- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദഗ്ധരില്ലാത്ത കേരള ദുരന്തനിവാരണ അതോറിറ്റി; രക്ഷാപ്രവര്‍ത്തനത്തിന് കട്ടറുകള്‍ എവിടെയുണ്ടെന്ന് പോലും അറിയാത്ത കേരളം; ഈ സംവിധാനം മാറണം
തിരുവനന്തപുരം: കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം ഇങ്ങനെ മതിയോ? ഈ ചര്‍ച്ചയും മുണ്ടക്കൈ ദുരന്തം ഉയര്‍ത്തുകയാണ്. ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ദുരന്തനിവാരണ അതോറിറ്റി. 2016-നുശേഷം നടന്ന പുനഃസംഘടനയിലൊന്നും വിദഗ്ധഅംഗങ്ങളെ ഉള്‍പ്പെടുത്തിയില്ല. രണ്ട് വിദഗ്ധ അംഗങ്ങള്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങളും ഓരോ മേഖലയ്ക്കും ഉപദേശകസമിതികളുമായാണ് നിയമം അനുശാസിക്കുന്നത്. ദുരന്തനിവാരണ വിദഗ്ധരെ ജില്ലാതല ഉദ്യോഗസ്ഥരായി നിയമക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കാണ് ഈ ചുമതല.
സാമൂഹികപ്രതിരോധവും സന്നാഹമൊരുക്കലുമാണ് പുതിയ കാലഘട്ടത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനം. എന്നാല്‍, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം എന്നിവയാണ് കേരളത്തില്‍ നടക്കുന്നത്. മുണ്ടക്കൈയിലെ ദുരന്തത്തിലും ഇത് തെളിഞ്ഞു നില്‍ക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ചയില്‍ പരസ്പരം പഴിചാരുമ്പോള്‍ നിസ്സഹായകരാകുന്നത് പാവങ്ങളാണ്. 2018-ലെ പ്രളയത്തിനുശേഷം ഡല്‍ഹി ജെ.എന്‍.യു.വിലെ സ്‌പെഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടും കേരളം അവഗണിച്ചു. ദുരന്ത നിവാരണ പ്ലാനില്‍ എടുക്കേണ്ട മുന്‍കരുതല്‍ ഇതില്‍ പറയുന്നത്.
അപകടമേഖലയുടെ വാര്‍ഡുതല ഭൂപടം തയ്യാറാക്കാത്തത്, പ്രവര്‍ത്തിക്കാത്ത മുന്നറിയിപ്പുസംവിധാനങ്ങള്‍ എന്നിവയെല്ലാം കേരളത്തിന് വല്ലുവിളിയാണ്. കേരളം സ്ഥാപിച്ച 351 മുന്നറിയിപ്പുസംവിധാനങ്ങളില്‍ 289 എണ്ണവും പ്രവര്‍ത്തനക്ഷമമല്ലെന്ന് രണ്ടുതവണയാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതെന്ന വിവരം മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തഘട്ടങ്ങളില്‍ ആവശ്യമായ ഉപകരണങ്ങള്‍ പോലും കേരളത്തിന് സ്വന്തമായില്ല. ഇവ എവിടെ ലഭ്യമാവുമെന്നുവരെ മുന്‍കൂട്ടി അറിഞ്ഞിരിക്കനം.
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി കട്ടറുകള്‍ എവിടെ ലഭിക്കുമെന്ന് തിരയേണ്ടിവന്നത് ഇത്തരം മുന്നൊരുക്കങ്ങളുടെ അഭാവമാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി 2012-ല്‍ തയ്യാറാക്കി 2016-ല്‍ അംഗീകാരം നല്‍കിയ ദുരന്തനിവാരണപദ്ധതിയാണ് കേരളം ഇപ്പോഴും പിന്തുടരുന്നത്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ മാത്രമായി കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം ചുരുങ്ങുന്നുവെന്നതാണ് വസ്തുത. അടിയന്തരമായി ഇത് മാറണമെന്നതാണ് പുതിയ കാലത്തിന്റെ ആവശ്യം.
വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സംബന്ധിച്ച് കേരളത്തിനെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന്, സംസ്ഥാനത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏജന്‍സികള്‍ പ്രതിരോധത്തിലായിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി), ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ), സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ (സിഡബ്ല്യുസി) എന്നിവയിലെ ഉദ്യോഗസ്ഥരാണ് വിഷമസന്ധിയിലായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആണോ മന്ത്രി അമിത് ഷാ പരാമര്‍ശിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് കേരള സര്‍ക്കാരിന് കേന്ദ്ര ഏജന്‍സികള്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞത്. കേരള സര്‍ക്കാരിന്റെ നിസംഗതയാണ് ഇത്രയും വലിയ ദുരന്തം വരുത്തിവെച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അമിത്ഷായുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചിരുന്നു.