കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ (74കിലോമീറ്റര്‍) അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ലൈബിരിയന്‍ കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താന്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി. കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞാല്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. തീരദേശത്ത് എന്തെങ്കിലും കണ്ടാല്‍ 112 ല്‍ വിളിച്ച് അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


ഐഎംഒ നമ്പര്‍ 9123221 ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3 കൊച്ചി തീരത്ത് മുങ്ങിയതായി പിഐബി വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ കോസ്റ്റല്‍ ഗാര്‍ഡും മൂന്നുപേരെ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുജാതയും രക്ഷപ്പെടുത്തി. 640 കണ്ടെയ്നറുകളുമായാണ് കപ്പല്‍ മുങ്ങിയത്. ഇതില്‍ 13 കണ്ടെയ്നറുകളില്‍ അപകടകരമായ ചരക്കുകളാണുണ്ടായിരുന്നതെന്നും 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയിരുന്നതായും പിഐബി വ്യക്തമാക്കി. കപ്പലില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും നിറച്ചിരുന്നു.

ഇതുവരെ എണ്ണച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരള തീരത്തെ സമുദ്ര ആവാസവ്യവസ്ഥ കണക്കിലെടുത്ത് കോസ്റ്റല്‍ ഗാര്‍ഡ് മലിനീകരണ പ്രതിരോധത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും സജീവമാക്കിയിട്ടുണ്ട്. എണ്ണ ചോര്‍ച്ച കണ്ടെത്തുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ഐസിജി വിമാനങ്ങള്‍ ആകാശ നിരീക്ഷണം നടത്തുന്നുണ്ട്. മലിനീകരണ പ്രതിരോധ ഉപകരണങ്ങളുമായി ഐസിജി കപ്പലായ സക്ഷവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

എന്നാല്‍ കാലവര്‍ഷത്തെ തുടര്‍ന്നു പ്രക്ഷുബ്ധമായ കടലില്‍ കണ്ടെയ്‌നറുകള്‍ അതിവേഗം ഒഴുകി നടക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണുള്ളത്. ഇതിനാല്‍ ഏറെ ജാഗ്രതയോടെയാണു കോസ്റ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍. കരയിലേക്കു ശക്തമായ കാറ്റുള്ളതിനാല്‍ ഇവ തീരത്തടിഞ്ഞേക്കാമെന്നുള്ള മുന്നറിയിപ്പുണ്ട്. ഏറെ തിരക്കേറിയ രാജ്യാന്തര കപ്പല്‍ച്ചാലിലൂടെ കടന്നുപോകേണ്ട എല്ലാ യാനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇന്നലെ കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടുത്തേക്കും. കണ്ടെയ്‌നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.

എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. കണ്ടെയ്‌നറുകള്‍ എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കൂടുതല്‍ ആലപ്പുഴ തീരത്താണ്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മത്സ്യബന്ധനം നടത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കപ്പല്‍ മുങ്ങിയതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണിട്ടുണ്ട്. എണ്ണപ്പാട തീരത്തേക്ക് വരാതിരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

റാപ്പിഡ് റെസ്‌പോണ്‍സ് ടീം എല്ലാ ജില്ലകളിലും തയ്യാറാണ്. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി. മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കണം. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തുടര്‍ന്നത് കപ്പല്‍ നിവര്‍ത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. 26 ഡിഗ്രി ചരിഞ്ഞനിലയിലായിരുന്നു കോസ്റ്റ് ഗാര്‍ഡ് എത്തുമ്പോള്‍. കപ്പല്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാല്‍ കപ്പല്‍ കൂടുതല്‍ ചരിയുകയും കൂടുതല്‍ കണ്ടെയ്നറുകള്‍ വീണ്ടും കടലില്‍ പതിക്കുകയും ചെയ്തതോടെ നിവര്‍ത്തല്‍ അസാധ്യമായി. സുരക്ഷ കണക്കിലെടുത്ത് അവശേഷിച്ച മൂന്ന് പേരെയും കപ്പലില്‍ നിന്നും രാവിലെ നാവികസേന രക്ഷിച്ചു.

കപ്പല്‍ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ തുടര്‍ന്ന ക്യാപ്റ്റനെയും രണ്ട് എന്‍ജിനീയര്‍മാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്..

ചരക്കുകപ്പലില്‍ നിന്ന് കടലിലേക്ക് ഇന്ധനം ചോരാനുള്ള സാധ്യത കണക്കിലെടുത്ത് പടരുന്നത് തടയാന്‍ കോസ്റ്റ് ഗോര്‍ഡ് കപ്പല്‍ രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പലിന് ഇന്ധനം കടലില്‍ കലരുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഫ്‌ലോട്ടിങ് പൈപ്പ് വല പോലെ വിരിച്ച് ബ്ലോക്ക് ചെയ്യുകയാണ് ഒരു മാര്‍ഗം. പ്രത്യേക രാസവസ്തു വെള്ളത്തില്‍ കലര്‍ത്തി ഇന്ധനത്തിന്റെ ഒഴുക്ക് തടയും. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തീരത്തടിയുകയാണെങ്കില്‍, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്.

കണ്ടെയ്നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്. ഇന്ധനം ചോര്‍ന്നാല്‍ അത് കടലിലെ ജീവികളെ ബാധിക്കും. കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കളുണ്ടെങ്കില്‍ അത് നീക്കുന്നതിനും വിദഗ്ധസംവിധാനങ്ങളുണ്ട്. കപ്പലില്‍ നിലവില്‍ ഉള്ളതും കടലില്‍ ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളിലെ കാര്‍ഗോ എന്താണെന്ന് കപ്പല്‍ കമ്പനിക്കു മാത്രമേ അറിയാനാകൂ. കപ്പലില്‍ ഉപയോഗിക്കുന്ന ബങ്കര്‍ ഓയില്‍ ആയിരിക്കാമെന്ന് കേരള മാരിടൈം ബോര്‍ഡ് മുന്‍ ചെയര്‍മാനും മാരിടൈം നിയമത്തില്‍ വിദഗ്ധനുമായ സീനിയര്‍ അഭിഭാഷകന്‍ വി.ജെ. മാത്യു പറഞ്ഞു.

കണ്ടെയ്നറുകള്‍ ഒഴുകി തീരത്തെത്തിയാല്‍ അപകടമാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്.

ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള കപ്പലാണ് എം.എസ്.സി. എല്‍സ 3. നാന്നൂറോളം കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്നതായിരുന്നു. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണിതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍നിന്ന് ലഭ്യമാകുന്നത്. ഒരു ഫീഡര്‍ കപ്പലായതിനാല്‍ മാതൃകപ്പലില്‍നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണിത്.