കൊച്ചി: താരസംഘടനയായ അമ്മയെ വെല്ലുവിളിച്ച് കേരളം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വീണ്ടും. നേരത്തെ നിശ്ചയിച്ചതു പ്രകാരം കഴിഞ്ഞ മാസത്തെ മലയാള സിനിമകളുടെ ബജറ്റും കളക്ഷനും പുറത്തുവിട്ടു. ഫെബ്രുവരിയിലും മലയാള സിനിമക്ക് നഷ്ടക്കണക്കുകളാണ് പറയാനുള്ളത്.

ഇത് പ്രകാരം ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടിയില്‍ അധികമാണ്. ഇതില്‍ തിരിച്ചു കിട്ടിയത് 23 കോടി 55 ലക്ഷം മാത്രമാണെന്നും അസോസിയേഷന്‍ പറയുന്നു. ഓരോ സിനിമയുടേയും ബജറ്റും കളക്ഷന്‍ തുകയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇതുപ്രകാരം ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിയറ്ററില്‍ നിന്ന് തിരിച്ചു കിട്ടിയിട്ടില്ല. 16 സിനിമകളുടെ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. 1.60 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ലൗ ഡെയില്‍ എന്ന ചിത്രത്തിന് തിയറ്ററില്‍ നിന്ന് കിട്ടിയത് പതിനായിരം രൂപ മാത്രം. മുടക്ക് മുതലിന് തൊട്ടടുത്ത് എത്താനായത് കുഞ്ചാക്കോ ബോബന്‍ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു.


13 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചെലവ്. 11 കോടി രൂപ തിയറ്ററുകളില്‍ നിന്ന് ചിത്രം ഇപ്പോള്‍ കളക്ഷന്‍ നേടി. ബ്രോമന്‍സ് ആണ് മറ്റൊരു ചിത്രം. എട്ട് കോടി മുതല്‍ മുടക്കില്‍ എടുത്ത ചിത്രം നാല് കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഒന്നരക്കോടി മുതല്‍ മുടക്കില്‍ എടുത്ത ലൗ ഡെയ്ല്‍ എന്ന ചിത്രം 10000 രൂപ മാത്രമാണ് കളക്ഷന്‍ നേടിയത്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ആപ് കൈസേ ഹോ എന്ന ചിത്രം രണ്ടരക്കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. അഞ്ച് ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് തിരിച്ചു പിടിക്കാനായത്. ഓരോ സിനിമയുടേയും ബജറ്റും കളക്ഷന്‍ തുകയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍ ആണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്ന് വിനോദ നികുതി അടക്കമുള്ളവ ഒഴിവാക്കിയതിന് ശേഷം ലഭിക്കുന്ന തുകയാണ് തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍.

നേരത്തെ സിനിമയുടെ വരുമാനക്കണക്കുകള്‍ പുറത്തുവിടുന്നതിനെതിരെ താരസംഘടന രംഗത്തു വന്നിരുന്നു. മലയാള സിനിമയിലെ നൂറു കോടിയുടെ നുണക്കണക്കുകളെയെല്ലാം സുരേഷ് കുമാര്‍ പൊളിച്ചടുക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ''പലരും പറയുന്നു, ചില സിനിമകള്‍ നൂറ് കോടി നേടിയെന്ന്. എന്നാല്‍ 100 കോടി രൂപ ഷെയര്‍ നേടിയ ഒരു സിനിമയുടെ പേരെടുത്തു പറയട്ടെ. അങ്ങനെ ഒരു ചിത്രത്തിന്റെ പേര് പറയാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. ഞങ്ങള്‍ നിര്‍മാതാക്കള്‍ ഷെയര്‍ ആണ് കൂട്ടാറുള്ളത്, അല്ലാതെ മറ്റൊന്നും അല്ല''. സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

തങ്ങളുടെ പടം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് പറയുന്നത് നിര്‍മാതാക്കളല്ലെന്നും താരങ്ങള്‍ അവരെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അല്ലാതെ സ്വന്തം ഗതികേട് അറിയുന്ന നിര്‍മാതാക്കള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയ്ക്ക് താങ്ങാന്‍ ആവുന്നതിന്റെ 10 ഇരട്ടി പ്രതിഫലമാണ് താരങ്ങള്‍ വാങ്ങുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

മലയാള സിനിമ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. 700 കോടിയോളം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വര്ഷം മലയാള സിനിമയില്‍ ഉണ്ടായത്. ഈ വര്ഷം ജനുവരി മാസത്തില്‍ ഒരു സിനിമ മാത്രമാണ് തിയറ്ററില്‍ ഹിറ്റായി ഓടിയതും.