- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരി; തിരുവിതാംകൂറിനെ ചതുപ്പാക്കി; മുങ്ങിപ്പോയ മൂന്നാര്‍ പട്ടണം; നഷ്ടങ്ങളുടെ സങ്കടക്കടലായ 99-ലെ മഹാപ്രളയത്തിന് 100 വയസ്
തിരുവനന്തപുരം: കേരളത്തിന്റെ ഭൂപ്രകൃതിയിയിലും നദികളുടെ ഘടനയിലും വരെ മാറ്റം വരുത്തിയ 1924-ലെ പ്രളയത്തിന് 100 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കൃത്യമായിപ്പറഞ്ഞാല്‍ 1924 ജൂലായ് 14-ന് ശക്തിപ്പെട്ട മഴ രണ്ടാഴ്ച മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ ദേശങ്ങളെ അക്ഷരാര്‍ഥത്തില്‍ മുക്കി. കേരളം രൂപപ്പെടുന്നതിനും മുന്‍പാണത്.
നഷ്ടങ്ങളുടെയും സങ്കടത്തിന്റെയും കഥയാണ് ഓരോ പ്രളയവും. പ്രകൃതി കൂടുതല്‍ കലിപൂണ്ടാല്‍ അത് മഹാപ്രളയമാകും. ഐക്യകേരളത്തിന് മുന്നേ കേരള ചരിത്രത്തിലേക്ക് കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ ഇന്നും പഴയ തലമുറയുടെ ഉള്ളിലുണ്ട്. 2018-ല്‍ കേരളത്തെ മുക്കിയ പ്രളയ നാളുകളിലാണ് പുതുതലമുറ അന്നത്തെ മഹാപ്രളയത്തിന്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയത്.
ആ ദുരന്തത്തില്‍ മൊത്തം നഷ്ടം, മരണം ഇതൊന്നും ശരിയായി തിട്ടപ്പെടുത്തിയിട്ടില്ല. വിവിധയിടങ്ങളില്‍നിന്നുള്ള നഷ്ട മരണകണക്കുകള്‍ പല റിപ്പോര്‍ട്ടുകളിലുണ്ട്. പക്ഷേ, ഒന്നും പൂര്‍ണമല്ല. വാര്‍ത്താവിനിമയസൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന നൂറുവര്‍ഷംമുമ്പ് അതൊക്കെ അസാധ്യമായിരുന്നു.
തുള്ളിയ്ക്കൊരുക്കുടമെന്ന് പോലെ പെയ്യുന്ന മഴയിലും മലവെള്ളപാച്ചിലിലും ഒഴുകിവരുന്ന മൃതശരീരങ്ങള്‍, അഴുകിയ പക്ഷി-മൃഗാദികളുടെ ശവങ്ങള്‍... ഒരായുസ്സ് കൊണ്ടുകെട്ടിപ്പൊക്കിയ സമ്പാദ്യങ്ങള്‍ ഒരുനിമിഷം കൊണ്ടുഇല്ലാതാകുന്ന രംഗങ്ങള്‍. 99-ലെ വെള്ളപ്പൊക്കമെന്ന് പഴയ തലമുറ പറയുന്ന മഹാപ്രളയത്തെപ്പറ്റി പറയുമ്പോള്‍ ഇത്തരം നിരവധി ഓര്‍മ്മകളാണ് അവരുടെ ഉള്ളില്‍ പെയ്തിറങ്ങുന്നത്. ആ മഹാപ്രളയത്തിന് 2024 ജൂലൈയില്‍ നൂറുവയസ്സ് തികയുകയാണ്.
ഓര്‍മകളിലെ മഹാപ്രളയം
1924 ജൂലൈ പകുതിയോടെ തുടങ്ങി ഓഗസ്റ്റ് വരെ നീണ്ടുനിന്നതായിരുന്നു 99-ലെ മഹാപ്രളയം. കൊല്ലവര്‍ഷം 1099-ലെ കര്‍ക്കിടക മാസത്തിലാണ് വെള്ളപ്പൊക്കമുണ്ടായതിനാലാണ് തൊണ്ണുറ്റിയൊന്‍പതിലെ പ്രളയമെന്ന് പറയപ്പെടുന്നത്. 1924 ജൂലൈ 15-ഓടെ ആരംഭിച്ച ശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. ബ്രട്ടീഷുകാരുടെ കൈയ്യിലുള്ള കണക്കുപ്രകാരം ജൂലൈ മാസത്തില്‍ മൂന്നാറില്‍ മാത്രം 485 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്.
മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. തിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചെങ്കിലും ഏറ്റവുമധികം കെടുതികള്‍ നേരിട്ടത് തിരുവിതാകൂറിലാണ്. രാജഭരണമായിരുന്നു അക്കാലത്ത്. അന്ന് ശ്രീമൂലം തിരുനാളാണ് തിരുവിതാകൂര്‍ ഭരിച്ചിരുന്നത്. തിരുവനന്തപുരം പട്ടണത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ആലപ്പുഴ മുഴുവനായും ഏറണാകുളത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങിയെന്നാണ് രേഖകള്‍ പറയുന്നത്. മദ്ധ്യതിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്തുണ്ടായ മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു.
കര്‍ക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേമലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകള്‍ നിലം പതിച്ചു. കനോലി കനാലിലൂടെ മൃത ശരീരങ്ങള്‍ ഒഴുകിനടക്കുകയായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയെയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി എന്ന് പറയപ്പെടുന്നു. ഭാരതപ്പുഴയുടെതീരങ്ങളിലെ ഇല്ലങ്ങളില്‍ ആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്നി ഈ വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിക്കുന്നുണ്ട്.
'വെള്ളപ്പൊക്കത്തില്‍' എന്ന രചനയില്‍ തകഴി ഹൃദയംതൊടുന്നവിധം ആ രംഗങ്ങള്‍ വിവരിക്കുന്നുണ്ട്. എല്ലാം നഷ്ടമായ മനുഷ്യര്‍. അവര്‍ ഓമനിച്ചുവളര്‍ത്തിയ ജീവികള്‍. വെള്ളം നക്കിക്കുടിച്ച വീടുകള്‍. വിലാപങ്ങള്‍. ഇങ്ങനെ പറഞ്ഞുകേട്ട കഥകള്‍ വെറും കഥകളല്ല, പൊള്ളുന്ന അനുഭവമായിരുന്നു എന്ന് മലയാളി മനസ്സിലാക്കിയത് 2018-ലാണ്.
കേള്‍ക്കാനും ഓര്‍ക്കാനും ഇഷ്ടമില്ലാത്ത ആ ഓഗസ്റ്റ് നാളുകള്‍. 2018 ഓഗസ്റ്റിലുണ്ടായ പ്രളയം മലയാളിക്ക് പേടിസ്വപ്നമാണ്. 14.57 ലക്ഷം ആളുകള്‍ ക്യാമ്പുകളിലായി. 3879 ക്യാമ്പുകളിലായി 3,91,494 കുടുംബങ്ങള്‍ വേരറ്റ് ജീവിച്ചു. 299 പേര്‍ മുങ്ങിമരിച്ചു.
ഉരുള്‍പൊട്ടലുകളില്‍ 155 പേരും മറ്റ് അപകടങ്ങള്‍ കാരണം 66 പേരും വിടപറഞ്ഞു. മൊത്തം 450 പേരെയാണ് പ്രളയം നമുക്കിടയില്‍നിന്ന് കൊണ്ടുപോയത്. 2.53 ലക്ഷം വീടുകള്‍ ഭാഗികമായി നശിച്ചു. 15,272 വീടുകള്‍ പൂര്‍ണമായി നശിച്ചു. 5610 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായി. ഓഗസ്റ്റ് 14 മുതല്‍ പത്തുദിവസംകൊണ്ട് കേരളം ഒരുവലിയ അഭയാര്‍ഥിക്യാമ്പായി മാറി.
1924-നെയും 2018-നെയും താരതമ്യംചെയ്യുന്നവരുണ്ട്. 2018-ലെ പ്രളയത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ സമ്പൂര്‍ണപ്രളയഡയറി രണ്ടു കാലത്തെയും മഴക്കണക്കുകള്‍ താരതമ്യംചെയ്യുന്നുണ്ട്. 1924-ല്‍ ഇന്നത്തെയത്ര മഴമാപിനികള്‍ ഉണ്ടായിരുന്നില്ലെന്നതും ഉള്ളതിന്റെ ഗുണനിലവാരക്കുറവുംമൂലം അന്നത്തെ കണക്കിന് പരിമിതിയുണ്ടാവാം.
എന്നിട്ടും 1924-ലെ മഴ 2018-ലേതിനെക്കാള്‍ ഭീകരമായിരുന്നു എന്ന് അളവുകള്‍ പറയുന്നു. 1924 ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ അന്നത്തെ കേരളത്തില്‍ ലഭിച്ച മഴ 3463.1 മില്ലിമീറ്ററായിരുന്നു. 2018-ല്‍ ഇതേസമയത്ത് ലഭിച്ചത് 2517.2 മില്ലിമീറ്ററും. 2039.6 മില്ലിമീറ്ററാണ് ഈസമയത്ത് ലഭിക്കേണ്ട ശരാശരി മഴ. 945.9 മില്ലിമീറ്റര്‍ അധികം മഴയാണ് 2018-നെ അപേക്ഷിച്ച് 1924-ല്‍ ലഭിച്ചതെന്ന് കാണാം. എത്രമാത്രം ഭീകരമായിരുന്നു 1924 എന്നു മനസ്സിലാക്കാന്‍ ഈ അന്തരംകൊണ്ടുതന്നെ മനസ്സിലാക്കാം.
