കൊച്ചി: ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാര്‍ പണം അനുവദിക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ പലവട്ടം കേരളം ചര്‍ച്ച ചെയ്തതാണ്. സാംസ്‌ക്കാരിക വൈവിധ്യത്തിന്റെയും പൈതൃകത്തിന്റെയും പേരു പറഞ്ഞാണ് ബിനാലെയുടെ പേരില്‍ ഇടതു സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നത് എന്നാണ് ആരോപണം. ഇപ്പോഴിതാ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവിലൂടെ കടന്നു പോകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ബിനാലെയുടെ പേരില്‍ വന്‍ ധൂര്‍ത്തിന് ഒരുങ്ങുന്നു. സര്‍ക്കാറുമായി അടുപ്പമുള്ള ചില ഉന്നതരുടെ താല്‍പ്പര്യം കൊണ്ടാണ് 80 കോടിയോളം രൂപ മുതല്‍ മുടക്കിയുള്ള ഒരു ഭൂമി ഇടപാടിന് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടക്കം കുടിശ്ശിക ആക്കിയിരിക്കുന്ന സര്‍ക്കാര്‍ പല അവശ്യകാര്യങ്ങളും മാറ്റിവെച്ചാണ് സംസ്‌ക്കാരിക രംഗത്തിന്റെ പേരില്‍ പൊങ്ങച്ചം പറഞ്ഞ് പണം മുടക്കലിന് ഒരുങ്ങുന്നത്. റിയല്‍ എസ്റ്റേറ്റ് വമ്പന്മാരായ ഡിഎല്‍എഫിന്റെ ഉടമസ്ഥതയിലുള്ള ആസ്പിന്‍വാള്‍ ഹൗസ് വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ നടത്തുന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ഡോ.വേണു ചെയര്‍മാനായ ബിനാലെ ഫൗണ്ടേഷന്റെ താല്‍പ്പര്യമാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പിന്നില്‍.

ആസ്പിന്‍വാള്‍ കെട്ടിടവും സ്ഥലവും വാങ്ങാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമം നടത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിരിക്കുന്നത്. ആസ്പിന്‍വാള്‍ ഹൗസ് വിട്ടുകിട്ടാത്തതിനാല്‍ കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ട ബിനാലെ ആറാംപതിപ്പ് പ്രദര്‍ശനം മുടങ്ങിയെന്ന പേരു പറഞ്ഞാണ് വന്‍ ധൂര്‍ത്തിന് സര്‍ക്കാര്‍ ഭൂമി വാങ്ങാന്‍ ശ്രമം നടത്തുന്നത്. ആസ്പിന്‍വാള്‍ ഹൗസും കബ്രാള്‍ യാര്‍ഡും തീരസംരക്ഷണ സേനയ്ക്ക് വില്‍ക്കാന്‍ ഡിഎല്‍എഫ് നീക്കം തുടങ്ങിയിരുന്നു.

ഡിഎല്‍എഫിനെ സംബന്ധിച്ചിടത്തോളം ഇവിടെ വന്‍ നിര്‍മാണങ്ങള്‍ നടത്താന്‍ സാധിക്കില്ല. പൈതൃക മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലമായതു കൊണ്ടാണ് ഇത്. അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം ഈ സ്ഥലം കൈവശം വെച്ചതു കൊണ്ട് വലിയ പ്രയോജനമില്ല. ഇതിനിടെയണ് കോസ്്റ്റ്ഗാര്‍ഡ് സ്ഥലം ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചതും സിപിഎം ഉടക്കുമായി രംഗത്തുവന്നതു. ഇതോടെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടവും മൂന്നരയേക്കറോളം സ്ഥലവും പൈതൃക സ്വത്തായി ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നതോടെ ഡിഎല്‍എഫ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കയാണ്.

