- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി; കോടതിയുടെ നീക്കം നാളെ സിനിമ റിലീസ് ചെയ്യാനിരിക്കവേ; റിലീസ് തടഞ്ഞത് 15 ദിവസത്തേക്ക്; സിനിമ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്നും കോടതിയുടെ നിരീക്ഷണം; സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും ഹൈക്കോടതി
കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി പറഞ്ഞു.
ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ'ദ കേരള സ്റ്റോറി 2' നാളെ റിലീസ് ചെയ്യാനാകില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിലാണ് ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് 'ദ കേരള സ്റ്റോറി 2', കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
തീവ്രവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താന്‍ ഈ സിനിമ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിയല്‍ സെന്‍സര്‍ ബോര്‍ഡ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാക്യ നാരായണന്‍ സിംഗിന്റെ അവകാശവാദം.
ചിത്രം ഹൈക്കോടതി കാണുന്നതില്‍ എതിര്‍പ്പറിയിച്ച് നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ സത്യവാങ്മൂലം നല്‍കിയിരുന്നു. ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ് നിര്‍മാതാവ് വാദിച്ചു. അതിനുമുകളില്‍ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിര്‍മാതാവ് സത്യവാങ്മൂലത്തില്‍ വാദിച്ചു.
ചിത്രത്തിന്റെ പേര് മാറ്റാന്‍ കഴിയില്ലെന്ന് നിര്‍മാതാവ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പേരിലെ 'ഗോസ് ബിയോണ്ട്' അതിനെയാണ് സൂചിപ്പിക്കുന്നത്. ടീസറില്‍ മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള ദേശീയമായ പ്രതിഭാസത്തേയാണ് ടീസറില്‍ കാണിക്കുന്നത്. കേരളത്തില്‍ മാത്രമുള്ളതല്ല. ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
രണ്ടുമിനിറ്റ് ടീസര്‍ കണ്ടുകൊണ്ട് ചിത്രത്തെ വിലയിരുത്താന്‍ പറ്റില്ല. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹര്‍ജി വൈകിയാണ് ഫയല്‍ ചെയ്തത്. ടീസര്‍ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ പൂര്‍ണമായും മുഖവിലക്കെടുത്തില്ല.
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയിലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും സമ്മതമില്ലാതെ ബീഫ് വായില്‍ വച്ച് കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് ചിത്രത്തിന്റെ ട്രെയിലറിനെതിരെ ഉയര്‍ന്നുവരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ഇത് വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.