പ്രളയം തകര്‍ത്തെറിഞ്ഞ മൂന്നാര്‍ പട്ടണം
സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതില്‍ അത്ഭുതമില്ല. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്സര്‍ലാന്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്നാറിന്റെ സൗന്ദര്യത്തെയും സൗകര്യങ്ങളെയും അപ്പാടെ തകര്‍ത്തെറിഞ്ഞതായിരുന്നു മഹാപ്രളയം.
ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി (ഇന്നവിടെ ഒരണക്കെട്ടുണ്ട്). തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവും പകലും പെയ്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകര്‍ന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു.
അന്ന് മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും മോണോറെയില്‍ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കുണ്ടളവാലി റെയില്‍വേ ലൈന്‍ എന്നാണ് മൂന്നാറിലെ നാരോ-ഗേജ് റെയില്‍പ്പാത അറിയപ്പെട്ടിരുന്നത്. പ്രളയത്തില്‍ ആ റെയില്‍പ്പാതകളും സ്റ്റേഷനുകളും പൂര്‍ണ്ണമായി നശിച്ചു. 1902-ല്‍ സ്ഥാപിച്ച റെയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുന്തള വഴി തമിഴ്നാടിന്റെ അതിര്‍ത്തിയായ ടോപ്പ് സ്റ്റേഷന്‍വരെയുള്ളതായിരുന്നു.
പ്രളയത്തോടെ റെയില്‍വേ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷനമായ മൂന്നാറിന് പിന്നീടൊരിക്കലും റെയില്‍വേ ഭൂപടത്തിലേക്ക് തിരിച്ചുവരാനായിട്ടില്ല. റെയില്‍വേയ്ക്ക് പുറമേ മൂന്നാറിലെ ആശൂപത്രികള്‍, തപാല്‍ സേവനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അവിടെ നിന്ന് തുടച്ചുമാറ്റപ്പെട്ടു. കിലോമീറ്ററുകള്‍ പരന്നു കിടന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും പൂര്‍ണ്ണമായി നശിച്ചു.
മൂന്നാറിന്റെ ഭൂപ്രകൃതിയിലും പ്രളയം മാറ്റം വരുത്തി. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കര്‍ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വന്‍ തടാകമായി മാറി. മഴ തുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടി. ഈ മലവെള്ളപ്പാച്ചില്‍ അവസാനിപ്പിച്ചത് പള്ളിവാസലില്‍ 200 ഏക്കര്‍ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകള്‍ മണ്ണിനടിയിലായി.
പൂര്‍ണ്ണമായും തകര്‍ന്ന മൂന്നാറിനെ വീണ്ടും ഒരുയര്‍ത്തെഴുനേല്‍പ്പിനു സഹായിച്ചത് ബ്രിട്ടീഷുകാരായിരുന്നു. വീണ്ടും തേയില നട്ടു, റോഡുകള്‍ നന്നാക്കി, മൂന്നാര്‍ പഴയ മൂന്നാറായി. എന്നാല്‍ തീവണ്ടി മാത്രം വീണ്ടും മൂന്നാര്‍ മലനിരകള്‍ താണ്ടിയെത്തിയില്ല.
കൂട്ടപ്പലായനം, നഷ്ടങ്ങളുടെ സങ്കടക്കടല്‍
കേരളത്തില്‍ 99-ലെ പ്രളയത്തിന് മുമ്പും പിമ്പും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് രേഖകള്‍ പറയുന്നു. തൊണ്ണുറ്റിയൊന്‍പതിലെ വെള്ളപ്പൊക്കത്തിന് ശേഷം നിര്‍മിച്ച മിക്ക വീടുകളും ഭൂമി മണ്ണിട്ടുക്രമാതീതമായി ഉയര്‍ത്തിയതിന് ശേഷമായിരുന്നു. കേരളത്തെ സംബന്ധിച്ചുള്ള പല നിര്‍ണ്ണായക ചരിത്രരേഖകളും നശിച്ചുപോയത് ഈ പ്രളയത്തിലാണെന്നാണ കരുതപ്പെടുന്നത്.
