- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ നയം അവസാനിപ്പിച്ചു സര്‍ക്കാര്‍; ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിമുതല്‍ ഭായ്- ഭായ്; നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി രാജ്ഭവന് അധികതുക അനുവദിച്ച് പിണറായി; ചെലവുകള്‍ക്ക്് അനുവദിച്ചത് പ്രത്യേക നിര്‍ദ്ദേശാനുസരണം സാധാരണയേക്കാള്‍ മൂന്നിരട്ടി തുക; സര്‍വകലാശാല വിഷയങ്ങളിലും സര്‍ക്കാറിന്റെ കീഴടങ്ങല്‍
ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ നയം അവസാനിപ്പിച്ചു സര്‍ക്കാര്‍
തിരുവനന്തപുരം: ഗവര്‍ണറുമായുള്ള എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവന്‍െ്റ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണര്‍ക്ക് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധികതുക അനുവദിച്ചതോടൊപ്പം, കാലിക്കറ്റ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍വകലാശാല പ്രതിനിധിയെ നല്‍കിയും സൗഹൃദം ഉറപ്പിച്ച് പിണറായി വിജയന്‍. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കൈക്കൊണ്ട ബി.ജെ.പി അനുകൂല നിലപാടുകള്‍ക്കെതിരെ സി.പി.ഐയും ഇടത് യുവജന സംഘടനകളും പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഭാരതാംബ വിഷയം പോലുള്ള രാഷ്ട്രീയ നിലപാടുകളില്‍ രാജ്ഭവനുമായി ഇടതു സര്‍ക്കാര്‍ നിരന്തരം നടത്തിവന്നിരുന്ന പോരാട്ടമാണ് പിണറായി വിജയന്‍ അവസാനിപ്പിക്കുന്നത്.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തിയാണ് രാജ്ഭവന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അധികഫണ്ട് അനുവദിച്ചത്. 25 ലക്ഷം രൂപയുടെ അധിക ഫണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ധനവകുപ്പ് അനുവദിച്ചത്. 2025- 26 ല്‍ രാജ്ഭവന് 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ 25 ലക്ഷംരൂപ കൂടി അധികമായി അനുവദിച്ചിരിക്കുന്നത്. 2023- 24 ല്‍ 16.25 ലക്ഷം രൂപയായിരുന്നു രാജ്ഭവന് നല്‍കിയിരുന്നത്. ഇപ്പോള്‍ അത് മൂന്ന് ഇരട്ടിയിലധികമായി വര്‍ധിച്ച 50 ലക്ഷമായി ഉയരുകയാണ്. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഓഗസ്ത് 18 ന് പണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം രാജ്ഭവന്റെ ചെലവുകള്‍ക്ക് 13.94 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ഔദ്യോഗിക വാഹനമായ മെഴ്സിഡസ് ബെന്‍സ് കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അഞ്ച് ലക്ഷം രൂപ അധികമായി ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. അപകടത്തെത്തുടര്‍ന്നുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്. നിലവിലുള്ള സാമ്പത്തിക നിയന്ത്രണ ഉത്തരവുകളില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചത്. ബെന്‍സ് കാറിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് വേണ്ടിയാണ് ഈ അധിക ചെലവ്.
നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്, സേവിംഗ്സ് വഴി ഈ അധിക ചെലവ് ക്രമപ്പെടുത്താന്‍ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതല ഏറ്റെടുത്തതു മുതല്‍ സര്‍ക്കാരുമായി ഇടഞ്ഞാണ് മുന്നോട്ടു നീങ്ങിയിരുന്നത്. ഗവര്‍ണറുടെ പരിപാടി ബഹിഷ്രിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും ഇതിനിടെ ഉണ്ടായി. പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ അധികാരപരിധി സംബന്ധിച്ച് വിശദീകരിക്കുന്ന പാഠഭാഗവുമായി സ്‌കൂള്‍ പുസ്തകം വരെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്‍കാതിരുന്ന സി.പി.എം പ്രതിനിധിയെ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതോടെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ട് രാജ്ഭവന്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റികളിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കാത്തതിനാല്‍ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നിലച്ചിരിക്കുകയാണ്.
ഒരു സര്‍വകലാശാല ഒഴികെ മറ്റു പതിമൂന്ന് സര്‍വകലാശാലകളിലും താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരാണ് ഇപ്പോഴുള്ളത്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായും ബാധിച്ചിരുന്നത്. അനുരജ്ഞന നീക്കങ്ങളിലൂടെ ഇനിയൊരു പോരാട്ടത്തിനില്ലെന്ന് സന്ദേശമാണ് പിണറായി വിജയന്‍ നല്‍കുന്നത്.




