കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരി മാത്രമായിരുന്നു മുഖ്യന്റെ മറുപടി. എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത്.

അതേസമയം എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി.യോട് റിപ്പോര്‍ട്ട് തേടിയെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് സൂചന. അതിനിടെ, എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ നവാസ് ഡി.ജി.പി.ക്ക് പരാതി സമര്‍പ്പിച്ചു.

തല്‍സ്ഥാനത്ത് അജിത് കുമാര്‍ തുടര്‍ന്നാല്‍ തെളിവുകള്‍ നശിപ്പിച്ചേക്കാമെന്നാണ് പരാതിയില്‍ പറയുന്നത്. അജിത് കുമാറിനെ മാറ്റിനിര്‍ത്തണം. ഗൗരവതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് നവാസ് ഡി.ജി.പി.ക്ക് പരാതി നല്‍കിയത്.

അതേസമയം പൊലീസിലെ ഉന്നതര്‍ക്കെതിരെയുള്‍പ്പെടെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലില്‍ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെളിപ്പെടുത്തല്‍ അറിയാനും ഗൗരവത്തോടെ കാണാനും കെല്‍പുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്നും ബിനോയ് വിശ്വം പറഞ്ഞു.

എ.ഡി.ജി.പി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നത് വസ്തുതയെങ്കില്‍ അതീവ ഗൗരവമുള്ളതാണ്. അന്‍വര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെങ്കില്‍ അതും ഗൗരവമുള്ളത്. ആ തെറ്റിന് ഈ തെറ്റ് പരിഹാരം അല്ല. ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പ് സി.പി.എമ്മിനുണ്ടെന്നെന്ന് പറഞ്ഞ ബിനോയ് വിശ്വം, എല്‍ഡിഎഫില്‍ പറയേണ്ടത് അവിടെ പറയുമെന്നും കൂട്ടിച്ചേര്‍ത്തു.

പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണങ്ങളില്‍ വെട്ടിലായിരിക്കയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ്. എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണം വരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.

അന്‍വര്‍ എം.എല്‍.എയുടെ പ്രതിഷേധവും മുന്‍ മലപ്പുറം എസ്.പിയുടെ ആദ്യ ഓഡിയോയും പുറത്തുവന്നതിന് ശേഷം എ.ഡി.ജി.പി. മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി.യെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി എം.എല്‍.എ. രംഗത്തെത്തുന്നത്.

എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. എനിക്ക് തോന്നിയത് അതാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കൂ. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്താനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

എം.ആര്‍. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണെന്നാണ് അന്‍വര്‍ പറഞ്ഞത്. വിശ്വസ്തര്‍ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏല്‍പിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടുവെന്നും എം.എല്‍.എ ആരോപിച്ചിരുന്നു.