കഴിഞ്ഞ ജനുവരിയില്‍ അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയതുപ്രകാരം ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചയാരംഭിച്ചത്. റവന്യു അധികൃതരുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശം സര്‍ക്കാര്‍ ഡിഎല്‍എഫിന് സമര്‍പ്പിച്ചിട്ടുണ്ട്. 80കോടിയോളം രൂപ നല്‍കിയുള്ള സ്ഥലം ഏറ്റെടുപ്പിക്കാനാണ് നീക്കമെന്നാണ് സൂചനകള്‍.

ആസ്പിന്‍വാള്‍ ഹൗസിന്റെ വടക്കേ അതിരിലുള്ള റവന്യുവകുപ്പിന്റെ 1.29 ഏക്കറും കെട്ടിടവും ബിനാലെയ്ക്ക് വിട്ടുതരണമെന്ന ആവശ്യം ഫൗണ്ടേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആസ്പിന്‍വാള്‍ ഭൂമിയുടെ പകുതിയോളം വിസ്തീര്‍ണം മാത്രമാണുള്ളതെങ്കിലും അതു വിട്ടുകിട്ടിയാല്‍ ആറാംപതിപ്പിന്റെ പ്രധാനവേദി ഇവിടെ സജ്ജമാക്കാനാകുമെന്നാണ് ബിനാലെ ഫൗണ്ടേഷന്റെ അവകാശവാദം.

2012ല്‍ ബിനാലെയുടെ തുടക്കംമുതല്‍ പ്രധാനവേദി ആസ്പിന്‍വാള്‍ ഹൗസും അനുബന്ധ കെട്ടിടങ്ങളുമായിരുന്നു. ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം കോടികള്‍ ചെലവഴിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ നവീകരിച്ചത്. ബിനാലെയ്ക്കുവേണ്ടി ആസ്പിന്‍വാള്‍ ഹൗസ് വാങ്ങാന്‍ സര്‍ക്കാര്‍ പ്രാരംഭ ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് വില്‍ക്കാന്‍ നീക്കമാരംഭിച്ചത്. 2022ല്‍ അഞ്ചാംപതിപ്പ് തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കെ ഡിഎല്‍എഫ് പ്രതിനിധികള്‍ ആസ്പിന്‍വാള്‍ ഹൗസിന്റെ ഗേറ്റ് പൂട്ടി. വാടകയായി ഒരുകോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയെങ്കിലും രണ്ടുമാസം വൈകിയാണ് പ്രദര്‍ശനം തുടങ്ങാനായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആസ്പിന്‍ വാള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം സജീവമായതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്‍ഡ് വാങ്ങിയാണ് ബിനാലെ നടത്തുന്നത്. ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്തിനാണ് ഈ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന് കൂട്ടുനില്ക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം. സര്‍ക്കാറിന്റെ മുന്‍ഗണനാ വിഷയങ്ങള്‍ എന്തൊക്കെയാണെന്നും ചോദ്യം ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ജാവേദ് പര്‍വേശ് ഫേസ്ബുക്കില്‍ കുറിച്ചത് ചുവടേ:

ഫോര്‍ട് കൊച്ചിയില്‍ ഡിഎല്‍എഫിന്റെ കൈവശമുള്ള ആസ്പിന്‍വാള്‍ ഹൗസ് സര്‍ക്കാര്‍ പണം കൊടുത്ത് വാങ്ങി ബിനാലെ ഫൗണ്ടേഷന് നല്‍കാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ എട്ടു പത്തു കൊല്ലമായി കൊച്ചിയും തിരുവനന്തപുരവും കേന്ദ്രമാക്കി ചിലര്‍ ഇതിനായി ലോബിയിങ് നടത്തുകയായിരുന്നു. ഇത്രകാലം സര്‍ക്കാര്‍ ഈ കുപ്പിയില്‍ വീഴാതെ പിടിച്ചുനിന്നു. 80 കോടിയാണ് വില.

