തിരുവനന്തപുരം: തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജീവനക്കാരെയും ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂര്‍ണമായും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

പങ്കാളിത്ത പെന്‍ഷനില്‍ നിന്നും ഏപ്രില്‍ മുതല്‍ അഷ്വേഡ് പെന്‍ഷന്‍ രീതിയിലേക്ക് മാറും. ഇതു സംബന്ധിച്ച് ഉത്തരവിറക്കും. അഷ്വേഡ് പെന്‍ഷന്‍ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനല്‍കും. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം വെവ്വേറെ ഫണ്ടായി കൈകാര്യം ചെയ്യും. ഒരു മാസത്തെ ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. മാര്‍ച്ച് മാസത്തോടെ കുടിശ്ശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കും. ജീവനക്കാരുടെ ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് സ്‌കീം പുനരുജ്ജീവിപ്പിക്കുമെന്നുമാണ് മറ്റൊരു സുപ്രധാന ബജറ്റ് പ്രഖ്യാപനം.

വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടന്‍ പ്രഖ്യാപിക്കും ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റില്‍ ഉണ്ട്. വയോജന ക്ഷേമത്തിന് എല്‍ഡേര്‍ലി ബജറ്റും പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 145000 കോടി രൂപയും ആശാ അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തില്‍ 1000 രൂപയുടെ വര്‍ധനയും ബജറ്റില്‍ പ്രഖ്യാപിച്ചു.

തോമസ് ഐസക്കിനും, ഉമ്മന്‍ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചത്. 2 മണിക്കൂറും 53 മിനിറ്റുമായിരുന്നു അവതരണം. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും ബജറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. കടുത്ത അവഗണനിക്കിടെയും കേരളം വളര്‍ന്നുവെന്നും ധനമന്ത്രി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണവും ബജറ്റില്‍ പ്രഖ്യാപിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.

''തിരുവനന്തപുരത്ത് വിഎസ് സെന്ററിന് 20 കോടി. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടി. വികസന ഫണ്ട് 10189 കോടി രൂപ. ലൈഫില്‍ നിര്‍മിച്ച വീടുകളുടെ എണ്ണം 5.25 ലക്ഷം കടന്നു. റാപ്പിഡ് റെയില്‍ പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി. പ്രതിരോധ ഗവേഷണ ഹബിന് 50 കോടി. അമേരിക്കയെക്കാള്‍ കുറഞ്ഞ ശിശു മരണ നിരക്ക് കേരളത്തില്‍. വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയുമുണ്ട്'' ധനമന്ത്രി പറഞ്ഞു.

''എംസി റോഡ് വികസനത്തിന് 5917 കോടി രൂപ. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കും. ഗതാഗതക്കുരുക്കു മാറ്റുന്നതിനായി ബൈപ്പാസ് നിര്‍മിക്കുകയും ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും ചെയ്യും. ആദ്യഘട്ടമെന്നും കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നീ ബൈപ്പാസുകളുടെ നിര്‍മാണവും വിവിധ ജംഗ്ഷനുകളുടെ വികസനവും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്'' മന്ത്രി വ്യക്തമാക്കി.

''കാന്‍സര്‍ എയ്ഡ്‌സ് രോഗികള്‍ക്ക് 2000 രൂപ സഹായം. ഓട്ടോത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. മെഡിസെപ് 2.0 ഫെബ്രുവരി മുതല്‍. 1 മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്. ഇതിനായി 15 കോടി രൂപ മാറ്റിവച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധിക വിഹിതം. മണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് ഒരു കോടി. യുവജന ക്ലബുകള്‍ക്ക് 10,000 രൂപ സഹായം. കേര പദ്ധതിക്ക് 100 കോടി. ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കും. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് പദ്ധതി നടപ്പിലാക്കുക'' ധനമന്ത്രി പ്രഖ്യാപിച്ചു.

''വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യ ബാച്ച് വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കാന്‍ ബോര്‍ഡ്. റവന്യു ഗ്രാന്റ് നിര്‍ത്തലാക്കി. ഖരമാലിന്യ സംസ്‌കരണത്തിന് 160 കോടി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കും. മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും. വയോജന ക്ഷേമം ലക്ഷ്യമിട്ട് എല്‍ഡേര്‍ലി ബജറ്റ്. കെഎസ്ആര്‍ടിസിക്ക് 8500 കോടി നല്‍കി'' ധനമന്ത്രി പ്രഖ്യാപിച്ചു.

''കേരളം ന്യൂ നോര്‍മല്‍ സൃഷ്ടിച്ചിരിക്കുന്നു, പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയെന്ന ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ട്. ധനനിലയില്‍ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചു'' ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വരുമാനത്തില്‍ 1000 രൂപയുടെ വര്‍ധന, ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപ വര്‍ധന, ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വരുമാനത്തില്‍ 1000 രൂപയുടെ പ്രതിമാസ വര്‍ധന എന്നിവ പ്രഖ്യാപിച്ചു.

''ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി. ലൈഫ് പദ്ധതിക്ക് 1498.26 കോടി. ജയിലുകളുടെ നവീകരണത്തിന് 47 കോടി. ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി. ആഗോള കേരള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാന്‍ 1 കോടി. ലോക കേരള സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 7.3 കോടി. ഐടി ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍. എം.എന്‍ ലക്ഷം വീട് പദ്ധതിക്കായി 10 കോടി. പെരളശ്ശേരിയില്‍ മാനവീയം മോഡല്‍ സാംസ്‌കാരിക ഇടനാഴി. മെഡിക്കല്‍ കോളജ് വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി. ധര്‍മടം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 5 കോടി. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹെല്‍ത്തി കിഡ്‌സ് എന്ന പുതിയ പദ്ധതിക്ക് 7.5 കോടി. ബ്രണ്ണന്‍ കോളജിലെ കായിക വികസനത്തിന് 2 കോടി. മാര്‍ ഈവാനിയോസ് മ്യൂസിയത്തിന് 1.5 കോടി. ധര്‍മ്മടത്ത് ടൂറിസം സര്‍ക്യൂട്ടിന് 2 കോടി'' ധനമന്ത്രി പ്രഖ്യാപിച്ചു.