കൃത്യമായ വാര്‍ത്താവിനിമിയ സംവിധാനങ്ങളും മതിയായ ഗതാഗത സൗകര്യങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് പ്രളയത്തില്‍ എത്രപേര്‍ മരിച്ചെന്ന് സംബന്ധിച്ചും കൃത്യമായ കണക്കില്ല. 1939ലും 1961ലും എന്തിനേറെ 2018 ലും കേരളത്തെ പിടിച്ചുക്കുലുക്കിയ പ്രളയമുണ്ടായിട്ടുണ്ടെങ്കിലും തൊണ്ണുറ്റിയൊന്‍പതിലെ പോലെ കേരളത്തിന്റെ ഭൂപ്രകൃതിയെ വരെ മാറ്റിമറിച്ച ഒരുപ്രളയം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാവണം ഒരുനൂറ്റാണ്ട് പിന്നിടുമ്പോഴും തൊണ്ണൂറ്റിയൊന്‍പതിലെ പ്രളയം പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ എല്ലാ തലമുറയുടെയും ഉള്ളില്‍ മായാത്ത മുറിവായി പെയ്തിറങ്ങുന്നത്.
തിരുവിതാംകൂര്‍ രേഖകളില്‍ മനുഷ്യര്‍ കൂട്ടമായി കുന്നുകളിലേക്ക് പലായനംചെയ്തതിന്റെ വിവരണങ്ങളുണ്ട്. തിരുവിതാംകൂറിനെ മഴ ഒരുവലിയ ചതുപ്പാക്കിമാറ്റിയെന്ന് ചരിത്രം പറയുന്നു. ആശ്വാസകേന്ദ്രങ്ങള്‍ തുറക്കാന്‍ ജൂലായ് കഴിയേണ്ടിവന്നു. ആ ദിവസങ്ങളില്‍ ഒരു സഞ്ചാരവും പറ്റിയിരുന്നില്ല. നാടന്‍വള്ളങ്ങള്‍ മാത്രമായിരുന്നു ആശ്രയം. തിരുവനന്തപുരത്തും കൊച്ചിയിലും സൈന്യത്തിന്റെ സേവനമുണ്ടായി. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും സന്നദ്ധസേവകരായി.
അമ്പലപ്പുഴ 4000, ആലപ്പുഴ 3000, കോട്ടയത്ത് 5000, ചങ്ങനാശ്ശേരി 3000, പറവൂര്‍ 8000 എന്നിങ്ങനെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനമെത്തിയെന്നാണ് ഒരു കണക്കില്‍ കാണുന്നത്. നെല്‍ക്കൃഷി മുഴുവന്‍ ഒലിച്ചുപോയി. മാന്നാറില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസപ്രതിനിധിസംഘത്തിന്റെ കണക്കുപ്രകാരം അവിടെമാത്രം 500 വീടുകള്‍, 200 തെങ്ങിന്‍തോപ്പുകള്‍, 1000 ഏക്കര്‍ ഭൂമി, 6.40 ലക്ഷം കിലോഗ്രാം ധാന്യം എന്നിവ നശിച്ചുപോയെന്ന് മനു എസ്. പിള്ള എഴുതിയിരിക്കുന്നു. പക്ഷേ, സമഗ്രമായ തിരുവിതാംകൂര്‍ കണക്ക് ക്രോഡീകരിച്ച് എഴുതപ്പെട്ടില്ല. കാരണം പലയിടത്തും വിവരങ്ങള്‍ തരാന്‍ മനുഷ്യരേ ഉണ്ടായില്ല.
ശ്രീമൂലം തിരുനാളാണ് അന്ന് തിരുവിതാംകൂര്‍ രാജാവ്. അദ്ദേഹം സുഖമില്ലാത്ത സ്ഥിതിയിലായിരുന്നു. വയ്യായ്കയിലും അദ്ദേഹം പലയിടത്തും നേരിട്ടെത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പക്ഷേ, പ്രളയത്തിന്റെ ദുരന്തചിത്രം അദ്ദേഹത്തെ മാനസികമായും തളര്‍ത്തിയെന്നാണ് ചരിത്രം.
രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ വലിയ പരിശ്രമം ഭരണകൂടം നടത്തി. കാര്‍ഷിക വായ്പപ്പരിധി ഉയര്‍ത്തി. വീട് പുതുക്കാന്‍ മുള സൗജന്യമായി അനുവദിക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി. ശ്രീമൂലം തിരുനാളും പിന്നീടുവന്ന സേതുലക്ഷ്മിബായിയും ഗ്രാമങ്ങളിലേക്കുചെന്ന് ആളുകളെ കേട്ടു. പതിനായിരം അപേക്ഷകര്‍ക്ക് ആളൊന്നുക്ക് 500 രൂപവീതം വായ്പ അനുവദിച്ചു. പലിശയിളവോടെ ആയിരുന്നു വായ്പകള്‍. പക്ഷേ, ക്ഷാമത്തിന്റെ ദുരിതം എവിടെയും ഉണ്ടായിരുന്നു.