കഴിഞ്ഞ ജനുവരിയില്‍ അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തി. തുടര്‍നടപടികള്‍ക്കായി ടൂറിസം സെക്രട്ടറി കെ.ബിജുവിനെ ചുമതലപ്പെടുത്തി. ബിനാലെ പോലുള്ള കലാസംഗമത്തിന് സര്‍ക്കാര്‍ ഗ്രാന്‍ഡ് കൊടുക്കുന്നത് മനസിലാക്കാം. ആശാ വര്‍ക്കര്‍ക്കാര്‍ വെയിലത്തും മഴയത്തും സമരം ചെയ്യുമ്പോള്‍, കവളപ്പാറയിലെ ദുരന്തബാധിതര്‍ പുനരധിവാസത്തിന് കാത്തു നില്‍ക്കുന്‌പോള്‍, ക്ഷേമനിധി പെന്‍ഷന്‍ നല്‍കാതെ സര്‍ക്കാര്‍ നട്ടംതിരിയുന്‌പോള്‍ ഇതാണോ സര്‍ക്കാറിന്റെ പ്രയോറിറ്റി? ഏതാനും മാന്യന്‍മാരും വിദ്വാന്‍മാരും ഐസിട്ട് വട്ടത്തിലിരുന്ന് തീരുമാനിക്കുന്നതാണോ സര്‍ക്കാറിന്റെ മുന്‍ഗണനാ വിഷയങ്ങള്‍?

കോസ്റ്റ് ഗാര്‍ഡ് ഈ കെട്ടിടം വാങ്ങാന്‍ ആലോചിച്ചിരുന്നു. ആസ്പിന്‍വാള്‍ കെട്ടിടം കോസ്റ്റ് ഗാര്‍ഡിന് നല്‍കിയാല്‍ കൊച്ചിയുടെ സാംസ്‌കാരികസ്വഭാവം മാറുമെന്ന് പറഞ്ഞ് കൊച്ചി മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തുവെന്നാണ് പറയുന്നത്. വട്ടത്തിലിരിക്കുന്ന വിദ്വാന്‍മാരുടെ സ്വാധീനം മാത്രമാണ് ഇത് കാണിക്കുന്നത്. 180 വര്‍ഷ പഴക്കമുള്ള ആസ്പിന്‍വാള്‍ കെട്ടിടത്തെ ആലോചിച്ച് രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ സാംസ്‌കാരിക വേദന പങ്കിടുകയാണത്രെ. ഇരുനൂറു വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ കെട്ടിടങ്ങള്‍ അനവധി തൊട്ടപ്പുറത്തുണ്ട്. ഓള്‍ഡ് ഹാര്‍ബസ് ഹൗസും ഓള്‍ഡ് കോര്‍ട്ട്യാര്‍ഡും ഉള്‍പ്പെടെ. ഏത്രയോ പൗരാണിക കെട്ടിടങ്ങളും കോട്ടകളും ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമാണുള്ളത്. നാലു നൂറ്റാണ്ട് പഴക്കമുള്ള കൊല്‍ക്കത്തയിലെ ഫോര്‍ട് വില്യംസ് കരസേനയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനമാണ്. അപ്പോഴാണ് ആസ്പിന്‍വാളിനെ ആലോചിച്ച് സാംസ്‌കാരികവേദന.

ഡിഎല്‍എഫിനെ സംബന്ധിച്ചിടത്തോളം ആസ്പിന്‍വാള്‍ ഒരു ബാധ്യതയാണ്. ഹെറിറ്റേജ് സൈറ്റില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. നേവി തൊട്ടടുത്തായതിനാല്‍ അങ്ങനെയുള്ള നിയന്ത്രണവും. യൂസുഫലി വന്നാലും ബിസിനസ് റിട്ടേണ്‍ നോക്കിയേ വാങ്ങൂ. സര്‍ക്കാറിനാണെങ്കില്‍ ഇഷ്ടം പോലെ പണം ഉണ്ട്. സാധാരണക്കാരന്റെ ആവശ്യത്തിന് മാത്രമാണ് ഇല്ലാത്തത്. നേരത്തേ പറഞ്ഞ വിദ്വാന്‍മാര്‍ ഇടപെട്ടാല്‍ എല്ലാം ഈസിയാണ്. മന്ത്രി റിയാസിനെ ഈസിയായി മാനിപുലേറ്റ് ചെയ്യാം.

