ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഇഡിയും കേസെടത്തേക്കും. സിഎംആര്‍എല്ലുമായുള്ള പണമിടപപാട് സംബന്ധിച്ച് എസ്എഫ്‌ഐഒയോട് രേഖകള്‍ ഇഡി ആവശ്യപ്പെട്ടുവെന്ന വിവരങ്ങളാമ പുരത്തുവരുന്നത്. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ കേസ് വരുമെന്ന് ഇഡി പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. എസ്എഫ്‌ഐഒയുടെ രേഖകള്‍ കിട്ടിയ ശേഷം ആയിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കര്‍ണാടക ഹൈക്കോടതിയില്‍ ഈ കേസ് വന്നപ്പോഴാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ് കേസെടുത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്.

ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ എസ്എഫ്‌ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.

നേരത്തെ വീണയെ പ്രതിയാക്കി എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിക്കുകയും ഇതിനെതിരെ ഹരജി സമര്‍പ്പിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇഡി നടപടിക്കൊരുങ്ങുന്നത്. കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹരജിയും ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ഇഡിയുടെ പ്രാഥമികാന്വേഷണ ഭാഗമായുള്ള തുടര്‍നടപടികള്‍ ഉണ്ടാവുന്നത്.

കേസില്‍ ടി. വീണയെ പ്രതിചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രോസികൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കിയിരുന്നു. സേവനം നല്‍കാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്സാലോജിക് കമ്പനിക്കാണ് പണം നല്‍കിയിരിക്കുന്നത്. ഒരു സേവനവും നല്‍കാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നേതാക്കള്‍ക്ക് സിഎംആര്‍എല്‍ കോടികള്‍ നല്‍കിയെന്നും കണ്ടെത്തലുണ്ട്. ടി. വീണ, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിയുണ്ടായത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

സിംഎംആര്‍എല്ലിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് ഹാജരായേക്കും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.