തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കേരളത്തിന് തിരിച്ചടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ചികില്‍സാ ബില്ലും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാലഗോപാല്‍ ചികില്‍സയ്ക്ക് പോയതു കേട്ട് മലയാളികള്‍ ആശ്വസിച്ചിരുന്നു. അമേരിക്കയിലും ചെന്നൈയിലും പോകാത്ത ധനമന്ത്രിയുടെ മാതൃക അനുകരണീയമാണെന്ന് ഏവരും പറഞ്ഞു. ഇതിനിടെയാണ് രണ്ടു മൂന്ന് ദിവസം മെഡിക്കല്‍ കോളേജില്‍ കിടന്ന വകയില്‍ ഖജനാവില്‍ നിന്നും 1,91,601 രൂപ ചികില്‍സാ ചിലവില്‍ എഴുതിയെടുക്കുന്നത്. ഇത്രയും വലിയ ചിലവ് മെഡിക്കല്‍ കോളേജിനുണ്ടാകുമെന്ന സന്ദേശം ജനങ്ങള്‍ക്ക് കൊടുത്താല്‍ കേരളത്തിന്റെ ആരോഗ്യ മോഡല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വഴിമാറും.

ധനമന്ത്രിക്ക് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയെന്നും അതിന് രണ്ടു ലക്ഷത്തിന് അടുത്ത ചെലവു വന്നുവെന്നുമാണ് ഉയരുന്ന വാദം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇത്രയും ചികില്‍സാ ചിലവ് ആര്‍ക്കായാലും വരാമോ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ ഒന്നുമില്ല. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അര്‍ഹതപ്പെട്ടത് പലതും കൊടുക്കാനുണ്ട്. 40,000 കോടി രൂപ ഇതിന് വേണം. മേയ് മാസത്തില്‍ പെന്‍ഷനാവയവര്‍ക്ക് കൊടുക്കാനും 4000 കോടി കണ്ടെത്താനാകുന്നില്ല. ഇതിനിടെയാണ് ധനമന്ത്രിയുടെ ചികില്‍സാ ധൂര്‍ത്ത്. കെ വി തോമസിന്റെ കാബിനറ്റ് പദവിക്ക് അപ്പുറം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് നല്‍കിയ മുന്‍കാലപ്രാബല്യവും സര്‍ക്കാര്‍ ജീവനക്കാരെ ചൊടുപ്പിക്കുന്നുണ്ട്.

ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡിഎ പോലും കൊടുക്കുന്നില്ല. എന്നാല്‍ ധന വകുപ്പിന്റെ എതിര്‍പ്പ് മറികടന്നും കെവി തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കാനാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു ഇക്കാര്യത്തില്‍. കോണ്‍ഗ്രസ് വിട്ടു വന്ന കെവി തോമസിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. ഈ സ്‌നേഹമാണ് ധനവകുപ്പ് എതിര്‍പ്പ് മറികടന്നും കെവി തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് മുന്‍കാല പ്രാബല്യം ശമ്പളത്തില്‍ നല്‍കാന്‍ കാരണം. ഈ ഉദ്യോഗസ്ഥന്‍ ഒരു കൊല്ലം ജോലി ചെയ്യാതെയാണ് ശമ്പളം വാങ്ങിയതെന്ന വാദവും ശക്തമാണ്. സാമ്പത്തിക പ്രതിസന്ധിക്കാലത്തെ ഈ പാഴ് ചെലവുകള്‍ കേരളത്തിന് അധിക ബാധ്യതയാണ്.

ധനമന്ത്രിയുടെ ചികില്‍സ സര്‍ക്കാരിന് അധിക ബാധ്യതയാകുന്നത് ഇന്‍ഷുറന്‍സ് ഇല്ലായ്മ കാരണം കൊണ്ടാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കിയ മെഡി സെപ്പ് അടിമുടി പരാജയമായി. എന്നാല്‍ മന്ത്രിമാര്‍ക്കും ഇഷ്ടക്കാര്‍ക്കും ഇഷ്ടം പോലെ ചികില്‍സാ പണം ഖജനാവില്‍ നിന്ന് കിട്ടുകയും ചെയ്യുന്നു. കണ്ണൂര്‍ വിമാനത്താവളം വലിയ നഷ്ടത്തിലാണ് പോകുന്നത്. ഇതിനിടെയിലും അതിന്റെ എംഡിയ്ക്ക് ശമ്പളം കൂട്ടുന്നു. നേരത്തെ ഒരു വര്‍ഷം 39 ലക്ഷമായിരുന്നു എംഡി ദിനേശ് കുമാറിന്റെ ശമ്പളം. 2022-23 വര്‍ഷത്തില്‍ വിമാനത്താവളത്തിന്റെ നഷ്ടം 139 കോടി ആയിരുന്നു. ഈ കണക്ക് നില്‍കെയാണ് എംഡിയുടെ ശമ്പളം 50ലക്ഷത്തോളമാക്കിയത്. ഇതിലെ അനീതിയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അലോസരപ്പെടുത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായതു കൊണ്ട് മാത്രമാണ് പ്രതിമാസം നാലേകാല്‍ ലക്ഷത്തിന്റെ ശമ്പളം കണ്ണൂര്‍ വിമാനത്താവള എംഡിക്ക് കിട്ടാന്‍ കാരണമെന്ന് അവര്‍ പറയുന്നു. വിരമിച്ച സിവില്‍ സര്‍വ്വീസുകാര്‍ക്കും വാരിക്കോരി കൊടുക്കുന്നു. വിരമിച്ചവര്‍ക്ക് നിശ്ചയിക്കുന്ന ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ തുക കുറയ്ക്കണമെന്ന വ്യവസ്ഥയുണ്ട്. ഇത് മറികടക്കാന്‍ വിരമിച്ചവര്‍ക്ക് ഹോണറേറിയം കൊടുക്കുന്നു. മുന്‍ ചീഫ് സെക്രട്ടറിമാരായ കെഎം എബ്രഹാമിനും വിപി ജോയിയ്ക്കും എല്ലാം ഇതിന്റെ ആനുകൂല്യം കിട്ടുന്നു. അമ്പതോളം സിവില്‍ സര്‍വ്വീസുകാര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടെന്നതാണ് വസ്തുത. ഈ വകയിലും ഖജനാവ് ചോര്‍ന്നൊലിക്കുകയാണ്.