ബിനാലെ വന്നതോടെ കലാഅവബോധം കൂടിയിട്ടുണ്ട് എന്നത് സത്യമാണ്. സഞ്ചാരികളും വരുന്നുണ്ട്. ഇന്‍സ്റ്റലേഷന്‍ എന്നാല്‍ എന്തെന്ന് ഒരു മാതിരിപ്പെട്ടവര്‍ക്ക് അറിയാം. പക്ഷേ അനീഷ് കപൂറിന്റെ വര്‍ക്കിന് ഇത്ര വില, പരേഷ് മേത്തിയുടെ കുപ്പായവും തൊപ്പിയും കണ്ടോ എന്ന സാഹിത്യമല്ലാതെ യഥാര്‍ത്ഥ കലാ ആസ്വാദനം എത്രപേര്‍ക്ക് അറിയാം? ഇതുകൊണ്ട് പ്രാദേശിക കലാകാരന്‍മാര്‍ക്ക് കല കൊണ്ട് ജീവിക്കാം എന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? സര്‍ക്കാര്‍ പണം കൊണ്ട് പല പതിപ്പുകളായി നടന്ന ബിനാലെയുടെ യഥാര്‍ഥ ീൗരേീാല ഓഡിറ്റ് നടന്നിട്ടുണ്ടോ?

പണ്ട് എംഎ ബേബി ബിനാലെ ചെലവില്‍ ഏതൊക്കെയോ രാജ്യങ്ങളില്‍ കറങ്ങി നടന്നിരുന്നു.വാര്‍ത്ത വന്നതോടെ പണം തിരിച്ചടച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ഡോ.വേണുവാണ് ഇപ്പോള്‍ ബിനാലെ ഫൗണ്ടേഷന്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍.

മൊത്തത്തില്‍ അനുകൂല കാലാവസ്ഥയാണ്. ബിനാലെ വേണം. അതിന് സര്‍ക്കാര്‍ ഗ്രാന്‍ഡും നല്‍കണം. പക്ഷേ കെട്ടിടം വാങ്ങി കലാപരിപോഷണം കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യത്തിന് നല്ലതല്ല. സര്‍ക്കാറാണ് വാങ്ങുന്നത്, അത് സര്‍ക്കാറിന് മുതല്‍ കൂട്ടാകും എന്നെല്ലാമുള്ള ന്യായീകരണ ഗുളികകള്‍ വൈകാതെ പുറത്തുവരും. 180 വര്‍ഷ പഴക്കമുള്ള വെയര്‍ഹൗസ് കണ്ടില്ലെങ്കില്‍ വികാരം വന്നില്ലെങ്കില്‍ രണ്ടു നൂറ്റാണ്ടു മൂന്‍പ് ജസ്യൂട്ട് പാതിരിമാര്‍ ഉണ്ടാക്കിയ സ്‌കൂളുകളും ഉണ്ട് കേരളത്തില്‍.

മുന്‍പ് ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയായിരുന്ന റിയാസ് കോമു പറഞ്ഞിരുന്നു- ബിനാലെ വേണണെങ്കില്‍ തെങ്ങിന്റെ മണ്ടയിലും നടത്തും എന്ന്. അതാണ് സ്പിരിറ്റ്. അല്ലെങ്കില്‍ തന്നെ ഇന്‍സ്റ്റലേഷന്‍ എന്നു പറയുന്നത് സൈറ്റ് സ്‌പെസിഫിക് അല്ലേ ?