പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വിരട്ടി വെല്ലുവിളിക്കാനിറങ്ങിയ കേരളാ കോണ്‍ഗ്രസ് എമ്മിന് കിട്ടിയത് മുട്ടന്‍ പണി. സ്വന്തമായി നിര്‍ത്തിയ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് തലയൂരിയ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ നേതൃത്വം ഇപ്പോള്‍ എല്‍ഡിഎഫില്‍ നിന്നുള്ള വിലക്ക് ഒഴിവാക്കാനുള്ള നെട്ടോട്ടത്തില്‍.

വര്‍ഷങ്ങളായി സിപിഎം ഭരണം കൈയാളുന്ന നാരങ്ങാനം സര്‍വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലാണ് സംഭവം. 13 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ആറ് സീറ്റാണ് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്സ്, നിയോജകമണ്ഡലം പ്രസിഡന്റ് കുര്യന്‍ മടയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടത്.

എല്‍ഡിഎഫ് ആറന്മുള നിയോജക മണ്ഡലം കണ്‍വീനറും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുമായ എം.വി. സഞ്ജുവിനെ കണ്ടാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. സഞ്ജുവാകട്ടെ മുന്നണി മര്യാദ പാലിക്കാന്‍ വേണ്ടി രണ്ടു സീറ്റ് നല്‍കാമെന്ന് അറിയിച്ചു. അവിടെ നാരങ്ങാനത്തെ ജനസമ്മിതിയുള്ള കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയംഗങ്ങളായ അഡ്വ. അലക്സ്, അഭിലാഷ് എന്നിവരെ നിര്‍ത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, നേതാക്കളാകട്ടെ ആറു സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. മാത്രവുമല്ല, കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ സി.പി.എം ആണോ നിശ്ചയിക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തു.

പിന്നീട് കോണ്‍ഗ്രസും ബിജെപിയുമായി ചേര്‍ന്ന് സഖ്യമുന്നണി രൂപീകരിച്ച് മത്സരിക്കാന്‍ ചര്‍ച്ച നടത്തി. ഇതിന്‍ പ്രകാരം കേരളാ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബിജെപിയും കോണ്‍ഗ്രസും നാലു വീതം സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായി. ഇതിന്‍ പ്രകാരം കേരളാ കോണ്‍ഗ്രസ് അഞ്ചു സീറ്റുകളില്‍ പത്രിക നല്‍കി. എന്നാല്‍, ബിജെപിയും കോണ്‍ഗ്രസുമാകട്ടെ മത്സരിക്കാന്‍ തയാറായതുമില്ല. സൂക്ഷ്മ പരിശോധനയില്‍ കേരളാ കോണ്‍ഗ്രസിന്റെ രണ്ടു പത്രികകള്‍ തള്ളുകയും ചെയ്തു.

ഇതോടെ എല്‍ഡിഎഫിലെ ഘടകകക്ഷികളായ സിപിഎമ്മും കേരളാ കോണ്‍ഗ്രസ് എമ്മും നേര്‍ക്കു നേരെയായി മത്സരം. മത്സര രംഗത്ത് തുടര്‍ന്നാല്‍ നാരങ്ങാനത്ത് കേരളാ കോണ്‍ഗ്രസ് എം എല്‍.ഡി.എഫില്‍ ഇല്ലെന്ന് സിപിഎം നോട്ടീസ് ഇറക്കുമെന്ന് അറിയിച്ചു. എല്‍ഡിഎഫ് ആറന്മുള നിയോജക മണ്ഡലം കണ്‍വീനറായ എം.വി. സഞ്ജു ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമലയോട് പരാതി ഉന്നയിച്ചു.

എല്‍ഡിഎഫ് കണ്‍വീനറായ താന്‍ അറിയാതെയും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും സ്ഥാനാര്‍ഥികള്‍ പിന്മാറിയില്ലെങ്കില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയില്‍ നിന്ന് ഇവരെ ഒഴിവാക്കേണ്ടി വരുമെന്നും സഞ്ജു അറിയിച്ചു.

എല്‍ഡിഎഫില്‍ നിന്ന് ഒഴിവാക്കുമെന്ന് കണ്‍വീനറും അറിയിച്ചതോടെ രണ്ടു സീറ്റെങ്കിലും നല്‍കണമെന്നായി നേതൃത്വം. പറ്റില്ലെന്ന് സിപിഎം തീര്‍ത്തു പറഞ്ഞു.

ഒടുവില്‍ ഒരു സീറ്റെങ്കിലും തന്ന് മാനം രക്ഷിക്കണമെന്നായി. ഈ ആവശ്യമുന്നയിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരെ സമീപിച്ചെങ്കിലും എല്‍.ഡി.എഫിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മറുപടി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ച് അവസാനം തടിയൂരുകയായിരുന്നു.

എന്നാല്‍, ഈ നീക്കം പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് കാരണമായി. മുന്നണി മര്യാദ മറന്ന് മത്സരിക്കാന്‍ നീക്കം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസും ബിജെപിയുമായി കൂട്ടുകെട്ടിന് പോയ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി നാരങ്ങാനം മണ്ഡലം പ്രസിഡന്റ് ഒരു വര്‍ഷത്തേക്ക് അവധിയില്‍ പോവുക കൂടി ചെയ്തതോടെ ജില്ലാ നേതൃത്വം വെട്ടിലായി. ഇപ്പോഴുണ്ടായ ജില്ലാ നേതൃത്വത്തിന്റെ അപക്വമായ നീക്കം വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അടക്കം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.