പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോഴഞ്ചേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയും കാലുവാരിയും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഒന്നടങ്കം തോല്‍പ്പിച്ചുവെന്ന പരാതിയുമായി കേരളാ കോണ്‍ഗ്രസ് രംഗത്ത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജെറി മാത്യൂ സാം, മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി മണ്ഡലം ഭാരവാഹികള്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കി.

2021 ലെ തെരഞ്ഞെടുപ്പില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്ഏഴും കേരള കോണ്‍ഗ്രസ് ആറും സീറ്റുകളിലാണ് മത്സരിച്ചത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസാണ് മത്സരിച്ചത്. കോണ്‍ഗ്രസ് മൂന്നും കേരള കോണ്‍ഗ്രസ് രണ്ടും സീറ്റുകളില്‍ വിജയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് മൂന്നും കേരള കോണ്‍ഗ്രസിന് രണ്ടും വര്‍ഷം പങ്കു വയ്ക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ധാരണയും ഉണ്ടാക്കി. എന്നാല്‍ അത് പാലിച്ചില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിവുള്ളതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ആറു സീറ്റ് നല്‍കേണ്ടിയിരുന്നത് മൂന്നാക്കി കുറച്ചു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, ആന്റോ ആന്റണി എം.പി, പ്രഫ.പി.ജെ. കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വെട്ടിക്കുറച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച മൂന്നു സീറ്റിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാമും ചേര്‍ന്ന് വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന് നേതാക്കള്‍ പറയുന്നു. ഇതോടെ മൂന്ന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തോറ്റു. ജെറി മാത്യു സാം തെരഞ്ഞെടുപ്പിന്റെ തലേദിവസം നമ്പര്‍ തെറ്റി ഫോണ്‍ വിളിച്ച് റിബല്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗം എബ്രഹാം കലമണ്ണിയോടായിരുന്നു. ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലല്ലോ എന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. ജെറി മാത്യു സാമിന്റെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കേരളാ കോണ്‍ഗ്രസുകാരന്‍ മൂന്നാം സ്ഥാനത്ത് പോയി. മണ്ഡലം പ്രസിഡന്റിന്റെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 50 വര്‍ഷമായി ആദ്യമായി കോണ്‍ഗ്രസ് വിജയിച്ച കുരങ്ങുമല വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തുമാണ്.

കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത സുനിത ഫിലിപ്പിനെ ഇലക്ഷന് ശേഷം വൈസ് പ്രസിഡന്റാക്കി ഭരണം നടത്തുന്നതില്‍ കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രതിഷേധമുണ്ട്. 3 തവണ വിജയിച്ച് അര്‍ഹതയുള്ള കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഉണ്ടെന്നിരിക്കെ സസ്പെന്‍്റ് ചെയ്ത അംഗത്തെ പ്രഫ. പി.ജെ. കുര്യന്റെയും ആന്റോ ആന്റണി എം.പി.യുടെയും ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെയും നിര്‍ദ്ദേശത്തെ അവഗണിച്ചു കൊണ്ടുപോകുന്ന ഈ നേതൃത്വത്തോട് കൂട്ടായി പ്രവര്‍ത്തിച്ചുപോകുവാന്‍ തയ്യാറല്ലെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഈ കാര്യങ്ങളില്‍ കോണ്‍ഗ്രസ് വേണ്ട അന്വേഷണം നടത്തി ഇവരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി കളപ്പുരയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ ഡോ. എബ്രഹാം കലമണ്ണില്‍, ജനറല്‍ സെക്രട്ടറി അഡ്വ. വിജയ് വര്‍ഗീസ്, ജില്ലാ കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബിനു പരപ്പുഴ എന്നിവര്‍ ആവശ്യപ്പെട്ടു.