ആറന്മുള ക്ഷേത്രത്തിന്റെമുന്നിലുള്ള 18 പടികളില്‍ 15 പടികള്‍ മുങ്ങിപ്പോയെന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെന്ന് ചരിത്രകാരനായ കെ.പി. ശ്രീരംഗനാഥന്‍ പറയുന്നു. 2018-ല്‍ 15 പടിവരെ മുങ്ങി. രണ്ടു പ്രളയത്തിലും ക്ഷേത്രവളപ്പില്‍ വെള്ളംകയറിയില്ല. രണ്ട് സമയത്തും ആറന്മുളവാസികള്‍ക്ക് ക്ഷേത്രവളപ്പാണ് ആശ്രയമായത്. പമ്പയാറിനോട് ചേര്‍ന്നാണ് ക്ഷേത്രമെങ്കിലും അതിന്റെ സവിശേഷമായ നിര്‍മാണരീതികൊണ്ട് വെള്ളപ്പൊക്കങ്ങളെ അതിജീവിക്കുന്നതാണ് പ്രത്യേകത.
ആറന്മുളനിവാസികള്‍ പ്രളയത്തില്‍ കൂട്ടത്തോടെ ഇടശ്ശേരിമല കുന്നിലേക്ക് പോയി. കുറെപ്പേര്‍ ഇപ്പോള്‍ എ.ഇ.ഒ. ഓഫീസിരിക്കുന്ന കൊട്ടാരത്തില്‍ പള്ളിക്കൂടംഭാഗത്തും. ക്ഷാമം രൂക്ഷമായപ്പോള്‍ കുന്നിന്‍മുകളില്‍ അവശേഷിച്ച കപ്പയാണ് ജനത്തിന് ആശ്രയമായത്. പക്ഷേ, കൃഷിക്കാര്‍ ലോഭമില്ലാതെ അതു പങ്കിട്ടതായി ശ്രീരംഗനാഥന്‍ പറയുന്നു.
സാഹിത്യത്തിലും മഹാപ്രളയം
ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കര പിള്ളയുടെ 'വെള്ളപ്പൊക്ക'ത്തില്‍ (1935) എന്ന കഥയില്‍ വിഷയമാക്കുന്നത് 99-ലെ പ്രളയമാണ്. കാക്കനാടന്റെ 'ഒറോത' (1982) എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തില്‍'മീനച്ചിലാറ്റിലൂടെഒഴുകിയെത്തിയവളാണ്. പിന്നെയും നിരവധി കൃതികളില്‍ 99-ലെ മഹാപ്രളയം ചര്‍ച്ചായിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ സാഹിത്യത്തിലും 99-ലെ വെള്ളപ്പൊക്കം പ്രത്യക്ഷപ്പെട്ടു. എസ്. ഹരീഷ് എഴുതിയ ശ്രദ്ധേയമായ 'മീശ' (2018) എന്ന നോവലിലും നോവലിലും ഈ പ്രളയകാലമുണ്ട്.
നൂറാം വാര്‍ഷികത്തിലും നടുക്കുന്ന ഓര്‍മകള്‍
മഹാപ്രളയത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് മൂന്നാര്‍ ഗവണ്‍മെന്റ് എച്ച് എസിലെ അലുമിനി അസോസിയേന്‍. ഇതിന്റെ ഭാഗമായി 'സെന്റീനിയല്‍' എന്ന പേരില്‍ സുവനീയര്‍ പുറത്തിറക്കി.
വിവിധക്കാലങ്ങളില്‍ മൂന്നാറിനെ സംബന്ധിച്ച് പുറത്തിറങ്ങിയ ചരിത്രഗ്രന്ഥങ്ങളെ ഉദ്ദരിച്ചാണ് സ്മരണിക തയ്യാറാക്കിയത്. ഇതിനുപുറമേ ജൂലൈ 17,18,19 തീയതീകളിലായി മൂന്നാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ പ്രളയക്കാലത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രപ്രദര്‍ശനം, സെമിനാര്‍, ചര്‍ച്ചകള്‍, അനുസ്മരണം എന്നിവ സംഘടിപ്പിക്കുമെന്ന് അലുമിനി അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകനുമായ എം.ജെ. ബാബു പറഞ്ഞു.