില്‍ 27ന് വൈകുന്നേരം 5.15ഓടെയാണ് ലോകബാങ്കില്‍ നിന്നുളള സന്ദേശം ലഭിച്ചതെന്നാണ് ഫയലില്‍ അടക്കം ചെയ്ത കോപ്പിയില്‍ നിന്ന് മനസിലാകുന്നത്. അതിനും മുമ്പ് വാര്‍ത്ത വന്നിരുന്നു. ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ആരെയെങ്കിലും ഉപയോഗപ്പെടുത്തി ഇ-മെയില്‍ സന്ദേശം കൈവശപ്പെടുത്തിയെന്നാണ് സൂചന. സെക്രട്ടേറിയേറ്റിലെ ഓഫീസിലെ കംപ്യൂട്ടറുകളുടെ ബാക്ക് എന്‍ഡ് വഴി മെയില്‍ ചോര്‍ത്തിയെടുക്കാനുളള സാധ്യതയും ഉണ്ട്.

അതീവരഹസ്യ രേഖ മാധ്യമങ്ങളില്‍ വന്നത് ലോകബാങ്കിന് മുന്നില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത ചോര്‍ച്ചയ്ക്ക് കാരണമാകും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്നതില്‍ അന്വേഷണം സ്വഭാവികമാണ് . നിയമചട്ടപ്രകാരമാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട വ്യക്തികളെയും വിളിച്ച് വരുത്തി മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നല്‍കുന്നതായിരുന്നു വിവാദ ഉത്തരവ്. ഇത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താനാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഈ രേഖ ചോര്‍ന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനിലൂടെയാണോ എന്ന സംശയം ശക്തമാകുന്നത്.

ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ ഇപ്പോള്‍ തന്നെ ഈ ആരോപണമുണ്ട്. പട്ടികവര്‍ഗ വകുപ്പിലെ ഉന്നതി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ബാക് എന്‍ഡ് വഴി ചോര്‍ത്തിയെന്ന് ഇപ്പോള്‍ സസ്പെന്‍ഷനിലുളള എന്‍.പ്രശാന്ത് ഐ.എ.എസ് ആണ് ആരോപിച്ചത്. സ്ഥലം മാറ്റത്തെ നിയമയുദ്ധത്തിലൂടെ തോല്‍പ്പിച്ച ഉദ്യോഗസ്ഥനാണ് ബി.അശോക്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റായ ബി.അശോകിനെ കൃഷിവകുപ്പിന്റെ തലപ്പത്ത് നിന്ന് മാറ്റി തദ്ദേശഭരണ കമ്മീഷനായി നിയമിക്കാനുളള നീക്കമാണ് അന്ന് പരാജയപ്പെട്ടത്. അശോകിനെ സെക്രട്ടേറിയേറ്റില്‍ നിന്ന് പുറത്താക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സ്ഥലം മാറ്റം. എന്നാല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ അത് റദ്ദാക്കി.